ഭീഷ്മ പര്‍വ്വം പക്കാ എന്റര്‍ടെയ്‌നറെന്ന് സന്തോഷ് വര്‍ക്കി. ചിത്രം ലൂസിഫറിന് ഒപ്പമെത്തുകയോ അതിന്റെ റെക്കോര്‍ഡ് തകര്‍ക്കുകയോ ചെയ്യുമെന്നും സന്തോഷ് പറഞ്ഞു.
മോഹന്‍ലാല്‍ നായകനായ ആറാട്ട് റിലീസ് ചെയ്ത ദിവസം ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് സിനിമയെ പറ്റി പ്രതികരണം നല്‍കി വൈറലായ ആരാധകനാണ് സന്തോഷ്. സിനിഫില്‍ മൂവി ഗ്രൂപ്പിലൂടെയായിരുന്നു സന്തോഷിന്റെ പ്രതികരണം.
‘മമ്മൂട്ടിയുടെ സ്റ്റൈലിഷ് ആക്ടിംഗ് കൊണ്ടും സൗബിന്റെ സ്വഭാവികവും തീവ്രവുമായ അഭിനയവും കൊണ്ടും അമല്‍ നീരദിന്റെ മേക്കിംഗ് കൊണ്ടും ഭീഷ്മ പര്‍വ്വം മികച്ച സിനിമയാണ്. സിനിമ ഒരു പക്കാ എന്റര്‍ടെയ്‌നറാണ്. ഞാന്‍ 5ല്‍ 4.8 മാര്‍ക്ക് കൊടുക്കും. എനിക്ക് തോന്നുന്നത് ഭീഷ്മ പര്‍വ്വം ലൂസിഫറിന് ഒപ്പമെത്തുകയോ റെക്കോര്‍ഡ് തകര്‍ക്കുകയോ ചെയ്യും,’ സന്തോഷ് കുറിച്ചു.
നേരത്തെ ഭീഷ്മ പര്‍വ്വത്തിന് പല പ്രാവിശ്യം ടിക്കറ്റ് എടുക്കാന്‍ നോക്കിയെങ്കിലും സന്തോഷിന് ലഭിച്ചില്ലായിരുന്നു.
കഴിഞ്ഞ ദിവസം മോഹന്‍ലാലിനെ കുറിച്ച് സന്തോഷ് ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പ് ശ്രദ്ധിക്കപ്പെട്ടിരുന്നു. അടിസ്ഥാനപരമായി മോഹന്‍ലാല്‍ നല്ല മനസ്സുള്ള വ്യക്തിയാണെന്നും എന്നാല്‍ കൂടെയുള്ളവര്‍ അദ്ദേഹത്തെ വഞ്ചിക്കുകയാണെന്നും സന്തോഷ് കുറിച്ചു.
കഴിഞ്ഞ 18 വര്‍ഷമായി താന്‍ മോഹന്‍ലാല്‍ ചിത്രം ഫസ്റ്റ് ഡേ ഫസ്റ്റ് ഷോയില്‍ കാണുകയും മോഹന്‍ലാലിനുവേണ്ടി സംസാരിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ കുടുംബത്തില്‍ നിന്നും മറ്റുള്ളവരില്‍ നിന്നും ഒടുവില്‍ മോഹന്‍ലാലില്‍ നിന്നു തന്നെയും അപമാനമല്ലാതെ എന്താണ് തനിക്ക് ലഭിച്ചതെന്നും അത് തന്നെ ഹൃദയം തകര്‍ത്തെന്നും സന്തോഷ് ഫേസ്ബുക്ക് വാളില്‍ കുറിച്ചിട്ടുണ്ട്.
എന്‍ജിനീയര്‍ ആയ സന്തോഷ് വര്‍ക്കി ഇപ്പോള്‍ ഫിലോസഫിയില്‍ പി.എച്ച്.ഡി ചെയ്യുകയാണ്. താന്‍ ജനിച്ച വര്‍ഷമാണ് മോഹന്‍ലാല്‍ സൂപ്പര്‍സ്റ്റാര്‍ ആയതെന്നും മോഹന്‍ലാല്‍ നായകനാകുന്ന ചിത്രങ്ങളോട് പ്രത്യേക മമതയുണ്ടെങ്കിലും എല്ലാ ചിത്രങ്ങളും കാണാറുണ്ടെന്നും സന്തോഷ് പറഞ്ഞിരുന്നു.
മോഹന്‍ലാലിനെ കുറിച്ച് സന്തോഷ് ഒരു പുസ്തകവും എഴുതിയിട്ടുണ്ട്. ആറാട്ടിനെ കുറിച്ചുള്ള പ്രതികരണത്തിന് ശേഷം സന്തോഷിനെ പറ്റി നിരവധി ട്രോളുകളും സ്റ്റിക്കറുകളും ഇറങ്ങിയിരുന്നു. എന്നാല്‍ ട്രോളുകളെ തമാശയായി മാത്രമാണ് കാണാറുള്ളതെന്നാണ് സന്തോഷ് വര്‍ക്കി പറയുന്നത്.
Content Highlight: santhosh varkey review on bheeshma parvam