ന്യൂദല്‍ഹി: പാര്‍ലമെന്റ് ആക്രമണക്കേസില്‍ കുറ്റാരോപിതനായ അഫ്‌സല്‍ ഗുരുവിന്റെ വധശിക്ഷയെ അപലപിച്ച് കേസില്‍ നേരത്തേ കുറ്റവിമുക്തനായ ദല്‍ഹി സര്‍വകലാശാലാ കോളജ് അധ്യാപകന്‍ എസ്.എ.ആര്‍. ഗീലാനി രംഗത്ത്.[]
അഫ്‌സല്‍ ഗുരുവിന്റെ ഭാര്യ തബസ്സുമിനെ പോലും വിവരമറിയിക്കാതെ അതീവ രഹസ്യമായി അദ്ദേഹത്തിന്റെ വധശിക്ഷ നടപ്പാക്കിയത് ചോദ്യം ചെയ്യപ്പെടേണ്ടതാണെന്ന് ഗീലാനി പറഞ്ഞു.
അദ്ദേഹത്തിന്റെ മൃതദേഹം കുടുംബത്തിന് നല്‍കാതെ ജയില്‍ വളപ്പില്‍ തന്നെ സംസ്‌കരിച്ചതും അപലപനീയമാണ്.
ഇത് കടുത്ത മനുഷ്യാവകാശലംഘനവും നിയമസംവിധാനത്തിന്റെ ലംഘനവുമാണെന്നും ഗീലാനി കുറ്റപ്പെടത്തി.
ചാനലുകളില്‍ വാര്‍ത്ത വന്നപ്പോള്‍ മാത്രമാണ് അഫ്‌സല്‍ ഗുരുവിന്റെ ഭാര്യ മരണ വിവരം അറിയുന്നത്. അഫ്‌സല്‍ ഗുരുവിന്റെ ദയാഹരജി തള്ളിയ വിവരം ഭാര്യയെ പോലും അറിയിച്ചിരുന്നില്ലെന്നും ഗീലാനി ആരോപിച്ചു.
ഭാര്യയാണ് 2006ല്‍ തന്റെ ഭര്‍ത്താവിനുവേണ്ടി രാഷ്ട്രപതിക്ക് ദയാഹര്‍ജി സമര്‍പ്പിച്ചത്. അതുകൊണ്ടുതന്നെ അതു തള്ളിയ വിവരം അവരെ അറിയിക്കാനുള്ള ബാധ്യത സര്‍ക്കാരിന് ഉണ്ടായിരുന്നു. അഫ്‌സല്‍ ഗുരുവിന്റെ ദയാഹരജി തള്ളിയ നടപടിയെ പുന:പരിശോധിക്കാനുള്ള അവസരം പോലും നല്‍കിയില്ലെന്നും ഗീലാനി പറഞ്ഞു.
വിചാരണക്കോടതി വധശിക്ഷയ്ക്കു വിധിച്ച ദല്‍ഹി സര്‍വകലാശാലാ കോളജ് അധ്യാപകന്‍ എസ്.എ.ആര്‍. ഗീലാനിയെ സുപ്രീം കോടതി വെറുതെ വിട്ടിരുന്നു. കേസിലെ മറ്റൊരു പ്രധാന പ്രതി ഷൗക്കത്ത് ഹുസൈന്‍ ഗുരുവിന്റെ വധശിക്ഷ 10 വര്‍ഷം കഠിന തടവായി കുറക്കുകയും ചെയ്തിരുന്നു.
2001 ഡിസംബര്‍ 13ലെ പാര്‍ലമെന്റ് ആക്രമണത്തിന്റെ ഗൂഢാലോചന നടത്തിയതിന് 2002 ഡിസംബര്‍ 18ന് ആണ് അഫ്‌സല്‍ ഗുരുവിന് വധശിക്ഷ വിധിച്ചത്. ഇത് 2003 ഒക്‌ടോബര്‍ 29ന് ഹൈകോടതിയും 2005 ആഗസ്റ്റ് നാലിന് സുപ്രീം കോടതിയും ശരിവച്ചു.
2006 ഒക്‌ടോബര്‍ 20ന് തിഹാര്‍ ജയിലില്‍ വധശിക്ഷ നടപ്പാക്കാനായിരുന്നു ഉത്തരവ്. എന്നാല്‍ ഇതിനിടെ അഫ്‌സല്‍ ഗുരു രാഷ്ട്രപതിക്ക് ദയാഹരജി സമര്‍പ്പിച്ചിരുന്നെങ്കിലും കഴിഞ്ഞ ഫെബ്രുവരി മൂന്നിന് ദയാഹരജി രാഷ്ട്രപതി തള്ളുകയായിരുന്നു.