എസ്.എ.ആര്‍ ഗിലാനിക്ക് ജാമ്യം
Daily News
എസ്.എ.ആര്‍ ഗിലാനിക്ക് ജാമ്യം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 19th March 2016, 2:44 pm

gilaniന്യൂദല്‍ഹി: രാജ്യദ്രോഹക്കുറ്റം ആരോപിച്ച് അറസ്റ്റു ചെയ്ത ദല്‍ഹി യൂണിവേഴ്‌സിറ്റി മുന്‍ ലക്ചറര്‍ എസ്.എ.ആര്‍ ഗിലാനിക്ക് ജാമ്യം. പാട്യാല ഹൗസ് കോടതിയാണ് ജാമ്യം അനുവദിച്ചത്.

ഫെബ്രുവരി 10ന് പ്രസ് ക്ലബില്‍ സംഘടിപ്പിച്ച ഒരു പരിപാടിയുമായി ബന്ധപ്പെട്ടാണ് ഗിലാനിയെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റു ചെയ്തത്.

ഗിലാനി സംഘടിപ്പിച്ച പരിപാടി ഇന്ത്യയുടെ ആത്മാവിനെതിരായ ആക്രമണമാണെന്നും കോടതിയലക്ഷ്യമാണെന്നും പറഞ്ഞ് ദല്‍ഹി പോലീസ് ജാമ്യഹര്‍ജിയെ എതിര്‍ത്തു. എന്നാല്‍ ഗിലാനി ഇന്ത്യാവിരുദ്ധ മുദ്രാവാക്യം വിളിച്ചതിന് തെളിവില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ വാദിച്ചു. സുപ്രീം കോടതിയുടെ വിധിയെ വിമര്‍ശിക്കുന്നത് കോടതിയലക്ഷ്യമാകില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

“ഗിലാനി ഇന്ത്യാവിരുദ്ധ മുദ്രാവാക്യം വിളിച്ചതിനോ മറ്റുള്ളവരെ അതിനു പ്രേരിപ്പിച്ചതിനോ തെളിവില്ല. കശ്മീര്‍ പ്രശ്‌നം ചര്‍ച്ച ചെയ്യാനായി ബുദ്ധിജീവികള്‍ സംഘടിപ്പിച്ച യോഗമായിരുന്നു അത്.”

“ഗിലാനി ഇന്ത്യാവിരുദ്ധ മുദ്രാവാക്യം വിളിച്ചതിനോ മറ്റുള്ളവരെ അതിനു പ്രേരിപ്പിച്ചതിനോ തെളിവില്ല. കശ്മീര്‍ പ്രശ്‌നം ചര്‍ച്ച ചെയ്യാനായി ബുദ്ധിജീവികള്‍ സംഘടിപ്പിച്ച യോഗമായിരുന്നു അത്. രാഷ്ട്രീയ തടവുകാരുടെ മോചനം ആവശ്യപ്പെടുന്ന കമ്മിറ്റിയുടെ വൈസ് പ്രസിഡന്റുമാരില്‍ ഒരാളെന്ന നിലയിലാണ് ഞാന്‍ ഈ പരിപാടി സംഘടിപ്പിച്ചത്. ” ഗിലാനി കോടതിയെ അറിയിച്ചു.

“ആക്രമണത്തിലേക്ക് നയിക്കുന്നതോ അതിന് പ്രേരിപ്പിക്കുന്നതോ ആയ ഒന്നും ആ പരിപാടിയില്‍ ഉണ്ടായിരുന്നില്ല. ഞാന്‍ മുദ്രാവാക്യം മുഴക്കിയവരില്‍ ഒരാളെന്നോ ആരോടെങ്കിലും അതിന് ആവശ്യപ്പെട്ടിട്ടുണ്ടെന്നോ പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടിയിട്ടുമില്ല. ഇനി ഞാനങ്ങനെ ചെയ്‌തെങ്കില്‍ തന്നെ ആക്രമണസംഭവങ്ങള്‍ ഉണ്ടാവാത്തിനാലും അതിന് പ്രേരിപ്പിക്കാത്തത് കൊണ്ടും അത് 124 എ നിയമത്തിന് കീഴില്‍ വരികയുമില്ല. ”

മുദ്രാവാക്യങ്ങള്‍ 124 എ നിയമത്തിന് കീഴില്‍ വരില്ലെന്ന് സുപ്രീംകോടതി തന്നെ ഉത്തരവിട്ടിട്ടുണ്ടെന്നും ഗിലാനിയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ പറഞ്ഞു.

പ്രസ്‌ക്ലബില്‍ നടന്ന പരിപാടിക്കിടെ ഒരു കൂട്ടം ആളുകള്‍ അഫ്‌സല്‍ഗുരുവിനെ വാഴ്ത്തി മുദ്രാവാക്യം വിളിച്ചുവെന്നാരോപിച്ചാണ് ഐപിസി സെക്ഷന്‍ 124എ- തീവ്രവാദകുറ്റം, 120 ബി (കുറ്റകരമായ ഗൂഢാലോചന, 149( നിയമവിരുദ്ധമായ സംഘംചേരല്‍) തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി ഗിലാനിക്കെതിരെയും മറ്റ് പേരറിയാത്ത ചിലര്‍ക്കെതിരെയും പോലീസ് കേസെടുത്തത്.