| Wednesday, 29th November 2023, 7:40 pm

മാടായി ബിവറേജിന് മുന്നില്‍ ഞാന്‍ ക്യൂ നില്‍ക്കാം, നാട്ടുകാരനായ താഹ നില്‍ക്കുമോ?

സന്തോഷ് ഏച്ചിക്കാനം

താഹ മാടായിയുടെ കാതല്‍ വിമര്‍ശനത്തിന് സന്തോഷ് ഏച്ചിക്കാനത്തിന്റെ എതിര്‍വാദം

ഡൂള്‍ന്യൂസില്‍ താഹ മാടായി എഴുതിയ ‘ക്ഷമിക്കണം, ജിയോ ബേബി എന്റെ മകളോടൊത്ത് കാതല്‍ ഞാന്‍ കാണില്ല’ എന്ന ലേഖനത്തോട് വിയോജിപ്പുണ്ട്. കൃത്യമായ നിലപാടില്ലാത്ത ഒരു നിരൂപണമായി എനിക്കത് അനുഭവപ്പെട്ടു. അതിന്റെ കാരണങ്ങള്‍ പറയാം:

ദീര്‍ഘകാലമായി ലൈംഗികസുഖം കിട്ടാത്ത ഒരു സ്ത്രീ അന്യന്റെ കിടപ്പറ പങ്കിടാന്‍ സന്നദ്ധയാവണം, അതിനുള്ള ധൈര്യം അവള്‍ ആര്‍ജ്ജിച്ചെടുക്കണം എന്ന നിലപാട് സ്വതന്ത്രമായി ചിന്തിക്കുന്ന ആളുകള്‍ക്ക് പറ്റുമായിരിക്കും. പക്ഷെ, സമൂഹം യാഥാസ്ഥിതികമാണ്. ഇതര സമുദായങ്ങളിലും പ്രത്യേകിച്ച് താഹ ഉള്‍പ്പെടുന്ന മുസ്‌ലിം സമൂഹത്തിനകത്തുതന്നെയും എത്ര സ്ത്രീകള്‍ അതിന് സന്നദ്ധരാവും എന്ന ചോദ്യമുണ്ട്.

അതുകൊണ്ടാണ് സിനിമയ്ക്കായി ഏറ്റവും പ്രബലമായ അധികാര വലയത്താല്‍ ചുറ്റി വരിയപ്പെട്ട ഒരു ക്രിസ്ത്യന്‍ കുടുംബ പശ്ചാത്തലം തന്നെ ജിയോബേബി തിരഞ്ഞെടുത്തിരിക്കുന്നത്.

സാദാചരം/ പാപം /നരകം /കുമ്പസാരം എന്നിങ്ങനെ മനുഷ്യന്റെ സ്വാതന്ത്ര്യ ബോധത്തെ അത് ഒരു പ്രാര്‍ത്ഥനാമുറിയിലേക്ക് പിടിച്ച് കൊണ്ട് വന്ന് നിരന്തരം കുരിശു വരപ്പിച്ചു കൊണ്ടിരിക്കുന്നു.

പലരും ചോദിക്കുന്ന ചോദ്യമാണ്, ‘കാതലിലെ’ ഓമന ഭര്‍തൃ സഹവാസം വിടാന്‍ ഇരുപതു കൊല്ലമെടുത്തത് എന്തു കൊണ്ട് എന്നത്. ചില സ്ത്രീകള്‍ അങ്ങനെയാണ് എന്നതാണ് അതിന്റെ ലളിതമായ ഉത്തരം.

തന്നോട് ഭര്‍ത്താവിന് ലൈംഗിക ആകര്‍ഷണം തോന്നിയില്ലെങ്കിലും ഇതര പുരുഷന്മാരുമൊത്ത് ഉടല്‍ പങ്കു വെക്കാന്‍ മിക്കവാറും സ്ത്രീകള്‍ തയ്യാറാവില്ല. താല്പര്യമുണ്ടെങ്കിലും അവര്‍ക്കതിന് സാധിക്കുന്നില്ല. കാരണം, സമുദായ ഘടന യാഥാസ്ഥിതികമാണ്, സ്ത്രീപക്ഷത്തെ മനസ്സിലാക്കുന്ന വിധം സ്വതന്ത്രമല്ല അത്. അദൃശ്യമായ ഒരു വിലങ്ങ് ഏതു സമയത്തും കൈകളില്‍ വീഴാവുന്ന തരത്തില്‍ ഇതിനകത്തുണ്ട്.

വിവാഹ മോചനം എന്നത് ഇപ്പോള്‍ കോമണായി കണ്ടുവരുന്ന ഒരു സംഗതിയാണ്. പരസ്പരം ചേര്‍ന്നു പോകാന്‍ കഴിയാത്ത ഒരു ടേണിങ്ങ് പോയന്റില്‍ വിവാഹമോചനം ഒരു സാധ്യതയായി സ്തീപുരുഷന്മാര്‍ ധാരാളമായി കണക്കാക്കുന്നു.

രണ്ടു പേര്‍ പിരിയുമ്പോള്‍ എവിടെ നില്‍ക്കണം, ഏതു തെരഞ്ഞെടുക്കണമെന്ന സന്നിഗ്ധതയിലകപ്പെട്ടു പോകുന്ന
മക്കളുടെ ഭാവി, മോചനത്തിന്റെ കാരണങ്ങളായി മുന്നോട്ടു വെക്കുന്ന വിശദാംശങ്ങളുടെ പുന:പരിശോധന എന്നിവയിലൊക്കെ വിവാഹമോചനം തേടുന്നവരില്‍ അമ്പതു ശതമാനം പേരെങ്കിലും ആകുലരാണോ എന്ന കാര്യത്തില്‍ സംശയമുണ്ട്.

എന്നാല്‍, തൊട്ടുമുമ്പുള്ള ഒരു ഭൂതകാലത്ത് സ്ഥിതി എന്തായിരുന്നു? കുടുംബ ജീവിതം തടങ്കല്‍ അനുഭവമായി തീര്‍ന്നവരും വിവാഹമോചനം എന്ന സാധ്യത തെരഞ്ഞെടുത്തിരുന്നില്ല. അന്ന് വിധവകള്‍ തന്നെ എത്ര പേര്‍ വിവാഹിതരായിട്ടുണ്ട്?

ഇന്നും അതിന് വലിയൊരളവില്‍ മാറ്റം വന്നിട്ടുണ്ടെന്നു പറയാന്‍ സാധിക്കുമോ? സമൂഹത്തിനുമേല്‍ യാഥാസ്ഥിതിക സദാചാരബോധത്തിന്റെ കെട്ട് കൂടുതല്‍ ശക്തമായി മുറുകിക്കൊണ്ടിരിക്കുന്നു എന്നതിന്റെ തെളിവുകളാണവ. ദുരഭിമാനക്കൊലയൊക്കെ കേരളത്തിലും യഥാര്‍ത്ഥ്യമാക്കുന്നത് ഇതുകൊണ്ടാണ്.

ഈ സദാചാര ബോധത്തെ ബ്രേക്ക് ചെയ്യാന്‍ എല്ലാവര്‍ക്കും പറ്റണമെന്നില്ല. മാടായി ബിവറേജിന്റെ മുമ്പില്‍ ഞാന്‍ ക്യൂ നില്‍ക്കാം. പക്ഷേ താഹ സ്വന്തം നാട്ടില്‍ ക്യൂ നില്‍ക്കുമോ? നമ്മുടെ യൗവ്വന കാലം താഹ ഓര്‍ത്തുനോക്കുക. അന്ന് മദ്യത്തിന്റെ രുചി അറിയാന്‍ നമ്മള്‍ കാണിച്ച സാഹസം…ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ ചിരി വരും.

കവി കക്കാട് പറഞ്ഞതു പോലെ ‘എത്ര ചവര്‍പ്പു കുടിച്ചു വറ്റിച്ചിട്ടാണ് നമ്മള്‍ ഇത്തിരി ശാന്തിയുടെ ശര്‍ക്കര (ലഹരി) നുണഞ്ഞത്’. ആരെയൊക്കെ ഭയന്നിട്ടാണ് നമ്മളന്ന് ആ പാപം ചെയ്തത്. കാരണം, സദാചാര ബോധം തന്നെ. നമ്മള്‍ കാണിക്കുന്ന സാഹസികത കുടുംബത്തിലറിയുമോ എന്ന വ്യക്തിപരമായ പേടി. അത് പിന്നീട് കുടുംബത്തിനുണ്ടാക്കുന്ന അവമതിയെക്കുറിച്ചുള്ള സാമൂഹികമായ ആശങ്ക.

ഈ പാപബോധം തന്നെയാണ് ഓമനയും കീഴടക്കുന്നത്. നമ്മള്‍ അതിനെ മറികടന്നതുപോലെ ‘കാതലി’ലെ ഓമനക്ക് ഈ ബോധത്തെ ബ്രേക്ക് ചെയ്യാന്‍ ഇരുപതു കൊല്ലം വേണ്ടിവന്നു എന്നുമാത്രം.

മകളോടൊത്ത് ആ സിനിമ കാണില്ല’ എന്ന താഹയുടെ വാദം ബാലിശമാണ്. ആ സിനിമയിലെ മകള്‍ എന്താണ് ചെയ്യുന്നത്? ഒരു പെഗ്ഗടിക്കുന്നു. പതിനെട്ടുകാരനായ എന്റെ മകന്‍ എന്നോട് ഒരു സ്മാള്‍ ചോദിച്ചാല്‍ ഞാനത് നിഷേധിക്കില്ല. അതിന്റെ ദൂഷ്യവശങ്ങളെപ്പറ്റി പറഞ്ഞു കൊടുക്കും. മാന്യമായി അത് ഉപയോഗിക്കേണ്ട രീതിയെപ്പറ്റി അനുഭവത്തിന്റെ വെളിച്ചത്തില്‍ വിശദമാക്കും. പക്ഷേ അവന്റെ സ്വാതന്ത്ര്യത്തെ നിഷേധിക്കാനുള്ള അവകാശം എനിക്കില്ല.

ഈയിടെ അറിഞ്ഞ ഒരനുഭവം പറയാം. സദാചാരത്തിന്റെ അപ്പോസ്തലനായ ഒരു രാഷ്ടീയ നേതാവിന്റെ മകള്‍ കേരളത്തിലെ ഒരു പ്രധാന നഗരത്തില്‍ ലഹരി ഉപയോഗിച്ച് കറങ്ങി നടക്കുകയാണ്. ആ കുട്ടിയുടെ അച്ഛന്‍ അവള്‍ക്ക് സദാചാരം ഉപദേശിക്കാതിരുന്നിട്ടാണോ? അതാ കുട്ടിയുടെ തീരുമാനമാണ്.

താഹ പടം കാണിച്ചില്ലെങ്കിലും മകള്‍ അവള്‍ക്ക് താത്പര്യമുണ്ടെങ്കില്‍ ഒറ്റക്ക് പോയി കാതല്‍ കണ്ടിരിക്കും. അച്ഛന്മാരുടെ സദാചാരത്തെ ബ്രെയ്ക്ക് ചെയ്യുന്ന ഒരു കാലം വരികയാണ്. അതായത്, പഴയ കാലം പോലെ രക്ഷിതാക്കള്‍ തീരുമാനിക്കുന്നതല്ല, മക്കളുടെ ഭാവിയും വര്‍ത്തമാനവും. അവര്‍ സ്വയം തീരുമാനിക്കുന്നതാണ്.

ഓമനയെപ്പോലെ ഇരുപതു വര്‍ഷം അവര്‍ കാത്തിരിക്കില്ല. ഓമനയുടെ സ്ഥാനത്ത് അവരുടെ മകള്‍ ആയിരുന്നെങ്കില്‍ അവളുടെ ഭര്‍ത്താവിന് എന്നേ വിവാഹ മോചനം ലഭിച്ചേനെ .

പുതിയ തലമുറ സ്വാതന്ത്ര്യത്തെയും സൗഹൃദത്തെയും വ്യക്തി ബന്ധങ്ങളെയും അവരുടേതായ രീതിയില്‍ നിര്‍വ്വചിക്കുകയും സ്വയം കണ്ടെത്തുകയും പൊളിച്ചെഴുതുകയും ചെയ്യുന്നു. മലയാളി സമൂഹ മനസ്സിന് സ്വാതന്ത്ര്യത്തിന്റെ ചിറകുകള്‍ മുളച്ച് തുടങ്ങി എന്നതിന്റെ തെളിവാണ് കാതലിന്റെ വിജയം. സൂപ്പര്‍സ്റ്റാറിന്റെ കവചകുണ്ഡലങ്ങള്‍ അഴിച് വെച്ച് മമ്മൂട്ടി എന്ന മഹാ നടന്‍ മാത്യുവിനെ സ്വീകരിക്കുമ്പോള്‍ ശാരീരികമായ പ്രായത്തിനപ്പുറം മനസ്സുകൊണ്ട് അദ്ദേഹം യുവത്വത്തിനോട് ചേര്‍ന്നു നില്‍ക്കുകയാണ്.

സാമൂഹ്യ പ്രശ്‌നങ്ങളെ സിനിമയിലേക്ക് കൊണ്ടുവരാനുള്ള സംവിധായകന്‍ ജിയോ ബേബി ധീരമായ ഉദ്യമത്തിനൊപ്പം നിന്നു കൊണ്ട് സദാചാരവുമായി ബന്ധപ്പെട്ട നമ്മുടെ സാമ്പ്രദായിക ബോധ്യങ്ങളെ പൊളിച്ചെഴുതുകയാണ് മമ്മൂട്ടിയിലെ മനുഷ്യന്‍.

content highlights: Santosh Echikanam’s reply to Tahamadai Doolnews article about Kathal movie

സന്തോഷ് ഏച്ചിക്കാനം

എഴുത്തുകാരന്‍

We use cookies to give you the best possible experience. Learn more