|

'കുറ്റാരോപിതര്‍ പുരോഹിതരായതിനാലാണോ അറസ്റ്റ് ചെയ്യാത്തത്?'; ക്രൈസ്തവ സഭകളിലെ പീഡനക്കേസില്‍ സര്‍ക്കാരിനെതിരെ സാറാ ജോസഫ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ക്രൈസ്തവ സഭകളിലെ പീഡനക്കേസുകളില്‍ അറസ്റ്റ് വൈകുന്നതില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് സാറാ ജോസഫ്. കുറ്റാരോപിതര്‍ പുരോഹിതരായതിനാല്‍ അറസ്റ്റ് വൈകിപ്പിക്കുകയാണെന്ന് സാറാ ജോസഫ് ആരോപിച്ചു.

കര്‍ദ്ദിനാള്‍ കുറ്റകൃത്യത്തെ ന്യായീകരിക്കുകയാണെന്നും ആലഞ്ചേരി സഭാധ്യക്ഷനാകാന്‍ യോഗ്യനല്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

നേരത്തെ ഓര്‍ത്തഡോക്സ് വൈദികര്‍ ഉള്‍പ്പെട്ട പീഡനക്കേസില്‍ സാമൂഹിക പ്രത്യാഘാതം അടക്കം പരിശോധിച്ചു മാത്രമേ അറസ്റ്റ് ചെയ്യാന്‍ കഴിയൂ എന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ പറഞ്ഞിരുന്നു. കേസിന്റെ പേരില്‍ നിലവില്‍ ക്രമസമാധാന പ്രശ്നമൊന്നുമില്ല. യുവതിയുടെ മൊഴിയില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ഓരോന്നും പരിശോധിച്ചു തെളിവുകള്‍ ശേഖരിക്കുകയാണ്. മതിയായ തെളിവു ലഭിച്ചാല്‍ മാത്രമേ അറസ്റ്റ് ചെയ്യൂവെന്നും ബെഹ്റ പറഞ്ഞു.

ALSO READ: അഭിമന്യുവിനെ കൊല്ലാന്‍ ദിവസങ്ങള്‍ക്ക് മുന്‍പെ പദ്ധതിയിട്ടു; അഭിമന്യുവുമായി പ്രതി മുഹമ്മദ് തന്ത്രപൂര്‍വ്വം അടുക്കാന്‍ ശ്രമിച്ചു

ഒന്‍പതു വര്‍ഷം മുന്‍പുണ്ടായ കേസാണിത്, ഇതിന്റെ എല്ലാ വശങ്ങളും പരിശോധിക്കാന്‍ സമയം ആവശ്യമാണ്. അന്വേഷണ സംഘം സ്വതന്ത്രമായാണു പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

അന്വേഷണത്തിനു സഹായകരമാകുമെങ്കില്‍ അറസ്റ്റ് ചെയ്യുന്നതില്‍ തെറ്റില്ല. പ്രതികള്‍ക്കു കോടതിയില്‍ പോകാന്‍ അവസരം നല്‍കുന്നതിനാണ് അറസ്റ്റ് വൈകിക്കുന്നതെന്ന ആക്ഷേപത്തിന് അടിസ്ഥാനമില്ല. മതിയായ തെളിവില്ലാതെ അറസ്റ്റ് ചെയ്താലും ഇവര്‍ക്കു കോടതിയില്‍ പോകാം. അപ്പോള്‍ കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ വിട്ടയക്കേണ്ടി വരും. ഡി.ജി.പി വ്യക്തമാക്കി.

അതേസമയം, കുമ്പസാര രഹസ്യം വെളിപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തി യുവതിയെ പീഡിപ്പിച്ചെന്ന കേസില്‍ രണ്ടു വൈദികര്‍ കൂടി ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കിയിട്ടുണ്ട്. ഫാ. ജോണ്‍സണ്‍ വി. മാത്യു, ഫാ. ജെയ്സ് കെ. ജോര്‍ജ് എന്നിവരാണ് ഹരജിക്കാര്‍.

Video Stories