| Saturday, 3rd August 2024, 7:21 pm

ഇന്ത്യക്ക് വേണമെങ്കില്‍ വരാം, ഇനി വരുന്നില്ല എന്നാണെങ്കിലും ഞങ്ങള്‍ക്ക് ഒന്നുമില്ല; തുറന്നടിച്ച് ഇതിഹാസ താരം

സ്പോര്‍ട്സ് ഡെസ്‌ക്

അടുത്ത വര്‍ഷം പാകിസ്ഥാന്‍ ആതിഥേയത്വം വഹിക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ മത്സരങ്ങള്‍ ദുബായ്, ശ്രീലങ്ക പോലുള്ള ന്യൂട്രല്‍ വേദികളില്‍ നടത്തണമെന്ന് ബി.സി.സി.ഐ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിനോട് ആവശ്യപ്പെട്ടിരുന്നു.

ചാമ്പ്യന്‍സ് ട്രോഫിക്കായി ഇന്ത്യ പാകിസ്ഥാനില്‍ പര്യടനം നടത്തില്ല എന്ന് വ്യക്തമാക്കുന്ന പ്രതികരണമാണ് ബി.സി.സി.ഐയുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്.

കഴിഞ്ഞ ഏഷ്യാ കപ്പിലും ഇന്ത്യ സമാന നിലപാടാണ് സ്വീകരിച്ചത്.

ഏഷ്യാ കപ്പിന്റെ മാതൃകയില്‍ ഇന്ത്യയുടെ മത്സരങ്ങള്‍ ഹൈബ്രിഡ് മാതൃകയില്‍ നടത്തണമെന്നാണ് ബി.സി.സി.ഐ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

വിഷയത്തില്‍ തന്റെ അഭിപ്രായം വ്യക്തമാക്കുകയാണ് മുന്‍ പാക് സൂപ്പര്‍ താരം സാഖ്‌ലൈന്‍ മുഷ്താഖ്. ഇന്ത്യക്ക് വേണമെങ്കില്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കാമെന്നും ഇനി പാകിസ്ഥാനിലേക്ക് വരുന്നില്ല എന്നാണ് തീരുമാനമെങ്കില്‍ ഒരു പ്രശ്‌നവുമില്ലെന്നുമാണ് അദ്ദേഹം പറയുന്നത്. ക്രിക്കറ്റ് പാകിസ്ഥാനാണ് അദ്ദേഹത്തിന്റെ വാക്കുകള്‍ ഉദ്ധരിച്ച് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

‘ഇത് വളരെ സിംപിളാണ്. ഇന്ത്യക്ക് വേണമെങ്കില്‍ വരാം. ഇനി അവര്‍ വരുന്നില്ല എന്നാണെങ്കിലും ഒരു കുഴപ്പവുമില്ല. ഇതിന്റെ പേരില്‍ ബഹളം വെക്കുന്നതുകൊണ്ട് ഒരു ഉപയോഗവുമില്ല. ഇത് ആരെയും നല്ലതോ മോശമോ ആക്കുന്നില്ല. ഇത് ഐ.സി.സിയുടെ ടൂര്‍ണമെന്റാണ്, അവര്‍ ഇക്കാര്യം പരിശോധിക്കണം,’ സാഖ്‌ലൈന്‍ മുഷ്താഖ് പറഞ്ഞു.

പാകിസ്ഥാനിലെത്തി ടൂര്‍ണമെന്റ് കളിക്കില്ല എന്ന ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ തീരുമാനത്തിന് പിന്നാലെ ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ മത്സരങ്ങള്‍ ലാഹോറില്‍ മാത്രം നടത്താമെന്ന് പാക് ക്രിക്കറ്റ് ബോര്‍ഡ് നിര്‍ദേശം മുന്നോട്ടുവെച്ചിരുന്നു.

സുരക്ഷ കാരണങ്ങള്‍ മുന്‍നിര്‍ത്തിയായിരുന്നു പാക് ക്രിക്കറ്റ് ബോര്‍ഡ് ഇത്തരമൊരു നിര്‍ദേശം നല്‍കിയത്. എന്നാല്‍ ഇതിനോടും ബി.സി.സി.ഐ അനുകൂല നിലപാടല്ല സ്വീകരിച്ചിരിക്കുന്നത്.

ഷാഹിദ് അഫ്രിദിയടക്കമുള്ള മുന്‍ പാക് താരങ്ങള്‍ ഇന്ത്യ പാകിസ്ഥാനിലെത്തി മത്സരം കളിക്കണെന്ന് ആവശ്യപ്പെട്ടിരുന്നു.

2025 അടുത്ത വര്‍ഷം ഫെബ്രുവരിയിലാണ് ചാമ്പ്യന്‍സ് ട്രോഫി മത്സരങ്ങള്‍ നടക്കുന്നത്. ഫെബ്രുവരി 19മുതല്‍ മാര്‍ച്ച് ഒമ്പത് വരെ നടക്കുന്ന ടൂര്‍ണമെന്റിന്റെ മത്സരക്രമം പാക് ക്രിക്കറ്റ് ബോര്‍ഡ് ഐ.സി.സിക്ക് കൈമാറിയിരുന്നു. ഇതനുസരിച്ച് മാര്‍ച്ച് ഒന്നിന് ലാഹോറിലാണ് ഇന്ത്യ – പാകിസ്ഥാന്‍ മത്സരം നടത്താന്‍ നിശ്ചയിച്ചിരിക്കുന്നത്.

രാഷ്ട്രീയ-നയതന്ത്ര കാരണങ്ങളാല്‍ 2008ന് ശേഷം ഇന്ത്യ പാക്കിസ്ഥാനില്‍ പര്യടനം നടത്തിയിട്ടില്ല.

ടൂര്‍ണമെന്റിന്റെ ആതിഥേയരും 2023 ലോകകപ്പ് പോയിന്റ് ടേബിളിലെ ആദ്യ ഏഴ് സ്ഥാനക്കാരുമാണ് ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിക്ക് യോഗ്യത നേടിയത്. രണ്ട് ഗ്രൂപ്പുകളിലായി എട്ട് ടീമുകള്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ പങ്കെടുക്കും. ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് സ്ഥാനക്കാര്‍ സെമി ഫൈനലിന് യോഗ്യത നേടും.

ഗ്രൂപ്പ് എ: ബംഗ്ലാദേശ്, ഇന്ത്യ, ന്യൂസിലാന്‍ഡ്, പാകിസ്ഥാന്‍ (ആതിഥേയര്‍).

ഗ്രൂപ്പ് ബി: അഫ്ഗാനിസ്ഥാന്‍, ഓസ്ട്രേലിയ, ഇംഗ്ലണ്ട്, സൗത്ത് ആഫ്രിക്ക.

മാര്‍ച്ച് അഞ്ചിനും ആറിനുമാണ് സെമി ഫൈനല്‍ മത്സരങ്ങള്‍. ആദ്യ സെമി ഫൈനല്‍ കറാച്ചി നാഷണല്‍ സ്റ്റേഡിയത്തിലും രണ്ടാം സെമി ഫൈനല്‍ റാവല്‍പിണ്ടി ക്രിക്കറ്റ് ഗ്രൗണ്ടിലുമാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.

മാര്‍ച്ച് ഒമ്പതിനാണ് ഫൈനല്‍. ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയമാണ് വേദി.

Content Highlight: Saqlain Mushtaq against India’s stance of not going to Pakistan for the Champions Trophy

We use cookies to give you the best possible experience. Learn more