| Wednesday, 20th November 2013, 1:25 pm

സാന്റിയാഗോ മാര്‍ട്ടിന് ലോട്ടറി ലൈസന്‍സ് നല്‍കിയ 3 ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]പാലക്കാട് : ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിന്റെ സ്ഥാപനത്തിന് ലോട്ടറി വില്പന കേന്ദ്രം തുടങ്ങാന്‍ ലൈസന്‍സ് നല്‍കിയ സംഭവത്തില്‍ മൂന്ന് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു.

പാലക്കാട് നഗരസഭാ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ജമാല്‍മുഹമ്മദ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സുരേഷ് തുടങ്ങിയവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

നഗരസഭാ ചെയര്‍മാന്‍ ആണ് ഇക്കാര്യം അറിയിച്ചത്. വാസ ഗൃഹത്തില്‍ കച്ചവടസ്ഥാപനം തുടങ്ങാന്‍ ലൈസന്‍സ് നല്‍കിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തത്.

മാര്‍ട്ടിന്റെ പഴയ കമ്പനിയായ ഫ്യൂച്ചര്‍ ഗെയിമിങ് സൊല്യൂഷന്‍സ് ആണ് ലോട്ടറി വില്‍പനയ്ക്കുള്ള ലൈസന്‍സ് സമ്പാദിച്ചത്.

മാര്‍ട്ടിന്റെ ഭാര്യ ലിമാറോസിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന്റെ വാടകച്ചീട്ട് ഹാജരാക്കിയായിരുന്നു ലൈസന്‍സ് സമ്പാദിച്ചത്.

2013 ഒക്ടോബര്‍ 10നാണ് ലൈസന്‍സ് നല്‍കിയിരുന്നത്. ഇത് ചൊവ്വാഴ്ച മുന്‍കാലപ്രാബല്യത്തോടെ റദ്ദാക്കിയിരുന്നു.

സാന്റിയാഗോ മാര്‍ട്ടിന്റെ ലോട്ടറി വില്‍പന സ്ഥാപനത്തിന് ലൈസന്‍സ് നല്‍കാന്‍ കൂട്ടുനിന്ന നഗരസഭാചെയര്‍മാന്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് അംഗങ്ങള്‍ പാലക്കാട് നഗരസഭാ കൗണ്‍സില്‍യോഗം ബഹിഷ്‌കരിച്ചിരുന്നു.

നഗരസഭയിലെ ബി.ജെ.പി. കൗണ്‍സിലര്‍ വി. നടേശന്റെ ഇടപെടലോടെയാണ് വളരെപെട്ടെന്ന് ലൈസന്‍സ് ലഭിച്ചതെന്ന് വ്യക്തമായിരുന്നു.

ഇതേത്തുടര്‍ന്ന് പാര്‍ട്ടി സംസ്ഥാനപ്രസിഡന്റ് വി. മുരളീധരന്‍ നടേശന് കാരണംകാണിക്കല്‍ നോട്ടീസ് നല്‍കിയിയിരുന്നു

സംഭവത്തില്‍ വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യുമെന്നും നഗരസഭാ ചെയര്‍മാന്‍ അറിയിച്ചു.

We use cookies to give you the best possible experience. Learn more