അര്‍ജന്റീനിയന്‍ ദേശീയ ടീമിനും സൂപ്പര്‍ താരം ലയണല്‍ മെസിക്കും കേരളത്തില്‍ ലക്ഷക്കണിക്ക് ആരാധകരുണ്ട്. എന്നാല്‍ സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ കേരളത്തിന്റെ ആരാധകനായ അര്‍ജന്റീനക്കാരന്‍ ഫെര്‍ണാണ്ടോയാണ് ഇപ്പോള്‍ സാമൂഹ മാധ്യമങ്ങളിലെ താരം.
കഴിഞ്ഞ ദിവസം മഞ്ചേരിയില്‍ നടന്ന സന്തോഷ് ട്രോഫി സെമി ഫൈനലിലെ കേരളം-കര്‍ണാടക മത്സരത്തിനിടെ തിങ്ങിനിറഞ്ഞ ഗ്യാലറിയില്‍ നിന്ന് ഫ്രീലാന്‍സ് മാധ്യമപ്രവര്‍ത്തകന്‍ സമീര്‍ പിലാക്കല്‍ എടുത്ത വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.
‘എന്റെ പേര് ഫെര്‍ണാണ്ടോ, ഞാന്‍ അര്‍ജന്റീനക്കാരനാണ്, ഞാന്‍ കേരളത്തെ ഇഷ്ടപ്പെടുന്നു, ഞാന്‍ ഇന്ത്യയെ ഇഷ്ടപ്പെടുന്നു, ഞാന്‍ ഫുട്‌ബോള്‍ ഇഷ്ടപ്പെടുന്നു,’ എന്നാണ് ഫെര്‍ണാണ്ടോ വീഡിയോയില്‍ പറയുന്നത്. അര്‍ജന്റീനയുടെ ദേശീയ പതാക കൈയില്‍ പിടിച്ചായിരുന്നു ഫെര്‍ണാണ്ടോ ഗ്യാലറില്‍ ഇരുന്നത്.
കായിക മന്ത്രി വി. അബ്ദുറഹ്‌മാന്‍ അടക്കമുള്ളവര്‍ ഈ വീഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്. ‘കേരള ഫുട്ബോളിന് മറഡോണയുടെ, മെസിയുടെ നാട്ടില്‍ നിന്നൊരു ആരാധകന്‍. ഫുട്ബോളിനോടുള്ള പ്രണയത്തില്‍ മലപ്പുറവും ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളും ഒരേ തട്ടിലാണെന്നതില്‍ സംശയമില്ല. മഞ്ചേരിയിലെ തിങ്ങിനിറഞ്ഞ കാണികള്‍ക്കിടയിലെ അര്‍ജന്റീനക്കാരനായ ആരാധകന്റെ ആവേശം വിളിച്ചു പറയുന്നത് ജാതി-മത-ദേശ-ഭാഷ-സംസ്‌ക്കാര അതിരുകള്‍ ഭേദിച്ചിടുന്ന ഫുട്ബോള്‍ പ്രണയമാണ്,’ എന്ന കുറിപ്പോടെയാണ് മന്ത്രി വീഡിയോ പങ്കുവെച്ചത്.