| Monday, 12th September 2022, 7:15 pm

ഗാലറിയിലിരുന്ന് വാചകമടിക്കാനെളുപ്പമാണ്, ടീമിന്റെ ഭാഗമാകുമ്പോഴേ ബുദ്ധിമുട്ട് മനസിലാകൂ; ഷൊയ്ബ് അക്തറിന് ചുട്ട മറുപടിയുമായി പാക് ഇതിഹാസം

സ്പോര്‍ട്സ് ഡെസ്‌ക്

ശ്രീലങ്കക്കെതിരായ ഏഷ്യാ കപ്പ് ഫൈനല്‍ മത്സരത്തിന് ശേഷം പാകിസ്ഥാന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മുഹമ്മദ് റിസ്വാനെതിരെ ഒരുപാട് വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ആരാധകരും മുന്‍ ക്രിക്കറ്റ് താരങ്ങളും ഒരുപോലെ അദ്ദേഹത്തെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.

മുന്‍ പാകിസ്ഥാന്‍ പേസര്‍ ഷോയ്ബ് അക്തറും റിസ്വാനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.

പാകിസ്ഥാന്റെ ബാറ്റിങ് കോമ്പിനേഷന്‍ പ്രവര്‍ത്തിക്കുന്നില്ലെന്നും ടീം പല കാര്യങ്ങളും പരിശോധിക്കേണ്ടതുണ്ടെന്നുമാണ് ഷൊയ്ബ് പറഞ്ഞത്. ഫഖര്‍, ഇഫ്തിഖര്‍, കുഷ്ദില്‍ എന്നിവരെയെല്ലാം പരിശോധിക്കേണ്ടതുണ്ടെന്നും റിസ്വാന്റെ 50 പന്തില്‍ 50 റണ്‍സ് ട്വന്റി-20യില്‍ ഇനി പ്രവര്‍ത്തിക്കാന്‍ പോകുന്നില്ലെന്നും അത് പാകിസ്ഥാന് ഗുണം ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു. ശ്രീലങ്കന്‍ ടീമിനെ പ്രശംസിച്ചും അക്തര്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്.

എന്നാല്‍ അതിനെതിരെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് പാകിസ്ഥാന്റെ പരിശീലകന്‍ സഖ്ലൈന്‍ മുഷ്താഖ്. പുറത്തിരിന്ന് അഭിപ്രായങ്ങള്‍ പറയാന്‍ എളുപ്പമാണെന്നും ടീമിലേക്ക് വരുമ്പോള്‍ മാത്രമേ ബുദ്ധിമുട്ടുകള്‍ തിരിച്ചറിയാനാകൂ എന്നുമാണ് മുഷ്താഖ് പ്രതികരിച്ചത്.

”ഞാന്‍ മൂന്ന് വര്‍ഷമായി ഈ മേഖലയില്‍ ജോലി ചെയ്യുന്നുണ്ട്. അതിനാല്‍ കാര്യങ്ങള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് എനിക്കറിയാം. പുറത്തുനിന്ന് അഭിപ്രായം പറയുന്നവര്‍ ക്രിക്കറ്റ് കളിക്കാരുമായി അടുത്ത് പ്രവര്‍ത്തിച്ചാല്‍ മാത്രമേ ടീമിന്റെ ബന്ധത്തെക്കുറിച്ചും പരിസ്ഥിതിയെക്കുറിച്ചും അറിയാന്‍ കഴിയൂ,” മുഷ്താഖ് പറഞ്ഞു.

റിസ്വാനും ഇഫ്തിഖര്‍ അഹമ്മദും (32) മൂന്നാം വിക്കറ്റില്‍ ഏകദേശം 10 ഓവറില്‍ 71 റണ്‍സാണ് നേടിയത്. മധ്യ ഓവറുകളില്‍ കൃത്യമായി ബൗള്‍ ചെയ്ത് ശ്രീലങ്ക പാക് ടീമിനെ സമ്മര്‍ദത്തിലാക്കുകയായിരുന്നു. പതിനേഴാം ഓവറിലായിരുന്നു റിസ്വാന്‍ ക്രീസ് വിട്ടത്. അപ്പോഴേക്കും കളി പാകിസ്ഥാന്റെ കയ്യില്‍ നിന്ന് വഴുതിപ്പോയിരുന്നു.

ആറ് ഇന്നിങ്സില്‍ നിന്നും മൂന്ന് അര്‍ധസെഞ്ച്വറിയടക്കം 281 റണ്‍സ് സ്വന്തമാക്കിയ റിസ്വാനാണ് ഏഷ്യാ കപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയത്. ടി20 റാങ്കിങ്ങില്‍ ഒന്നാമതുള്ള താരം കൂടിയാണ് റിസ്വാന്‍.

മത്സരത്തിനിടെ പരിക്കേറ്റെങ്കിലും ബാറ്റിങ്ങിന് ഇറങ്ങിയ ആസിഫ് അലിയെയും ഷദാബ് ഖാനെയും സഖ്ലൈന്‍ പ്രശംസിച്ചിരുന്നു.

ആസിഫ് കയ്യില്‍ നാല് തുന്നലുകളോടെയാണ് കളിച്ചത്. ഷദാബിന്റെ ചെവിയില്‍ നിന്ന് രക്തം വരുന്നുണ്ടായിരുന്നു. ഫീല്‍ഡിങ്ങിലെ കൂട്ടയിടിക്ക് ശേഷം അയാള്‍ കുഴഞ്ഞുവീണിരുന്നു, ഇതൊന്നും വകവെക്കാതെയാണ് അദ്ദേഹം ബാറ്റ് ചെയ്യാന്‍ പോയത്,’ സഖ്ലൈന്‍ പറഞ്ഞു.

Content Highlight: Saqlain Mushtaq slams Shoib Akthar for judging Muhammed Rizwan

We use cookies to give you the best possible experience. Learn more