മലയാളികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബാറോസ്. 40 വര്‍ഷത്തെ സിനിമാജീവിതത്തില്‍ മോഹന്‍ലാല്‍ ആദ്യമായി സംവിധായക കുപ്പായമണിയുന്നു എന്നതാണ് ബാറോസിന്റെ ഏറ്റവും വലിയ പ്രത്യേകത. ചിത്രത്തിന്റെ ടൈറ്റില്‍ റോളില്‍ എത്തുന്നതും മോഹന്‍ലാല്‍ തന്നെയാണ്. മൈ ഡിയര്‍ കുട്ടിച്ചാത്തന് ശേഷം പൂര്‍ണമായും ത്രീ.ഡിയില്‍ ചിത്രീകരിക്കുന്ന സിനിമ കൂടിയാണ് ബാറോസ്.
ബാറോസിന്റെ മുന്നണിയിലും പിന്നണിയിലും ഒരുപിടി മികച്ച ടെക്‌നീഷ്യന്മാരാണ് അണിനിരന്നിരിക്കുന്നത്. സന്തോഷ് ശിവനാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. മോഹന്‍ലാല്‍ എന്ന സംവിധായകനൊപ്പം വര്‍ക്ക് ചെയ്തപ്പോഴുള്ള അനുഭവം പങ്കുവെക്കുകയാണ് സന്തോഷ് ശിവന്‍. നൂറ് ശതമാനവും സംവിധാനത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച ആളായാണ് മോഹന്‍ലാല്‍ ബാറോസില്‍ വര്‍ക്ക് ചെയ്തതെന്ന് സന്തോഷ് ശിവന്‍ പറഞ്ഞു.
നല്ല ഫോക്കസ്ഡ് ആയിട്ടുള്ള സംവിധായകന്‍ കൂടിയാണ് മോഹന്‍ലാലെന്നും കൊമേഴ്‌സ്യല്‍ ഘടകങ്ങള്‍ക്ക് വേണ്ടി കഥയില്‍ തിരുത്തല്‍ വരുത്താന്‍ അദ്ദേഹം ശ്രമിക്കാറില്ലെന്നും സന്തോഷ് ശിവന്‍ കൂട്ടിച്ചേര്‍ത്തു. എല്ലാ കാര്യങ്ങളും ഒറിജിനലായിരിക്കണമെന്ന് നിര്‍ബന്ധമുള്ളയാളാണ് ലാലെന്നും അതില്‍ വിട്ടുവീഴ്ച വരുത്താറില്ലെന്നും സന്തോഷ് ശിവന്‍ പറഞ്ഞു. തന്റേതായ രീതിയില്‍ എല്ലാ കാര്യങ്ങളും കൊണ്ടുപോകുന്നയാളാണ് അദ്ദേഹമെന്നും സന്തോഷ് ശിവന്‍ കൂട്ടിച്ചേര്‍ത്തു.
സംവിധാനം എന്നത് ഒരു ചാലഞ്ചായോ, പ്രശ്‌നമായോ എടുത്തിട്ടല്ല മോഹന്‍ലാല്‍ ഈ സിനിമ ചെയ്യുന്നതെന്നും താനും ലാലും തമ്മില്‍ പല കാര്യത്തിലും വഴക്കുണ്ടാകാറുണ്ടെന്നും സന്തോഷ് ശിവന്‍ കൂട്ടിച്ചേര്‍ത്തു. കോംപ്ലിക്കേറ്റഡായിട്ടുള്ള ഷോട്ടുകള്‍ എടുക്കുന്ന സമയത്തായിരിക്കും തങ്ങള്‍ തമ്മിലുള്ള അഭിപ്രായവ്യത്യാസമുണ്ടാകുന്നതെന്നും സന്തോഷ് ശിവന്‍ പറഞ്ഞു. ഷോര്‍ട്‌സ് മലയാളത്തിനോട് സംസാരിക്കുകയായിരുന്നു സന്തോഷ് ശിവന്‍.
‘നല്ല ഫോക്കസ്ഡ് ആയിട്ടുള്ള സംവിധായകനാണ് ലാല്‍. 100 ശതമാനം ആ ഒരു കാര്യത്തില്‍ മാത്രമാണ് അയാളുടെ ശ്രദ്ധ. എല്ലാത്തിനും പുള്ളിയുടേതായി ഒരു രീതിയുണ്ട്. അതിനനുസരിച്ചേ പോകാറുള്ളൂ. അതുപോലെ എല്ലാത്തിലും ഒറിജിനാലിറ്റി വേണമെന്ന് ലാലിന് നിര്‍ബന്ധമുണ്ട്. പിന്നെ കൊമേഴ്‌സ്യല്‍ ഘടകങ്ങള്‍ക്ക് വേണ്ടി കഥയില്‍ തിരുത്തല്‍ വരുത്താന്‍ ലാല്‍ ആഗ്രഹിക്കാറില്ല. അതില്‍ എന്തൊക്കെ ചെയ്താലും വിട്ടുവീഴ്ചയുണ്ടാകില്ല.
ഞങ്ങള്‍ തമ്മില്‍ പല കാര്യത്തിലും അഭിപ്രായവ്യത്യാസമുണ്ടാകാറുണ്ട്. അദ്ദേഹം മനസില്‍ വിചാരിക്കുന്ന കോംപ്ലിക്കേറ്റഡായിട്ടുള്ള ഷോട്ടുകളെപ്പറ്റിയാകും അഭിപ്രായവ്യത്യാസമുണ്ടാകാറുള്ളത്. മനസില്‍ കാണുന്നതുപോലുള്ള ഷോട്ട് ഏതുവിധേനയും എടുപ്പിക്കും. സംവിധാനം എന്നതിനെ ചാലഞ്ചായോ പ്രശ്‌നമായോ അല്ല ലാല്‍ എടുത്തിട്ടുള്ളത്,’ സന്തോഷ് ശിവന്‍ കൂട്ടിച്ചേര്‍ത്തു.
Content Highlight: Santosh Sivan shares his experience of worked in Barroz