| Monday, 19th April 2021, 1:25 pm

വളരെയധികം ദുരൂഹതയുള്ള വ്യക്തിയാണ് സനുമോഹന്‍; അടിക്കടി മൊഴിമാറ്റുന്നെന്നും കൊച്ചി കമ്മീഷണര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: മകള്‍ വൈഗയെ കൊന്നുവെന്ന് സനു മോഹന്‍ സമ്മതിച്ചെന്ന് കൊച്ചി കമ്മീഷണര്‍. മറ്റാര്‍ക്കും കേസില്‍ പങ്കില്ലെന്ന് വ്യക്തമായെന്ന് സി.എച്ച് നാഗരാജു മാധ്യമങ്ങളോട് പറഞ്ഞു.

ആത്മഹത്യക്കാണ് പോയതെന്നായിരുന്നു സനു മോഹന്റെ ആദ്യത്തെ മൊഴി. എന്നാല്‍ പിന്നീട് രക്ഷപ്പെടാന്‍ തയാറെടുപ്പും നടത്തി. പറയുന്നതും ചെയ്തതും തമ്മില്‍ പൊരുത്തക്കേടുണ്ട്. വളരെയധികം ദുരൂഹതയുള്ള വ്യക്തിയാണ് സനുവെന്ന് മനസിലാക്കാന്‍ സാധിച്ചുവെന്നും കമ്മിഷണര്‍ മാധ്യമങ്ങളോട് പറഞ്ഞു.

കേസില്‍ തെളിവെടുപ്പ് തുടരും. സനു മോഹന്‍ അടിക്കടി മൊഴി മാറ്റുകയാണ്. ഫ്‌ലാറ്റില്‍ നിന്ന് ലഭിച്ച രക്തക്കറയുടെ റിപ്പോര്‍ട്ട് ലഭിക്കേണ്ടതുണ്ട്. ഒരു തെളിവും അവശേഷിപ്പിക്കാതെയാണ് സനു കൊച്ചിയില്‍ നിന്ന് രക്ഷപ്പെട്ടത്.

കൃത്യത്തിന് ശേഷം പ്രതി ഒട്ടേറെ സ്ഥലങ്ങളില്‍ സഞ്ചരിച്ചു. സനുവിന്റെ ഭാര്യയടക്കം അടുത്ത ബന്ധുക്കളെയെല്ലാം ചോദ്യം ചെയ്തിരുന്നെന്നും കമ്മീഷണര്‍ മാധ്യമങ്ങളോട് പറഞ്ഞു.

മകള്‍ വൈഗയെ കൊന്നത് താന്‍ തന്നെയാണെന്ന് പിടിയിലായ ശേഷം സനുമോഹന്‍ പൊലീസിനോട് കുറ്റസമ്മതം നടത്തിയിരുന്നു. മകളോടൊപ്പം ആത്മഹത്യ ചെയ്യാനായിരുന്നു പദ്ധതിയെന്നും എന്നാല്‍ തനിക്ക് ആത്മഹത്യ ചെയ്യാനായില്ലെന്നും സനു മോഹന്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരുന്നു.

മാര്‍ച്ച് 21 ന് ഭാര്യയെ ഭാര്യവീട്ടിലാക്കിയ ശേഷം മകളെയും കൊണ്ട് കങ്ങരപ്പടിയിലെ ഫ്‌ലാറ്റിലെത്തി അവിടെ വെച്ച് മകളെ ശ്വാസം മുട്ടിച്ച് ബോധം കെടുത്തുകയായിരുന്നുവെന്നാണ് സനുമോഹന് പൊലീസിനോട് പറഞ്ഞത്.

‘സാമ്പത്തിക പ്രശ്‌നങ്ങള്‍ മൂലമാണ് മകളെ കൊന്ന് ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചത്. മകളെ പുഴയിലെറിഞ്ഞെങ്കിലും തനിക്ക് അവിടെ വെച്ച് അതിന് കഴിഞ്ഞില്ല. ആത്മഹത്യ ചെയ്യണമെന്ന് കരുതിയാണ് അവിടെ നിന്ന് പോയത്. പലയിടങ്ങളില്‍ പോയി. രണ്ടുമൂന്നുതവണ ആത്മഹത്യാശ്രമം നടത്തി. കൈ ഞരമ്പ് മുറിച്ചു, ട്രെയിനിന് മുന്നില്‍ ചാടാന്‍ ശ്രമിച്ചു, കടലില്‍ ചാടാന്‍ ശ്രമിച്ചു. ബീച്ചില്‍ വെച്ച് ഒരു കോസ്റ്റ് ഗാര്‍ഡ് രക്ഷപ്പെടുത്തി. അങ്ങനെ മൂന്നുതവണ ആത്മഹത്യ ശ്രമങ്ങള്‍ നടത്തി, എന്നെല്ലാമായിരുന്നു സനു മോഹന്റെ മൊഴി.

താന്‍ ആത്മഹത്യ ചെയ്താല്‍ മകളെ മറ്റാരെങ്കിലും അപായപ്പെടുത്താന്‍ സാധ്യതയുണ്ടെന്ന് പേടിച്ചാണ് മകളെ കൊലപ്പെടുത്തിയത് എന്നാണ് സനുമോഹന്‍ പൊലീസിനോട് പറഞ്ഞത്. അവളെ ആരെങ്കിലും തട്ടിക്കൊണ്ടുപോകുകയോ ദുരുപയോഗം ചെയ്യുകയോ ചെയ്താലോ എന്നതും ആശങ്കപ്പെടുത്തി. അത്തരത്തില്‍ ചിലര്‍ തന്നെ ഭീഷണിപ്പെടുത്തിയെന്നും സനുമോഹന്‍ പറയുന്നു. ഇതിനെ കുറിച്ച് പൊലീസ് അന്വേഷിക്കുന്നുണ്ട്.

മുട്ടാര്‍ പുഴയില്‍ 13 കാരി വൈഗയെന്ന പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ സനുമോഹനെ മൂകാംബികയില്‍ നിന്ന് കാര്‍വാറിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് കൊച്ചി പൊലീസ് പിടികൂടിയത്. ഗോവയിലേക്കുള്ള യാത്രയ്ക്കിടെയാണ് സനുമോഹന്‍ പൊലീസ് പിടിയിലാകുന്നത്.

അഞ്ചുവര്‍ഷം മുമ്പുവരെ പൂനയില്‍ വിവിധ ബിസിനസ്സുകള്‍ ഉണ്ടായിരുന്നു സനുമോഹന്. അവിടെ നിന്ന് പലരുടെയും പണം തട്ടിയെടുത്ത ശേഷമാണ് ഇയാള്‍ കൊച്ചിയിലെത്തുന്നത്. കൊച്ചിയിലെത്തിയ ശേഷം പലരില്‍ നിന്നും കടം വാങ്ങാന്‍ തുടങ്ങിയെന്നും കടം നല്‍കിയവരുടെ ഭാഗത്തുനിന്ന് അത് തിരിച്ചുചോദിച്ചുകൊണ്ടുള്ള വന്‍ സമ്മര്‍ദ്ദവുമുണ്ടായതോടെ ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നെന്നും സനു മോഹന്‍ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content highlight: Sanu Mohan mystery shrouded man says police.

We use cookies to give you the best possible experience. Learn more