| Tuesday, 22nd February 2022, 5:10 pm

ഒരു 'നല്ല മനുഷ്യന്‍' എന്ന ഇമേജ് ഉണ്ടാക്കിയെടുക്കാന്‍ മനപൂര്‍വം മമ്മൂട്ടി ശ്രമിക്കുന്നുണ്ട്; പ്രണവ് മോഹന്‍ലാലിന് സിനിമയേക്കാള്‍ വേറെ പല താല്‍പര്യങ്ങളുമാണുള്ളത്: വൈറലായ ആറാട്ട് ഫാന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഫെബ്രുവരി 18ന് മോഹന്‍ലാല്‍ ചിത്രം ആറാട്ട് റിലീസ് ചെയ്തതിന് പിന്നാലെ ചിത്രത്തിനൊപ്പം തന്നെ ചര്‍ച്ചയായ ഒരാളായിരുന്നു ‘വൈറല്‍ ആറാട്ട്-മോഹന്‍ലാല്‍ ഫാന്‍’.

ആറാട്ടിന്റെ പ്രേക്ഷക പ്രതികരണമെടുക്കാന്‍ തിയേറ്ററിലെത്തിയ ഓണ്‍ലൈന്‍ മാധ്യമങ്ങളുടെയെല്ലാം മുന്നില്‍ പ്രത്യക്ഷപ്പെട്ട് മോഹന്‍ലാല്‍ ചിത്രത്തെ വാനോളം പുകഴ്ത്തിയതിലൂടെയാണ് ഇദ്ദേഹം ട്രോളന്മാരുടെ പ്രിയപ്പെട്ടവനായി മാറിയത്. ഇതില്‍ തന്നെ ലാലേട്ടന്‍ ആറാടുകയാണ് എന്ന ഡയലോഗ് എല്ലാ മാധ്യമങ്ങളോടും അദ്ദേഹം ആവര്‍ത്തിച്ചിട്ടുണ്ട്.

”ലാലേട്ടന്‍ തകര്‍ത്തിട്ടുണ്ട്. ലാലേട്ടന്‍ ആറാടുകയാണ്. ഫസ്റ്റ് ഹാഫ് ലാലേട്ടന്റെ ആറാട്ടാണ് സെക്കന്റ് ഹാഫ് നല്ല കഥയാണ്, ഫാന്‍സിനും എല്ലാവര്‍ക്കും ഇഷ്ടപ്പെടും” എന്നൊക്കെയായിരുന്നു ഇദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്.

ആറാട്ട് നിരാശപ്പെടുത്തി എന്ന് ചില പ്രേക്ഷകര്‍ പ്രതികരിക്കുമ്പോള്‍, ഉടന്‍ തന്നെ ”ഇത് നെഗറ്റീവ് ക്യാമ്പെയ്നാണ്, മമ്മൂട്ടിയുടെ രാജമാണിക്യം ഒന്നുമല്ല” എന്നും ഇടക്ക് കേറി ഇദ്ദേഹം പറഞ്ഞിരുന്നു.

”ആറാട്ട് മോഹന്‍ലാല്‍ ഫാന്‍സിന് ഇഷ്ടപ്പെടുമെന്നും മമ്മൂട്ടി ഫാന്‍സിന് ചിത്രം ഇഷ്ടപ്പെടില്ലെന്നും” അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

സന്തോഷ് മാത്യു വര്‍ക്കി എന്നാണ് ഈ മോഹന്‍ലാല്‍ ആരാധകന്റെ പേര്. എഞ്ചിനീയറാണ് സന്തോഷ്. ആറാട്ടിനെക്കുറിച്ച് കൊച്ചുവര്‍ത്തമാനം എന്ന യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മമ്മൂട്ടിക്കെതിരെ വീണ്ടും വിമര്‍ശനമുന്നയിച്ചിരിക്കുകയാണ് സന്തോഷ്.

മമ്മൂട്ടി ‘നല്ല മനുഷ്യന്‍’ ഇമേജ് ഉണ്ടാക്കിയെടുക്കാന്‍ ശ്രമിക്കുകയാണ് എന്നാണ് സന്തോഷ് ആരോപണമുന്നയിച്ചത്.

”മമ്മൂട്ടി ഒരു ഇമേജ് ഫാബ്രിക്കേറ്റ് ചെയ്യുന്ന പോലെ തോന്നുന്നുണ്ട്. ‘നല്ല മനുഷ്യന്‍’ എന്ന ഇമേജ് ഉണ്ടാക്കിയെടുക്കാന്‍ നോക്കുന്ന പോലെ. അത് ഹൃദയത്തില്‍ നിന്നും വരുന്ന പോലെ തോന്നുന്നില്ല. പക്ഷെ നല്ല ആക്ടറാണ്. ഹാര്‍ഡ്‌വര്‍ക്കിങ് ആണ്,” സന്തോഷ് പറഞ്ഞു.

മോഹന്‍ലാലിനെക്കുറിച്ച് ഇംഗ്ലീഷില്‍ പുസ്തകം എഴുതിയിട്ടുണ്ടെന്നും സന്തോഷ് വീഡിയോയില്‍ പറയുന്നു.

”രണ്ട് ബുക്ക് ഞാന്‍ എഴുതിയിട്ടുണ്ട്. ഒന്ന് ലാലേട്ടനെ കുറിച്ചാണ്. അത് ആമസോണിലുണ്ട്. ലാലേട്ടന്റെ പെര്‍മിഷന് വാങ്ങി എഴുതിയതാണ്. ഇംഗ്ലീഷിലാണ് ബുക്ക്, ‘ദ വേഴ്‌സെറ്റൈല്‍ ജീനിയസ് ആന്‍ഡ് മെസഞ്ചര്‍ ഓഫ് ലവ് (The Versatile Genius and Messenger of Love). ” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രണവ് മോഹന്‍ലാലിന്റെ അഭിനയം കുഴപ്പമില്ല. പക്ഷെ പ്രണവിന് സിനിമ താല്‍പര്യമുണ്ടോ എന്ന് സംശയമാണ്. പ്രണവിന് വേറെ എന്തൊക്കെയോ താല്‍പര്യങ്ങളാണെന്നും സന്തോഷ് പറയുന്നു.

ഒരുപാട് നല്ല ഡയറക്ചടേഴ്‌സിനൊപ്പമുള്ള സിനിമകള്‍ ലാലേട്ടന്‍ വേറെ ബിഗ് ബജറ്റ് ചിത്രങ്ങളുടെ പേരില്‍ ഒഴിവാക്കുന്നുണ്ട്. ഷാജി എന്‍. കരുണിന്റെ ചിത്രം, ഗൗതം മേനോന്റെ ചിത്രം ഒക്കെ.

മലയാളസിനിമയില്‍ പുള്ളിയുടെ മാര്‍ക്കറ്റ് കൂട്ടാനുദ്ദേശിച്ചായിരിക്കും അത് ചെയ്യുന്നത്. മോഹന്‍ലാല്‍ എന്ന ആക്ടറിനെ ഇപ്പോള്‍ കാണുന്നേ ഇല്ല, താരത്തെ മാത്രമാണ് കാണുന്നതെന്നും സന്തോഷ് വീഡിയോയില്‍ കൂട്ടിച്ചേര്‍ത്തു.

തനിക്ക് സിനിമകളുടെ റിവ്യൂ ചെയ്യാന്‍ താല്‍പര്യമുണ്ടെന്നും ഒരു പടം കണ്ടുകഴിഞ്ഞാല്‍ അതിനെപ്പറ്റി നന്നായി വിശകലനം ചെയ്ത് പറയാന്‍ തനിക്ക് സാധിക്കുമെന്നും ഈ വൈറല്‍ ആറാട്ട് ഫാന്‍ പറഞ്ഞു.

ചെറുപ്പം മുതല്‍ താന്‍ ലാലേട്ടന്‍ ആരാധകനാണെന്നും പണത്തിന് വേണ്ടിയല്ല സിനിമയെ പ്രൊമോട്ട് ചെയ്തതെന്നും നേരത്തെ സന്തോഷ് പറഞ്ഞിരുന്നു.

ആറാട്ടിന് മാത്രമല്ല, അടുത്തകാലത്തിറങ്ങിയ മോഹന്‍ലാലിന്റെ പല സിനിമകള്‍ക്കെതിരെയും ഡീഗ്രേഡിങ് നടക്കുന്നുണ്ടെന്നും അദ്ദേഹം ഒരു ആര്‍.എസ്.എസുകാരനോ ബി.ജെ.പിക്കാരനോ ആണെന്നുള്ള ചിന്തയില്‍ നിന്നാണ് ഇത് വരുന്നതെന്നും സന്തോഷ് പ്രതികരിച്ചിരുന്നു.


Content Highlight: Viral Aarattu fan Santhosh criticizing Mammootty

We use cookies to give you the best possible experience. Learn more