ഇന്നത്തെ ഇന്ത്യയില്‍ ഞാന്‍ ഉറക്കെ ഉച്ചരിക്കാന്‍ ആഗ്രഹിക്കുന്ന രണ്ട് വാക്കുകളാണ് അല്ലാഹു അക്ബര്‍: സാറ ജോസഫ്
Kerala News
ഇന്നത്തെ ഇന്ത്യയില്‍ ഞാന്‍ ഉറക്കെ ഉച്ചരിക്കാന്‍ ആഗ്രഹിക്കുന്ന രണ്ട് വാക്കുകളാണ് അല്ലാഹു അക്ബര്‍: സാറ ജോസഫ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 9th February 2022, 1:10 pm

തൃശൂര്‍: കര്‍ണാടകയിലെ ഹിജാബ് നിരോധനവുമായി ബന്ധപ്പെട്ട് നടക്കുന്ന സംഭവങ്ങളില്‍ പ്രതികരണവുമായി എഴുത്തുകാരിയും സാമൂഹ്യപ്രവര്‍ത്തകയുമായ സാറ ജോസഫ്. ഭയം നിറഞ്ഞ ഇന്നത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍ ഉറക്കെ ഉച്ചരിക്കാന്‍ ആഗ്രഹിക്കുന്ന രണ്ട് വാക്കുകളാണ് അല്ലാഹു അക്ബര്‍ എന്നാണ് സാറ ജോസഫ് ഫേസ്ബുക്കില്‍ എഴുതിയത്.

കര്‍ണാടകയിലെ ഒരു കോളേജില്‍ ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ത്ഥിനിയെ തീവ്ര ഹിന്ദുത്വ സംഘടനകളില്‍ പെട്ട കോളേജിലെ തന്നെ വിദ്യാര്‍ത്ഥികള്‍ തടയാന്‍ ശ്രമിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം ഏറെ ചര്‍ച്ചയായിരുന്നു. കാവി ഷാള്‍ അണിഞ്ഞുകൊണ്ട് ജയ് ശ്രീരാം എന്ന് ആക്രോശിച്ചെത്തിയ ഈ സംഘത്തിന് നേരെ അല്ലാഹു അക്ബര്‍ എന്ന് ഈ പെണ്‍കുട്ടി തിരിച്ചു വിളിക്കുകയായിരുന്നു.

ജയ് ശ്രീരാം മുറവിളി കൂട്ടിയവര്‍ക്കരികിലൂടെ ഒറ്റയ്ക്ക് ക്ലാസിലേക്ക് നടന്നുനീങ്ങുന്ന പെണ്‍കുട്ടിയുടെ വീഡിയോ രാഷ്ട്രീയ നേതാക്കളും സാമൂഹ്യ പ്രവര്‍ത്തകരുമെല്ലാം പങ്കുവെച്ചിരുന്നു. സംഘപരിവാര്‍ രാജ്യത്ത് സൃഷ്ടിക്കുന്ന വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും ഏറ്റവും ഭീതിദമായ അവസ്ഥയാണ് സ്വന്തം സഹപാഠികളില്‍ നിന്നും ആ പെണ്‍കുട്ടിക്ക് നേരിടേണ്ടി വന്നതെന്നും പലരും ചൂണ്ടിക്കാണിച്ചിരുന്നു.

അതേസമയം ഉഡുപ്പി, ശിവമോഗ, ബഗാല്‍കോട്ട എന്നിവടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് വിവാദം സംഘര്‍ഷഭരിതമായ നിലയിലേക്ക് എത്തിയതോടെ പൊലീസും അധികൃതരും ഇടപെട്ടു.

ജനുവരിയിലാണ് ഹിജാബ് വിവാദം ആരംഭിച്ചത്. ഉഡുപ്പിയിലെ പി.യു കോളേജിലെ ആറ് വിദ്യാര്‍ത്ഥിനികളെ ഹിജാബ് ധരിക്കുന്നതിന്റെ പേരില്‍ സ്‌കൂളിന് പുറത്തുപോകാന്‍ അധികൃതര്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് ഈ വിദ്യാര്‍ത്ഥിനികള്‍ കോടതിയെ സമീപിച്ചു.

കഴിഞ്ഞ ദിവസം ഹരജികള്‍ പരിഗണിക്കവേ കോളേജിലെ ഹിജാബ് നിരോധനത്തെ കര്‍ണാടക ഹൈക്കോടതി ചോദ്യം ചെയ്തിട്ടുണ്ട്. എന്നാല്‍ ഹരജിയില്‍ കോടതി അന്തിമ വിധി പ്രഖ്യാപിച്ചിട്ടില്ല.

ഹിജാബ് ധരിച്ച വിദ്യാര്‍ത്ഥികള്‍ കോളേജിന് പുറത്തുതന്നെ നില്‍ക്കട്ടെ എന്ന നിലപാടാണ് ഇപ്പോഴും കോളേജുകള്‍ സ്വീകരിച്ചിരിക്കുന്നത്. കോളേജിന്റെ നിലപാടിനെതിരെ വിദ്യാര്‍ത്ഥിനികള്‍ സമരം തുടരുകയാണ്.

അതേസമയം ഹിജാബ് വിവാദത്തില്‍ കോളേജിന്റെ നടപടിയെ എതിര്‍ത്ത് സമരം ആരംഭിച്ച ആറ് വിദ്യാര്‍ത്ഥിനികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കുമെതിരെയും പൊലീസ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്രയുടെ നിര്‍ദേശത്തെത്തുടര്‍ന്നാണ് അന്വേഷണം നടത്തുന്നത്. വിദ്യാര്‍ത്ഥിനികള്‍ക്കും രക്ഷിതാക്കള്‍ക്കും ഏതെങ്കിലും സംഘടനകളുമായി ബന്ധമുണ്ടോ എന്നാണ് പൊലീസ് അന്വേഷിക്കുന്നത്.

വിദ്യാര്‍ത്ഥിനികള്‍ ഏതെങ്കിലും യോഗങ്ങളില്‍ പങ്കെടുത്തിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിന് പുറമെ ഇവരുടെ ഫോണ്‍രേഖകളും പൊലീസ് ശേഖരിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഹിജാബ് വിഷയത്തില്‍ സമരം ചെയ്യുന്നത് തീവ്രവാദബന്ധമുള്ള സംഘടനകളാണെന്നാണ് കര്‍ണാടക സര്‍ക്കാര്‍ ആരോപിക്കുന്നത്.

ഫെബ്രുവരി ആദ്യ വാരത്തില്‍ ഉഡുപ്പിയിലെ കുന്ദാപുരയിലെ പ്രീ യൂണിവേഴ്‌സിറ്റി കോളേജിലും ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ത്ഥികളെ ക്ലാസില്‍ പ്രവേശിപ്പിക്കാനാകില്ലെന്ന് കോളേജ് അധികൃതര്‍ തീരുമാനിച്ചിരുന്നു. ഈ സംഭവമാണ് ഹിജാബ് നിരോധനവുമായി ബന്ധപ്പെട്ട് കര്‍ണാടകയില്‍ നടക്കുന്ന സംഭവങ്ങള്‍ വീണ്ടും ചര്‍ച്ചയിലേക്ക് കൊണ്ടുവന്നത്.


Content Highlight: Sara Joseph comments on the recent Hijab ban raw in Karnataka and supports the Hijab girl