പരസ്പര ബഹുമാനത്തോടെ വേര്‍പിരിയുമ്പോഴാണ് അവ മനോഹരമാകുന്നത്. രണ്ടാകുന്നത് ഒരിക്കലും ഇവിടെ എളുപ്പമാണെന്ന് പറയുന്നില്ല. പക്ഷെ കെട്ടിവരിഞ്ഞ ചങ്ങലയില്‍ നിന്ന് ആത്മാഭിമാനത്തിന്റെ വിജയമധുരം നുകരുമ്പോള്‍ കഴിഞ്ഞ കാലത്തിന്റെ കയ്‌പ്പെല്ലാം അലിയും. മുന്‍ പങ്കാളിയുടെ പേഴ്‌സണല്‍ സ്‌പേസില്‍ ഇടപെടാതെ അവരുടെ വളര്‍ച്ച കണ്ട് ആസ്വദിക്കുമ്പോള്‍ ആത്മസംതൃപ്തി ലഭിക്കും.
ഒരാണും ഒരു പെണ്ണും. ഒട്ടും സംതൃപ്തരല്ലാതെ കുടുംബ ജീവിതം മുന്നോട്ട് നയിക്കുന്നു. നാട്ടുകാരെ ഭയന്ന്, വീട്ടുകാരെ ഭയന്ന്, നാട്ടിലെ പട്ടിയെയും പൂച്ചയേയും ഭയന്ന് മനസുകൊണ്ട് ഒരു ആയിരം കാതം അകന്നാലും വീര്‍പ്പുമുട്ടി ജീവിക്കുന്നു. അസന്തുഷ്ടരായി ജീവിച്ച് ജീവിച്ച് അവര്‍ക്ക് ജീവിതം തന്നെ മടുത്തുതുടങ്ങും. ഒടുക്കം അവര്‍ പിരിയാന്‍ തീരുമാനിച്ചു.
അച്ഛന്റെ വക ഉപദേശം, അമ്മയുടെ വക ഉപദേശം, കുടുംബങ്ങള്‍ അകലുന്നു, മിത്രങ്ങള്‍ ശത്രുക്കള്‍ ആകുന്നു, ചുറ്റും മുറുമുറുപ്പും പല്ലുകടിയും കുറ്റപ്പെടുത്തലും.. സഹിക്കവയ്യാതെ അവര്‍ വീണ്ടും ഒന്നിക്കുന്നു. ആഹാ എത്ര മനോഹരമായ ദാമ്പത്യം!
മറ്റുള്ളവരുടെ കമന്റുകളെ ഭയന്ന് ഉള്ളുകൊണ്ട് അകന്ന രണ്ടുപേരും അവരുടെ മക്കളും ഒരു കൂരയുടെ താഴെ വര്‍ഷങ്ങളോളം ജീവിച്ച് തീര്‍ക്കുന്നത് ആലോച്ചു നോക്കൂ. ഏതുനേരവും വഴക്കും പരാതികളും കുറ്റങ്ങളും നിറയുന്ന ആ വീട്ടില്‍ വളരുന്ന കുട്ടികളെ കുറിച്ച് ആലോച്ചു നോക്കൂ. എത്ര ഭയാനകം ആണല്ലേ!
ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്ന എഴുത്തുകാരി വി.കെ ദീപയുടെ ഫേസ്ബുക്ക് പോസ്റ്റ് കഴിഞ്ഞ ദിവസം കാണാന്‍ ഇടയായി. സാറാ അലിഖാന്റെ ഒരു ഇന്റര്‍വ്യൂവും അതില്‍ സാറയുടെ ഉത്തരങ്ങളുമാണ് പോസ്റ്റിന് ഇതിവൃത്തം. ചോദ്യങ്ങളെല്ലാം സാറയുടെ പിതാവായ സെയ്ഫ് അലിഖാന്റേയും അമ്മ അമൃത സിങ്ങിനെയും വേര്‍പിരിയലിനെ കുറിച്ചാണ്.
താങ്കളുടെ അബ്ബ, കരീന കപൂറിനെ വിവാഹം കഴിക്കുകയാണ് എന്നറിഞ്ഞപ്പോള്‍ വിഷമം തോന്നിയോ..? എന്നായിരുന്നു സാറാ അലി ഖാനോടുള്ള അവതാരകന്റെ ആദ്യത്തെ ചോദ്യം.
എന്തിന്? ഏത് നിമിഷവും പൊട്ടിത്തെറിക്കാവുന്ന അണ്‍കംഫര്‍ട്ടബിള്‍ ആയ ഒരു വീടിന് പകരം എനിക്കും അനിയനും സന്തോഷത്തോടെ ജീവിക്കാനും കയറിച്ചെല്ലാനും ഉള്ള രണ്ട് വീടുകളാണ് ആ വിവാഹമോചന തീരുമാനത്തോടെ ഉണ്ടായത്. അതില്‍ എന്തിനാണ് വേദനിക്കുന്നത്.?
എന്നാല്‍ വേണ്ട ഉത്തരം ലഭിക്കാത്ത നമ്മളില്‍ ഒരാളായ ആ അവതാരകന് ഉത്തരം ബോധ്യപ്പെട്ടില്ല.
അമ്മ ഇപ്പോഴും അബ്ബയെ വിളിക്കാറുണ്ടോ? അബ്ബയുടെ വിവാഹത്തെ പറ്റി അമ്മ എന്തെങ്കിലും സ്വകാര്യവേദനകള്‍ മക്കളായ നിങ്ങളോട് പങ്കുവെച്ചിരുന്നോ? എന്നായി അടുത്ത ചോദ്യങ്ങള്‍. അതിന് വളരെ രസകരമായ മറുപടിയായിരുന്നു ബോളിവുഡിലെ താരറാണിയായ സാറയുടെ കയ്യിലുണ്ടായിരുന്നത്.
പരസ്പരം മടുത്ത് ഇനിയൊരു നിമിഷം ഒരുമിച്ച് ജീവിക്കണ്ട എന്ന് തോന്നി പിരിഞ്ഞവര്‍ പിന്നെന്തിനാണ് പരസ്പരം വിളിക്കുന്നത്?
മറ്റൊരു സ്ത്രീ അബ്ബയുടെ ജീവിതത്തില്‍ വരുമ്പോള്‍ അമ്മ വീണ്ടും അബ്ബയെ വിളിക്കുന്നത് ആ സ്ത്രീയ്ക്ക് ബുദ്ധിമുട്ടാവും എന്ന് തിരിച്ചറിയാനുള്ള വിവേകം അമ്മയ്ക്ക് ഉണ്ട്.
പിന്നെ അബ്ബയുടെ രണ്ടാം വിവാഹത്തില്‍ എന്തിനാണ് അമ്മ വേദനിക്കുന്നത്? അമ്മയ്ക്ക് വേണ്ടാഞ്ഞിട്ടല്ലേ ബന്ധം അവസാനിപ്പിച്ചത്. പിരിഞ്ഞ ആ നിമിഷം തൊട്ട് അബ്ബ അമ്മയ്ക്ക് മറ്റേതൊരു വ്യക്തിയും പോലെ ഒരു സാധാരണ ആള്‍ ആണ്. ആ ആള്‍ പിന്നെ എന്തു ചെയ്താല്‍ അമ്മയ്ക്ക് എന്താണ്.. എന്നാല്‍ ഞങ്ങള്‍ മക്കള്‍ക്ക് അബ്ബയോടും അബ്ബയ്ക്ക് തിരിച്ചു ഞങ്ങളോടും ഉള്ള ബന്ധത്തെ അമ്മ ബഹുമാനിക്കുകയും അതില്‍ ഞങ്ങള്‍ക്ക് സര്‍വ്വസ്വാതന്ത്ര്യവും അനുവദിക്കുകയും ചെയ്തു.’
എത്ര മനോഹരമാണല്ലേ സാറയുടെ മറുപടി. പ്രണയം പോലെ വിവാഹം പോലെ ചില വേര്‍പിരിയലുകളും മനോഹരമാകുന്നത് പക്വതയോടെ അവയെ സമീപിക്കുമ്പോഴാണ്.
രണ്ടുപേര്‍ വേര്‍പിരിയുമ്പോള്‍ ആരാണ് തെറ്റുകാരെന്ന് കണ്ടുപിടിക്കാന്‍ സമൂഹം വ്യഗ്രത കൊള്ളാത്ത കാലം വരുമ്പോള്‍ വേര്‍പിരിയലുകളും മനോഹരമാകും.
കലഹിച്ചും പഴിചാരിയും പ്രാകിയും എന്നും ഇനി മുന്നോട്ട് പോകാന്‍ കഴിയില്ല എന്നറിയുന്ന സമയത്ത് ചുറ്റുപാടിലെ മനുഷ്യരുടെ സര്‍ട്ടിഫിക്കേഷനെ ഭയന്ന് എരിഞ്ഞ് ജീവിക്കുന്നത് എന്തിനാണെന്ന് പോസ്റ്റില്‍ ചോദിക്കുന്നു. ശരിയല്ലേ. ജീവിതത്തില്‍ ഒരിടത്തുതന്നെ സ്റ്റക്കായി തളച്ചിട്ടപോലെ നില്‍ക്കുന്നതിലും എത്രയോ നല്ലതല്ലേ ഒന്നിച്ച് ജീവിച്ചാല്‍ രണ്ടുപേര്‍ക്കും ഗുണത്തേക്കാള്‍ ഉപരി ദോഷമാണെന്ന തിരിച്ചറിവില്‍ ബഹുമാനത്തോടെ പിരിഞ്ഞ് ജീവിക്കുന്നത്.
പരസ്പര ബഹുമാനത്തോടെ വേര്‍പിരിയുമ്പോഴാണ് അവ മനോഹരമാകുന്നത്. രണ്ടാകുന്നത് ഒരിക്കലും ഇവിടെ എളുപ്പമാണെന്ന് പറയുന്നില്ല. പക്ഷെ കെട്ടിവരിഞ്ഞ ചങ്ങലയില്‍ നിന്ന് ആത്മാഭിമാനത്തിന്റെ വിജയമധുരം നുകരുമ്പോള്‍ കഴിഞ്ഞ കാലത്തിന്റെ കയ്‌പ്പെല്ലാം അലിയും. മുന്‍ പങ്കാളിയുടെ പേഴ്‌സണല്‍ സ്‌പേസില്‍ ഇടപെടാതെ അവരുടെ വളര്‍ച്ച കണ്ട് ആസ്വദിക്കുമ്പോള്‍ ആത്മസംതൃപ്തി ലഭിക്കും.
ഈ തിരിച്ചറിവ് വന്ന എത്രയോ പ്രോഗ്രസ്സീവായ ‘സെയ്ഫ് അലിഖാനും അമൃത സിങ്ങും’ നമുക്ക് ചുറ്റുമുണ്ട്. ഇവരെ അംഗീകരിക്കുന്ന, അന്യന്റെ സ്വകാര്യത്തെ ബഹുമാനിക്കുന്ന ഒരു സമൂഹവും വളര്‍ന്ന് വരുന്നുണ്ട്. ഇവയെല്ലാം നല്‍കുന്നത് വിവാഹം പോലെ അംഗീകരിക്കേണ്ടപ്പെടേണ്ട ബഹുമാനിക്കേണ്ട ഒന്നാണ് വേര്‍പിരിയലും എന്നാണ്. എല്ലാത്തിനും അടിസ്ഥാനം മെന്റല്‍ ഹെല്‍ത്ത് ആണെന്ന ബോധ്യവുമാണ്.
Content Highlight: Sara Ali Khan’s Perspective On Divorce Of Her Parents