| Sunday, 2nd July 2023, 12:33 pm

ഫ്രൈഡേ അറിവില്ലായ്മ കൊണ്ട് സംഭവിച്ച സിനിമ; അതോട് കൂടി എന്റെ ഭയം മാറി: സാന്ദ്ര തോമസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

താന്‍ നിര്‍മിച്ച ആദ്യ ചിത്രമായ ഫ്രൈഡേ എന്ന സിനിമ അറിവില്ലായ്മ കൊണ്ട് ചെയ്ത സിനിമയാണെന്ന് നടിയും നിര്‍മാതാവുമായ സാന്ദ്ര തോമസ്. പക്ഷേ അതോടു കൂടി നിര്‍മാതാവെന്ന നിലയിലുള്ള പേടി ഇല്ലാതായെന്നും സാന്ദ്ര പറഞ്ഞു. തന്റെ മറ്റ് സിനിമകളെ പോലെ പരീക്ഷണാര്‍ത്ഥത്തില്‍ തന്നെയാണ് നല്ല നിലാവുള്ള രാത്രിയും നിര്‍മിച്ചിരിക്കുന്നതെന്നും അവര്‍ ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

നല്ല നിലാവുള്ള രാത്രി നല്ല കണ്ടന്റാണെന്നും സാധാരണ നിര്‍മാതാക്കള്‍ എടുക്കാന്‍ മടിക്കുന്ന സബ്ജക്ടാണെന്നും സാന്ദ്ര കൂട്ടിച്ചേര്‍ത്തു.

‘ഈ സിനിമ നല്ലൊരു കണ്ടന്റാണ്. സാധാരണ നിര്‍മാതാക്കള്‍ എടുക്കാന്‍ മടിക്കുന്ന സബ്ജക്ടാണിത്. കൂടുതല്‍ നിര്‍മാതാക്കള്‍ക്കും സിനിമ സേഫായി തോന്നണം. ഇതൊരു സേഫ് പ്രൊജക്ടല്ല. പരീക്ഷണ ചിത്രമാണ്. ഞാനെന്റെ ആദ്യത്തെ സിനിമ മുതല്‍ അങ്ങനെയാണ് ചെയ്തിരിക്കുന്നത്. അതുകൊണ്ട് എനിക്ക് അതിനോട് ഭയമില്ല.

ഫ്രൈഡേ എന്ന സിനിമ ഞാന്‍ അറിവില്ലായ്മ കൊണ്ട് പെട്ട പടമാണ്. പക്ഷേ അന്നെന്റെ ഭയം മാറി. പിന്നെ എടുത്ത സക്കറിയയുടെ ഗര്‍ഭിണികളാണെങ്കിലും മങ്കി പെന്‍ ആണെങ്കിലും എല്ലാ പടങ്ങളും സക്രാച്ചില്‍ നിന്ന് തുടങ്ങി വന്ന പരീക്ഷണ പടങ്ങളാണ്.

അതുപോലെ തന്നെയാണ് നല്ല നിലാവുള്ള രാത്രിയും. അതുകൊണ്ട് തന്നെ അങ്ങനൊരു പ്രൊജക്ട് എനിക്ക് പേടിയുണ്ടായിരുന്നില്ല. ഇത് സിനിമയാകണമെന്ന് എനിക്ക് ഉണ്ടായിരുന്നു. കാരണം ഇത് വ്യത്യസ്ത സബ്ജക്ടാണ്,’ സാന്ദ്ര പറഞ്ഞു.

ഈ പടം ആണുങ്ങളുടെ ഒരു സെലിബ്രേഷന്‍ കൂടിയായിരിക്കുമെന്നും സാന്ദ്ര വ്യക്തമാക്കി. ഒരുപാട് ഉയര്‍ച്ചകളിലൂടെയും താഴ്ചകളിലൂടെയും കടന്ന് പോയിട്ടുള്ളത് കൊണ്ട് തന്നെ തനിക്ക് ഒന്നിനേയും ഭയമില്ലെന്നും അവർ പറഞ്ഞു.

‘ക്യാപ്റ്റന്‍ ഓഫ് ദി ഷിപ്പാണ് പ്രൊഡ്യൂസര്‍. നിര്‍മാതാവിന് ശക്തിയില്ലെങ്കില്‍ മൊത്തം ബോട്ടും തകര്‍ന്നടിയും. ഒരുപാട് ഉയര്‍ച്ചകളിലൂടെയും താഴ്ചകളിലൂടെയും കടന്ന് പോയിട്ടുള്ളത് കൊണ്ട് തന്നെ എനിക്ക് ഒന്നിനേയും ഭയമില്ല. ചെറിയ പ്രായത്തില്‍ തന്നെ എല്ലാ സിറ്റുവേഷനിലൂടെയും കടന്ന് പോയി. ഒരുപാട് ഫേം വന്നു, ഒരുപാട് പൈസ വന്നു. ഇതെല്ലാം മാനേജ് ചെയ്തു,’ സാന്ദ്ര പറഞ്ഞു.

CONTENT HIGHLIGHTS: santra thomas about friday film

We use cookies to give you the best possible experience. Learn more