| Tuesday, 24th October 2023, 9:58 pm

'പാകിസ്ഥാന്‍ സെമി കടക്കുമെന്നും ലോകകപ്പ് സ്വന്തമാക്കുമെന്നും എനിക്കുറപ്പാണ് '

സ്പോര്‍ട്സ് ഡെസ്‌ക്

ലോകകപ്പില്‍ വന്‍ തോല്‍വിയാണ് പാകിസ്ഥാന്‍ നേരിട്ടുകൊണ്ടിരിക്കുന്നത്. കളിച്ച അഞ്ച് മത്സരത്തില്‍ തുടര്‍ച്ചയായ മൂന്ന് തോല്‍വിയാണ് പാകിസ്ഥാന്‍ നേരിടേണ്ടിവന്നത്.

ലോകകപ്പില്‍ കഴിഞ്ഞ മത്സരത്തില്‍ അഫ്ഗാനിസ്ഥാനെതിരായ തോല്‍വിയും ടൂര്‍ണമെന്റില്‍ പാകിസ്ഥാന്‍ നേരത്തെ പുറത്താവാനുള്ള സാധ്യത ഒരുക്കുകയാണ്.

മുന്‍ മത്സരങ്ങളില്‍ ഇന്ത്യയോടും ഓസ്ട്രേലിയയോടും കനത്ത തോല്‍വിയാണ് പാകിസ്ഥാന്‍ വഴങ്ങിയത്. എന്നാല്‍ മുന്‍ പാകിസ്ഥാന്‍ കോച്ചും ഇതിഹാസ സ്പിന്‍ ബൗളറുമായ സാഖ്ലെയ്ന്‍ മുഷ്താഖ് ടീമില്‍ വിശ്വാസമര്‍പ്പിക്കുകയാണ്.

ഇപ്പോഴും പാകിസ്ഥാന് സെമിയില്‍ കടക്കാനും ലോകകപ്പ് നേടാനും കഴിയുമെന്നാണ് അദ്ദേഹം വിശ്വസിക്കുന്നത്. അതിന് കളിക്കാര്‍ ഒറ്റക്കെട്ടായി നില്‍ക്കാനും രാജ്യത്തിന്റെ അഭിമാനത്തിനായി പോരാടാനും മുഷ്താഖ് അഭ്യര്‍ത്ഥിച്ചു.

‘നിങ്ങള്‍ മോശം സമയങ്ങളിലൂടെയണ് പോകുന്നതെന്ന് എനിക്കറിയാം, പക്ഷേ നിങ്ങള്‍ രാജ്യത്തിന് വേണ്ടി നിലകൊള്ളണം. ഒരുപാട് വെല്ലുവിളികള്‍ നേരിട്ട് സ്വയം രൂപപ്പെടുത്തിയതാണ് എല്ലാ കളിക്കാരും ഇന്ന് കാണുന്ന നിലയിലെത്തിയത്.

എനിക്കുറപ്പാണ് നിങ്ങള്‍ സെമി ഫൈനല്‍ കടക്കുമെന്നും ലോകകപ്പ് സ്വന്തമാക്കുമെന്നും. നിങ്ങള്‍ നിങ്ങളെ വിശ്വസിക്കുക. അതിനായി പരസ്പരം പ്രയത്നിക്കുക.’ അദ്ദേഹം പറഞ്ഞു.

ലോകകപ്പ് മത്സരങ്ങളില്‍ നെതര്‍ലന്‍ഡ്സിനെയും ശ്രീലങ്കയെയും തോല്‍പ്പിച്ചുകൊണ്ട് മികച്ച തുടക്കമായിരുന്നു പാകിസ്ഥാന്‍ കാഴചവെച്ചത്. എന്നാല്‍ ഇന്ത്യയോട് വന്‍ പരാജയം ഏറ്റുവാങ്ങിയതോടെയാണ് പാകിസ്ഥാന്റെ കണ്ടകശനി തുടങ്ങുന്നത്.

കഴിഞ്ഞ ഏഷ്യാ കപ്പിലും ഇന്ത്യയോട് 228 റണ്‍സിന്റെ വമ്പന്‍ തോല്‍വിയാണ് ഏറ്റുവാങ്ങിയത്. ഒക്ടോബര്‍ 27ന് സൗത്ത് ആഫ്രിക്കയോടുള്ള മത്സരം പാകിസ്ഥാന് നിര്‍ണായകമാണ്.

Content highlight: Saqlain Mushtaq believes Pakistan will win world cup

We use cookies to give you the best possible experience. Learn more