സാറാ ജോസഫ് നെഹ്‌റുവിന്റെ 'ഭാര്യ' ബുധിനിയെ കണ്ടു; അതെ, അവര്‍ ജീവിച്ചിരിപ്പുണ്ട്!!!
Kerala
സാറാ ജോസഫ് നെഹ്‌റുവിന്റെ 'ഭാര്യ' ബുധിനിയെ കണ്ടു; അതെ, അവര്‍ ജീവിച്ചിരിപ്പുണ്ട്!!!
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 9th July 2019, 11:14 am

 

‘മുഷിഞ്ഞു മങ്ങിയ വെള്ള നിറമുള്ള ചുളിഞ്ഞ ലോലമായ പരുത്തി സാരി ബംഗാളി സ്ത്രീകളുടെ രീതിയില്‍ ഉടുത്തിരിക്കുന്നു. നദിയെ അണിഞ്ഞവള്‍’ 60ാം വയസില്‍ മരിച്ചുപോയവള്‍ എന്നു വിശ്വസിച്ച തന്റെ നോവലിലെ കഥാപാത്രം ബുധിനിയെ ആദ്യമായി നേരിട്ടുകണ്ടത് വിവരിക്കുകയാണ് എഴുത്തുകാരി സാറാ ജോസഫ്. മാതൃഭൂമി ആഴ്ചപതിപ്പിലെഴുതിയ കുറിപ്പിലാണ് സാറാ ജോസഫ് ബുധിനിയുമായുള്ള കൂടിക്കാഴ്ച വിവരിക്കുന്നത്.

ബുധിനിയുടെ ജാര്‍ഖണ്ഡിലെ വീട്ടിലായിരുന്നു കൂടിക്കാഴ്ച. ”ട്രൈബല്‍ വൈഫ് ഓഫ് നെഹ്‌റുവെന്നാണ് ബുധിനിയെ മാധ്യമങ്ങള്‍ വിശേഷിപ്പിച്ചത്. അതിനു പിന്നില്‍ ഒരു കഥയുണ്ട്. 1959 ഡിസംബര്‍ ആറിന് ഇന്ത്യന്‍ പ്രധാനമന്ത്രി നെഹ്‌റുവുമായുള്ള കൂടിക്കാഴ്ചയാണ് സാന്താള്‍ വംശജയായ ബുധിനിയുടെ ജീവിതം മാറ്റിമറിച്ചത്.

അന്ന് ദാമോദര്‍വാലി കോര്‍പ്പറേഷനിലെ ജോലിക്കാരിയായിരുന്നു ബുധിനി. നെഹ്‌റുവിന്റെ സ്വപ്‌ന പദ്ധതിയായിരുന്ന ദാമോദര്‍നദിയില്‍ പണിത പാഞ്ചേത്ത് അണക്കെട്ട് ഉദ്ഘാടനം ചെയ്തത് ബുധിനിയെന്ന തൊഴിലാളി സ്ത്രീയായിരുന്നു. വേദിയിലെത്തിയ ബുധിനിയെ നെഹ്‌റു ഹാരമണിയിച്ചു സ്വീകരിച്ചു. പ്രധാനമന്ത്രിയുടെ സാന്നിധ്യത്തില്‍ ബുധിനി ഡാം നാടിനു സമര്‍പ്പിക്കുകയും ചെയ്തു.

എന്നാല്‍ ഈ സംഭവം ബുധിനിയുടെ ജീവിതത്തെ തന്നെയാണ് മാറ്റിമറിച്ചത്. സാന്താള്‍ ഗോത്രാചാര പ്രകാരം പുരുഷന്റെ ഹാരം സാന്താള്‍ സ്ത്രീയ്ക്ക് മംഗല്യഹാരമാണ്. ബുധിനി നെഹ്‌റുവിന്റെ ഭാര്യയാണെന്ന് വിധിച്ച സമുദായം അന്യസമുദായക്കാരനെ വരിച്ചതിന് ബുധിനിയെ ഗോത്രത്തില്‍ നിന്ന് പുറത്താക്കി. അതോടെ ജീവിതം വഴിമുട്ടി.

1962ല്‍ ദാമോദര്‍വാലി കോര്‍പ്പറേഷില്‍ (ഡി.വി.സി) ബുധിനിയെ ജോലിയില്‍ നിന്ന് പുറത്താക്കിയിരുന്നു. പിന്നീട് അവര്‍ എവിടെയായിരുന്നുവെന്നതിനെക്കുറിച്ച് ആര്‍ക്കും ഒരു രൂപവുമുണ്ടായിരുന്നില്ല. മാധ്യമപ്രവര്‍ത്തകായ ചിത്രാ പത്മനാഭന്‍ 2012 ജൂണ്‍ 2ലെ ഹിന്ദു പത്രത്തില്‍ ബുധിനിയെക്കുറിച്ചെഴുതിയ ലേഖനത്തില്‍ അവര്‍ ഒരു വര്‍ഷം മുമ്പ് മരണപ്പെട്ടതായി സുഹൃത്ത് വഴി അറിയാന്‍ കഴിഞ്ഞെന്ന് പരാമര്‍ശിച്ചിരുന്നു. ഇതോടെ ബുധിനി മരണപ്പെട്ടതായി എല്ലാവരും വിശ്വസിച്ചു.

ബുധിനിയെക്കുറിച്ചുള്ള ഈ കേട്ടറവില്‍ നിന്നാണ് ബുധിനിയെന്ന സാറാ ജോസഫിന്റെ നോവല്‍ പിറന്നത്. ഈ നോവല്‍ മാതൃഭൂമി ആഴ്ചപതിപ്പ് പ്രസിദ്ധീകരിച്ചിരുന്നു. നോവല്‍ രചനയ്ക്കുവേണ്ടി ബുധിനി ജീവിച്ച നാടിന്റെ ആത്മാവ് തൊട്ടറിയാനായാണ് സാറാ ജോസഫ് പാഞ്ചേത്തിലേക്കെത്തിയത്. ഈ യാത്രയ്ക്കിടെ ഡി.വി.സിയുടെ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ ആയി ജോലി ചെയ്യുന്ന മലയാളിയായ എം. വിജയകുമാറാണ് സാറാ ജോസഫിനെ ബുധിനിയുടെ അടുത്തെത്തിച്ചത.