നാഗാലാന്റ് ലോട്ടറി വില്‍ക്കാന്‍ മാര്‍ട്ടിന് അനുമതിയില്ല
Kerala
നാഗാലാന്റ് ലോട്ടറി വില്‍ക്കാന്‍ മാര്‍ട്ടിന് അനുമതിയില്ല
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 25th November 2013, 12:33 pm

[]തിരുവനന്തപുരം: നാഗാലാന്റ് ലോട്ടറി കേരളത്തില്‍ വില്‍ക്കാന്‍ സാന്റിയാഗോ മാര്‍ട്ടിന് അനുമതിയില്ല. മാര്‍ട്ടിന്റെ രജിസ്‌ട്രേഷന്‍ അപേക്ഷ നികുതി വകുപ്പ് തള്ളി.

നാഗാലാന്റ് സര്‍ക്കാരുമായി ലോട്ടറി വില്‍പനയ്ക്ക് മാര്‍ട്ടിന്‍ ഉണ്ടാക്കിയ കരാറില്‍ വ്യാപകക്രമക്കേടുകള്‍ നടന്നിട്ടുള്ളതായി വകുപ്പ് കണ്ടെത്തി. ഇത്തരമൊരു കരാര്‍ നിലവില്‍ വന്ന കാര്യം സംസ്ഥാനസര്‍ക്കാര്‍ അറിഞ്ഞിരുന്നില്ല. രജിസ്‌ട്രേഷന് അപേക്ഷ ലഭിച്ചപ്പോഴാണ് നികുതി വകുപ്പ് തന്നെ ഇക്കാര്യം അറിയുന്നത്.

ഗുരുതരമായ ചട്ടലംഘനങ്ങളാണ് കരാറിലുള്ളതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഒരു സംസ്ഥാനത്തെ ലോട്ടറി മറ്റൊരു സംസ്ഥാനത്ത് വില്‍ക്കണമെങ്കില്‍ സംസ്ഥാന ഗവര്‍ണറുടെ പേരിലാണ് കരാര്‍ എഴുതേണ്ടത്. ഗവര്‍ണര്‍ നിയോഗിക്കുന്ന ഉദ്യോഗസ്ഥനാണ് കരാറില്‍ ഒപ്പിടേണ്ടത്. ലോട്ടറി കമ്പനിയ്ക്ക് വേണ്ടി ഉടമസ്ഥന്‍ നിര്‍ദ്ദേശിക്കുന്ന ആളായിരിക്കണം ഒപ്പിടേണ്ടത്. ഇവിടെ കമ്പനിയ്ക്ക് വേണ്ടി കരാര്‍ ഒപ്പിട്ടിരിക്കുന്നത് ലോട്ടറിയുമായി യാതൊരു ബന്ധവുമില്ലാത്തയാളാണ്. ഇതുള്‍പ്പെടെ നിരവധി ചട്ടങ്ങളാണ് കരാറില്‍  ലംഘിച്ചിരിക്കുകയാണ്.

ലോട്ടറി വില്‍പനയിലൂടെ ലഭിക്കുന്ന ഫണ്ട് കൈകാര്യം ചെയ്യാനുള്ള അവകാശം സംസ്ഥാന സര്‍ക്കാരിനാണ്. എന്നാല്‍ ഈ കരാര്‍ പ്രകാരം ഫണ്ട് കൈകാര്യം ചെയ്യാനുള്ള അവകാശം സാന്റിയാഗോ മാര്‍ട്ടിന് തന്നെയാണ്.

സംസ്ഥാനത്തെ ലോട്ടറി വിതരണക്കാരെ തീരുമാനിക്കേണ്ടതും സംസ്ഥാന സര്‍ക്കാരാണ്. ഇവിടെ ഇതിനുള്ള അവകാശവും മാര്‍ട്ടിന് തന്നെയാണ്.

ഇവയുള്‍പ്പെടെ 14-ഓളം ചട്ടലംഘനങ്ങളാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി നാഗാലാന്റ് സര്‍ക്കാരിന് കത്തയച്ചിട്ടുണ്ട്. 30 ദിവസത്തിനുള്ളില്‍ മറുപടി ലഭിച്ചില്ലെങ്കില്‍ കരാര്‍ റദ്ദാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിയും.

നികുതി വകുപ്പിന്റെ തെളിവെടുപ്പില്‍ മാര്‍ട്ടിന്‍ ഹാജരായിരുന്നില്ല.