| Sunday, 20th August 2023, 5:19 pm

മലയാളത്തില്‍ നിന്നും മനപൂര്‍വം ഇടവേള എടുത്തതായിരുന്നു: സനുഷ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

താന്‍ മലയാള സിനിമയില്‍ നിന്നും ഇടവേള എടുത്തതിന് കുറിച്ച് സംസാരിക്കുകയാണ നടി സനുഷ. മലയാളത്തില്‍ നിന്നും മനപൂര്‍വം ഇടവേള എടുത്തതാണെന്നും നല്ല കഥാപാത്രങ്ങള്‍ക്കായി കുറച്ചുസമയം കാത്തിരിക്കാമെന്നു തോന്നിയെന്നും സനുഷ പറഞ്ഞു. ഇക്കാലയളവിലാകെ മലയാള സിനിമയെ മിസ് ചെയ്തിരുന്നെന്നും താരം പറഞ്ഞു. മലയാള ദിനത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സനുഷ.

‘മലയാള സിനിമയില്‍ നിന്ന് മാത്രമേ ഇടവേള എടുത്തിരുന്നുള്ളൂ. തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ മറ്റു ഭാഷകളിലെല്ലാം സജീവമായിരുന്നു. മലയാളത്തില്‍ നിന്നും മനപൂര്‍വം ഇടവേള എടുത്തതാണ്.
നല്ല കഥാപാത്രങ്ങള്‍ക്കായി കുറച്ചുസമയം കാത്തിരിക്കാമെന്നു തോന്നി. മലയാളത്തെ വളരെയധികം മിസ് ചെയ്ത സമയം കൂടിയായിരുന്നു ഇത്. നിലവിലിപ്പോള്‍ മലയാളത്തില്‍ മൂന്ന് ചിത്രങ്ങള്‍ ചെയ്തുകഴിഞ്ഞിട്ടുണ്ട്. അതില്‍ രണ്ടെണ്ണത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ നടന്നുകൊണ്ടിരിക്കുകയാണ്,’ സനുഷ പറഞ്ഞു.

അഭിമുഖത്തില്‍ ജലധാര പമ്പ്‌സെറ്റ് സിന്‍സ് 1962 എന്ന സിനിമയെ കുറിച്ചും സനുഷ സംസാരിച്ചു. ഉര്‍വശിയുടെ മകളുടെ വേഷമാണ് സിനിമയില്‍ ഞാന്‍ ചെയ്യുന്നതെന്നും ഉര്‍വ്വശി ചേച്ചിയുടെ കൂടെ അഭിനയിക്കുകയെന്നത് തന്റെ വലിയ സ്വപ്നമായിരുന്നുവെന്നും സനുഷ പറഞ്ഞു.

‘കഥയും കഥാപാത്രവും കാരണം മാത്രമല്ല ‘ജലധാര പമ്പ്‌സെറ്റ് സിന്‍സ് 1962′ എന്ന സിനിമ തെരഞ്ഞെടുത്തത്. ആ ടീമും ഈ സിനിമ തെരഞ്ഞൈടുക്കാന്‍ പ്രധാന കാരണമാണ്. ഉര്‍വശി ചേച്ചിയുടെ മകളുടെ വേഷമാണ് സിനിമയില്‍ ഞാന്‍ ചെയ്യുന്നത്. എന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രമായിരിക്കും ചിപ്പി. ഉര്‍വശി ചേച്ചിയുടെ കൂടെ അഭിനയിക്കുകയെന്നത് എന്റെ വലിയ സ്വപ്നമായിരുന്നു. അവരുടെ അഭിനയം കണ്ട് ഞാന്‍ ഒരുപാട് തവണ അത്ഭുതപ്പെട്ടിട്ടുണ്ട്. ഒരുപാട് കാര്യങ്ങള്‍ ഉര്‍വശി ചേച്ചിയില്‍ നിന്നും പഠിക്കാനായി. അതുപോലെ ഞാന്‍ കണ്ടിട്ടു ഉള്ളതില്‍ വെച്ച് ഏറ്റവും ലാളിത്യമുള്ള നടനാണ് ഇന്ദ്രന്‍സ് ചേട്ടന്‍. പാലക്കാട് ഷൂട്ടിങ് കാണാന്‍ എത്തിയിരുന്നു. ഇന്ദ്രന്‍സ് ചേട്ടനും അവരിലൊരാളായി പെട്ടെന്നു മാറി. അദ്ദേഹം കഥാപാത്രമാകുന്നതും അങ്ങനെത്തന്നെയാണ്,’ സനുഷ പറഞ്ഞു.

സാനു കെ ചന്ദ്രന്‍, ആശിഷ് ചിന്നപ്പ, പ്രിജിന്‍ എം.പി എന്നിവര്‍ തിരക്കഥയെഴുതി ആശിഷ് ചിന്നപ്പ സംവിധാനം ചെയ്യുന്ന സിനിമയാണ് ജലധാര പമ്പ് സെറ്റ്. സനുഷയെ കൂടാതെ ഇന്ദ്രന്‍സ്, ടി.ജി. രവി, ജോണി ആന്റണി, വിജയരാഘവന്‍, സജിന്‍ ചെറുകയില്‍, നിഷ സാരംഗ്, അല്‍താഫ് സലിം, വിഷ്ണു ഗോവിന്ദന്‍, ജയന്‍ ചേര്‍ത്തല, ശിവജി ഗുരുവായൂര്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. വണ്ടര്‍ ഫെയിംസ് ഫിലിമിലാന്‍ഡ് പ്രൊഡക്ഷന്‍ കമ്പനി നിര്‍മിക്കുന്ന ചിത്രം ഓഗസ്റ്റ് 11നായിരുന്നു തിയേറ്ററുകളില്‍ എത്തിയത്.

Content Highlights: Sanusha talks about her break from malayalam film industry

We use cookies to give you the best possible experience. Learn more