[]കൊച്ചി: മലയാളി നഴ്‌സുമാര്‍ക്കെതിരെ ആം ആദ്മി പാര്‍ട്ടി നേതാവ് കുമാര്‍ ബിശ്വാസ് നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ വ്യാപക പ്രതിഷേധം. കുമാര്‍ ബിശ്വാസിന്റേത് സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ തന്നെയാണെന്ന് ആം ആദ്മി അംഗം സാറാ ജോസഫ് വ്യക്തമാക്കി.
“നമ്മളൊക്കെ ആശുപത്രിയില്‍ കിടക്കുമ്പോള്‍ ശുശ്രൂഷിക്കാന്‍ കേരളത്തില്‍ നിന്നുള്ള നഴ്‌സുമാരാണ് ഉണ്ടാകാറ്. അവര്‍ കറുത്ത് പെടച്ചവരാണ്. അതിനാല്‍ അവരെ കാണുമ്പോള്‍ മറ്റ് വികാരങ്ങള്‍ തോന്നില്ല. അതിനാലാണ് നാം അവരെ സിസ്‌റ്റേഴ്‌സ് എന്ന് വിളിക്കുന്നത്.” എന്നായിരുന്നു കുമാര്‍ ബിശ്വാസിന്റെ പരാമര്‍ശം.
കുമാര്‍ ബിശ്വാസിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. കുമാര്‍ ബിശ്വാസിനെതിരെ മാനനഷ്ടകേസ് നല്‍കുമെന്ന് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ അറിയിച്ചിട്ടുണ്ട്.
കുമാര്‍ ബിശ്വാസിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് നഴ്‌സസ് അസോസിയേഷന്‍ പ്രസിഡന്റ് ജാസ്മിന്‍ ഷാ അറിയിച്ചു. വിഷയത്തില്‍ ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാളിന് തുറന്ന കത്തെഴുതാനും യൂണിയന്‍ തീരുമാനിച്ചിട്ടുണ്ട്.
2008 ല്‍ ഒരു പൊതുചടങ്ങില്‍ വെച്ചാണ് കുമാര്‍ ബിശ്വാസ് ഈ പരാമര്‍ശങ്ങള്‍ നടത്തിയത്. 2010 ഈ വിഡിയോ ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്യുകയായിരുന്നു.
വരുന്ന ലോകസഭാ തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിക്കെതിരെ അമേഠിയില്‍ മത്സരിക്കാനിരിക്കുന്ന നേതാവാണ് കുമാര്‍ ബിശ്വാസ്.