| Tuesday, 22nd March 2022, 6:29 pm

നല്ല കുടുംബത്തില്‍ പിറന്ന ചെറുപ്പക്കാര്‍ രാഷ്ട്രീയത്തിലേക്ക് കടന്ന് വരണം, എന്നാലേ അതിനെ ശുദ്ധീകരിക്കാന്‍ സാധിക്കുകയുള്ളു: സത്യന്‍ അന്തിക്കാട്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സന്ദേശം എന്ന സിനിമയില്‍ അരാഷ്ട്രീയത ഇല്ലെന്ന് സംവിധായകന്‍ സത്യന്‍ അന്തിക്കാട്. ചിത്രം റിലീസ് ചെയ്ത സമയത്ത് തന്നെ അരാഷ്ട്രീയത പ്രചരിപ്പിക്കുന്നു എന്ന വിമര്‍ശനം ഉയര്‍ന്നിരുന്നുവെന്നും അദ്ദേഹം പറയുന്നു. ഐ.എഫ്.എഫ്.കെ വേദിയില്‍ സംസാരിക്കവേയാണ് സത്യന്‍ അന്തിക്കാടിന്റെ പരാമര്‍ശം.

‘അരാഷ്ട്രീയ വാദമെന്ന വിമര്‍ശനം സന്ദേശം റിലീസ് ചെയ്ത സമയം മുതലുണ്ട്. രാഷ്ട്രീയത്തില്‍ നിന്ന് മുഖം തിരിച്ച് അവനവന്റെ കാര്യം നോക്കി പോ എന്ന സന്ദേശമാണ് സിനിമ മുന്നോട്ട് വെക്കുന്നത് എന്ന തരത്തിലുള്ള പ്രചരണം നടക്കുന്നുണ്ട്. ആ സിനിമ അതല്ലാതെ കാണുമ്പോള്‍ മനസിലാകും, തിലകന്റെ കഥാപാത്രം പറയുന്നുണ്ട്, രാഷ്ട്രീയം നല്ലതാണ്. അത് നല്ല ആളുകള്‍ ചെയ്യുമ്പോള്‍ എന്ന്. സന്ദേശത്തില്‍ രാഷ്ട്രീയത്തിന്റെ വക്താക്കളായി കാണിക്കുന്ന ശ്രീനിവാസന്റെയും ജയറാമിന്റെയും കഥാപാത്രങ്ങള്‍ നല്ല രാഷ്ട്രീയക്കാരല്ല.

ഒരു എം.എല്‍.എ പോലുമില്ല ആ സിനിമയില്‍, പാര്‍ട്ടിയുടെ മണ്ഡലം പ്രസിഡന്റായ മാമുക്കോയ മാത്രമാണ് അതിലുള്ളത്, അതിലും താഴെയുള്ളവരുടെ കഥയാണ് സിനിമ പറയുന്നത്. രാഷ്ട്രീയം ബോധ്യപ്പെടുത്തികൊടുക്കുകയാണ് സിനിമയിലൂടെ ചെയ്യുന്നത്. യഥാര്‍ത്ഥ രാഷ്ട്രീയം സേവനമാണ്. ആദ്യം സ്വയം നന്നായി സ്വന്തം വീട് നന്നാക്കണമെന്നാണ് സിനിമ പറയുന്നത്, ഇത് രണ്ടുമില്ലാതെ രാഷ്ട്രീയത്തിലിറങ്ങിയിട്ട് കാര്യമില്ല.

അതല്ലലോ യഥാര്‍ത്ഥ രാഷ്ട്രീയം. യഥാര്‍ത്ഥ രാഷ്ട്രീയം സേവനമാണ്. അത് ഇന്നത്തെ ഭരണകര്‍ത്താക്കളും, മുമ്പുള്ള ഭരണകര്‍ത്താക്കളും നല്ല മാര്‍ഗങ്ങളിലൂടെ കാണിച്ചു തന്നതാണ്. ആ വഴിയിലൂടെ സഞ്ചരിക്കാനാണ് സന്ദേശത്തിലൂടെ പറയുന്നത്.
ചിലര്‍ രാഷ്ട്രീയം മോശമാണെന്ന് പറയും. എന്നാല്‍ താന്‍ അത്തരത്തിലുള്ള വ്യക്തിയല്ല, രാഷ്ട്രീയം നല്ലതാണ്. അത് ഒരു രാഷ്ട്രത്തിന്റെ വികസനത്തിന് അത്യാവശ്യവുമാണ്.

എന്നാല്‍ അതിനെ നല്ല രീതിയില്‍ സമീപിക്കുകയാണ് വേണ്ടത്. നമ്മള്‍ കണ്ടിട്ടുണ്ടല്ലോ സമരങ്ങളില്ലാത്ത സ്‌കൂളുകളില്‍ കുട്ടികളെ ചേര്‍ത്താല്‍ അവര്‍ പത്താം ക്ലാസ് കഴിഞ്ഞ് യൂണിഫോമിട്ട് ഒരു പ്രത്യേക തരം കമ്മ്യൂണിറ്റിയായി വളര്‍ന്ന് വന്ന് ഡിഗ്രിയെടുത്ത്, ഐ.എ.എസുകാരാവുന്നു, അല്ലെങ്കില്‍ ഡോക്ടര്‍മാരാവുന്നു.

രാഷ്ട്രീയമുള്ളൊരു സാധാരണ സ്‌കൂളില്‍ കുട്ടികളെ ചേര്‍ത്താല്‍ അവര്‍ ബസിന് കല്ലെറിഞ്ഞും, സമരം ചെയ്തും, അവസാനം മന്ത്രിമാരായിട്ട് ഇവരെ ഭരിക്കുന്ന കാലത്തിലേക്കാണ് വരുന്നത്. അതുകൊണ്ട് നല്ല കുടുംബത്തില്‍ പിറന്ന, നല്ല ബുദ്ധിയുള്ള ചെറുപ്പക്കാര്‍ രാഷ്ട്രീയത്തിലേക്ക് കടന്ന് വരണം. എന്നാലേ രാഷ്ട്രീയത്തിനെ ശുദ്ധീകരിക്കാന്‍ സാധിക്കുകയുള്ളു,’ സത്യന്‍ അന്തിക്കാട് കൂട്ടിച്ചേര്‍ത്തു.


Content Highlights: Santhyan Anthikkad says about politics and politicians

We use cookies to give you the best possible experience. Learn more