ന്യൂദല്‍ഹി: ദല്‍ഹി പ്രസ്‌ക്ലബില്‍ അഫ്‌സല്‍ ഗുരു അനുമസ്മരണ പരിപാടി സംഘടിപ്പിച്ച ദല്‍ഹി സര്‍വകലാശാല മുന്‍ പ്രൊഫസര്‍ എസ്.എ.ആര്‍ ഗീലാനിയെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. വ്യാഴാഴ്ച ഗീലാനിയുടെ രണ്ട് ദിവസത്തെ കസ്റ്റഡി കാലാവധി അവസാനിച്ച സാഹചര്യത്തിലാണ് കസ്റ്റഡി നീട്ടിയത്. ദല്‍ഹി ചാണക്യപുരിയിലുള്ള നയതന്ത്ര സുരക്ഷാ കേന്ദ്രത്തില്‍ മജിസ്‌ട്രേറ്റിന് മുന്‍പാകെ രഹസ്യമായാണ് പോലീസ് അദ്ദേഹത്തെ ഹാജരാക്കിയത്.
ബുധനാഴ്ച പാട്യാല ഹൗസ് കോടതിക്ക് സമീപമുണ്ടായത് പോലെയുള്ള സംഘര്‍ഷം ഒഴിവാക്കാന്‍ മജിസ്‌ട്രേറ്റിനോട്
ചാണക്യപുരിയിലെ പോലീസ് കേന്ദ്രത്തിലേക്ക് വരാന്‍ ആവശ്യപ്പെടുകയായിരുന്നു. ഗീലാനിയെ കൂടുതല്‍ ചോദ്യം ചെയ്യാനില്ലെന്ന് പോലീസ് അറിയിച്ചതോടെയാണ് കോടതി അദ്ദേഹത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്.
കസ്റ്റഡി നീട്ടിയ സാഹചര്യത്തില്‍ അദ്ദേഹത്തെ തീഹാര്‍ ജയിലിലേക്ക് മാറ്റും. ഫെബ്രുവരി 10ന് പ്രസ്‌ക്ലബില്‍ നടത്തിയ പരിപാടിയില്‍ ചിലര്‍ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങ മുഴക്കിയിരുന്നു. ചടങ്ങിന്റെ മുഖ്യ സംഘാടകന്‍ ഗീലാനി ആണെന്നും അദ്ദേഹത്തിന്റെ ഇമെയിലില്‍നിന്നാണ് ഹാള്‍ ബുക്കു ചെയ്തതെന്നും പൊലീസ് ആരോപിക്കുന്നു. ചോദ്യം ചെയ്യാന്‍ വിളിച്ചു വരുത്തിയ ഗീലാനിയെ
ചൊവ്വാഴ്ചയായിരുന്നു അറസ്റ്റ് ചെയ്തിരുന്നത്.
അതേ സമയം ഗീലാനി സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് വെള്ളിയാഴ്ച വാദം കേള്‍ക്കും.