| Monday, 20th June 2022, 7:50 am

ഉറുമി പോലുള്ള എപിക് സിനിമകളാണ് ആളുകള്‍ ആവശ്യപ്പെടുന്നത്, കണ്ടംപററി സിനിമ ചെയ്യാനുള്ള ആഗ്രഹത്തില്‍ നിന്നാണ് ജാക്ക് ആന്‍ഡ് ജില്‍ ഉണ്ടായത്: സന്തോഷ് ശിവന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമാറ്റോഗ്രഫറെന്ന നിലയിലും സംവിധായകന്‍ എന്ന നിലയിലും കേരളത്തിന് പുറത്തേക്കും തന്റെ കഴിവ് തെളിയിച്ച വ്യക്തിത്വമാണ് സന്തോഷ് ശിവന്‍. മഞ്ജു വാര്യര്‍, കാളിദാസ് ജയറാം എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സംവിധാനം ചെയ്ത ജാക്ക് ആന്‍ഡ് ജില്ലാണ് ഒടുവില്‍ പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ സിനിമ. സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്.

ഉറുമി പോലെയുള്ള എപിക് ചിത്രങ്ങളാണ് എപ്പോഴും തന്നില്‍ നിന്നും ആളുകള്‍ ആവശ്യപ്പെടുന്നതെന്നും എന്നാല്‍ കണ്ടംപററി സിനിമ ചെയ്യണമെന്ന തന്റെ ആഗ്രഹത്തില്‍ നിന്നുമാണ് ജാക്ക് ആന്‍ഡ് ജില്‍ ഉണ്ടായതെന്നും പറയുകയാണ് സന്തോഷ് ശിവന്‍. ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘മലയാളത്തില്‍ സംവിധാനം ചെയ്യാന്‍ ഭയങ്കര താല്‍പര്യമുള്ളയാളാണ് ഞാന്‍. സിനിമാറ്റോഗ്രഫി ഒരു വിഷ്വല്‍ ലാഗ്വേജാണ്. അതിന് അങ്ങനെ ഭാഷയൊന്നുമില്ലല്ലോ. തമിഴിലും ഹിന്ദിയിലും ഇംഗ്ലീഷിലും ഷൂട്ട് ചെയ്യുമ്പോള്‍ ഒരുപാട് ആളുകളെ മീറ്റ് ചെയ്യും. അപ്പോള്‍ പിന്നെയും അന്യഭാഷയിലെ പടങ്ങള്‍ ചെയ്യേണ്ടി വരും. ഇപ്പോഴും എനിക്ക് മലയാളത്തില്‍ ചെയ്യാനാണ് വലിയ ആഗ്രഹമുള്ളത്. പല ഭാഷകളില്‍ നിന്നും ഒരുപാട് ഓഫറുകള്‍ വരുമ്പോള്‍ പിന്നെ മലയാളത്തില്‍ ചെയ്യാനായിട്ട് വലിയ പാടാണ്.

അടുത്ത വര്‍ഷം വ്യത്യസ്തമായ ഒരു മലയാളം പടം ചെയ്യുന്നുണ്ട്. എപിക് സിനിമകളാണ് എപ്പോഴും ആളുകള്‍ ആവശ്യപ്പെട്ടുക്കൊണ്ടിരിക്കുന്നത്. ഇത്തവണ ഫ്രീ ആയി ഒരു കണ്ടംപററി സിനിമ ചെയ്യാന്‍ ഭയങ്കര ആഗ്രഹമായിരുന്നു. അങ്ങനെയാണ് ജാക്ക് ആന്‍ഡ് ജില്‍ ചെയ്തത്.

ഒന്നാം ക്ലാസ് മുതല്‍ എന്റെ കൂടെ പഠിച്ച ക്ലാസ്‌മേറ്റ്‌സ് എല്ലാം കൂടി ഒരു റീയൂണിയന്‍ വെച്ചു. ആ റൂമില്‍ ഞാന്‍ ഒരു ക്യാമറ വെച്ചു. അതിലൊരു നാസാ സയന്റിസ്റ്റുണ്ട്. ഫ്യൂച്ചറിനെ പറ്റിയും പാസ്റ്റിനെ പറ്റിയും പറയും. നൊസ്റ്റാള്‍ജിക് ആന്‍ഡ് ഫ്യൂച്ചറിസ്റ്റികായി എഴുതിയ സിനിമ ആണ് ജാക്ക് ആന്‍ഡ് ജില്‍. സിനിമയില്‍ ഒരുപാട് പേരുള്ള ആക്ടേഴ്‌സ് ഉണ്ടെങ്കിലും വില്ലന്മാരായി ഇവരെയൊക്കെ ഞാന്‍ പിടിച്ചിട്ടുണ്ട്.

സിനിമയിലൊന്നും കാണാത്ത ആള്‍ക്കാരാണ്. വളരെ എജ്യുക്കേറ്റഡാണ്. അഭിനയിച്ചവരില്‍ ഒരാള്‍ മാജിക്കൊക്കെ ചെയ്യും. ക്യാമറ ഷൈ ഒന്നുമല്ല. പിന്നെ കൂടെ പഠിച്ചവരായതുകൊണ്ട് എല്ലാം എടാ പോടാന്നായി,’ സന്തോഷ് ശിവന്‍ പറഞ്ഞു.

Content Highlight: Santosh Sivan says that Jack and Jill came from his desire to make a contemporary film

We use cookies to give you the best possible experience. Learn more