31 ശതമാനം പേരുടെ പിന്തുണ മാത്രമുള്ള സര്‍ക്കാര്‍ രാജ്യത്തെ കോടാനുകോടികളെ രാജ്യദ്രോഹികളാക്കുന്നു; സ്വതന്ത്രമായി പേനയെടുക്കാനാകുന്ന അവസ്ഥ ഇല്ലാതാകുമോ എന്നു ഭയപ്പെടുന്നതായും സാറാ ജോസഫ്
Kerala
31 ശതമാനം പേരുടെ പിന്തുണ മാത്രമുള്ള സര്‍ക്കാര്‍ രാജ്യത്തെ കോടാനുകോടികളെ രാജ്യദ്രോഹികളാക്കുന്നു; സ്വതന്ത്രമായി പേനയെടുക്കാനാകുന്ന അവസ്ഥ ഇല്ലാതാകുമോ എന്നു ഭയപ്പെടുന്നതായും സാറാ ജോസഫ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 12th June 2017, 9:47 am

തൃശൂര്‍: സ്വതന്ത്രമായി പേനയെടുക്കാനും സന്തോഷത്തോടെ എഴുതാനിരിക്കാനും കഴിയുന്ന അവസ്ഥ ഇല്ലാതാകുമോയെന്ന ഭയം ഇന്ത്യയില്‍ താനുള്‍പ്പെടെയുള്ള എഴുത്തുകാര്‍ക്കുണ്ടെന്ന് സാറാ ജോസഫ്. രാജ്യത്ത് ഉയര്‍ന്നു വരേണ്ടത് വലിയ ജനാധിപത്യ പ്രതിരോധമാണ്. അഭിപ്രായ ഭിന്നതകള്‍ മാറ്റിവെച്ചുള്ള വലിയ ജനകീയ പ്രതിരോധം. സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വം സ്വീകരിച്ച് നടത്തിയ മറുപടി പ്രസംഗത്തിലാണ് സാറാ ജോസഫ് കേന്ദ്രസര്‍ക്കാരിനും ഇന്ത്യന്‍ ഫാസിസത്തിനുമെതിരെ ആഞ്ഞടിച്ചത്.

നിരാശാഭരിതമാണ് ഇന്ത്യയിലെ ജീവിതം. ഭീഷണമായ അവസ്ഥയിലാണ് രാജ്യംപോകുന്നത്. എതിര്‍പ്പിന്റെ ശബ്ദം ഇല്ലാതാവുന്നു. ഇല്ല എന്നും പറ്റില്ല എന്നും പറയാന്‍ ആരുമില്ലാതാകുന്നു. 31 ശതമാനം പേരുടെ പിന്തുണ മാത്രമുള്ള ഒരു സര്‍ക്കാര്‍ രാജ്യത്തെ കോടാനുകോടികളെ രാജ്യദ്രോഹികളും ചെറുന്യൂനപക്ഷത്തെ രാജ്യസ്‌നേഹികളുമാക്കി മുദ്രകുത്തുന്നു.


Dont Miss കേരളത്തില്‍ 100 ശതമാനം ആധാറെന്ന് മനോരമ; അതെങ്ങനെ 100 ശതമാനമാകും ഞങ്ങളെടുത്തില്ലല്ലോയെന്ന് സോഷ്യല്‍മീഡിയ


സര്‍ക്കാരിന് മുന്നില്‍ ജനതയില്ല. കര്‍ഷകരും ദളിതരും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരുമില്ല. അവര്‍ക്കറിയാവുന്നത് കോര്‍പ്പറേറ്റുകളെ മാത്രമാണ്. കോര്‍പ്പറേറ്റ് ദാസ്യത്തിന് മറപിടിക്കാന്‍ വര്‍ഗീയത ഉപയോഗിക്കുന്നു. യേശുവിനെ പിശാചാക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഭയത്തോടെ തന്നെ നോക്കിക്കാണേണ്ടതാണ്. മൂന്ന് സിനിമകളുടെ പ്രദര്‍ശനം കേന്ദ്രസര്‍ക്കാര്‍ തടഞ്ഞിരിക്കുകയാണ്. ദളിത് വിഷയങ്ങള്‍ പരാമര്‍ശിക്കുന്നതിനാലാണ് ഒന്ന് തടഞ്ഞത്. ഞങ്ങളിത് പ്രദര്‍ശിപ്പിക്കും എന്ന് പറയാനുള്ള ആര്‍ജ്ജവം കാണിക്കണം.

ദളിതനും സ്ത്രീകളും കര്‍ഷകരും പാര്‍ശ്വവത്ക്കരിക്കപ്പെട്ട എല്ലാവരും ചേര്‍ന്നുള്ള മുന്‍കൈയിലാണ് വിമോചനം സാധ്യമാവുക. അതുതടയുകയാണ് കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം. അരുന്ധതി റോയിയെ കശ്മീരില്‍ മനുഷ്യകവചമാക്കണം എന്ന് പറയുന്ന നാടാണിത്. സത്യം വിളിച്ചുപറഞ്ഞതിനാണിത്. എന്നിട്ടും കാര്യമായ പ്രതിഷേധമൊന്നും കേരളത്തില്‍ പോലും ഉയര്‍ന്നില്ല എന്നത് ശ്രദ്ധിക്കപ്പെടേണ്ടതാണെന്നും സാറാ ജോസഫ് പറഞ്ഞു.