| Thursday, 28th April 2022, 8:20 am

ഫൈനല്‍ തേടി കേരളം ഇറങ്ങുന്നു; എതിരാളികള്‍ കരുത്തര്‍; രണ്ടിലൊന്ന് ഇന്നറിയാം

സ്പോര്‍ട്സ് ഡെസ്‌ക്

സന്തോഷ് ട്രോഫി സെമി ഫൈനല്‍ പോരാട്ടത്തിന് കേരളം ഇന്നിറങ്ങുന്നു. കരുത്തരായ കര്‍ണാടകയെയാണ് സെമി പോരാട്ടത്തില്‍ കേരളത്തിന് നേരിടാനുള്ളത്.

മഞ്ചേരി പയ്യനാട് സ്‌റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. ചരിത്രത്തിലാദ്യമായാണ് മലപ്പുറം സന്തോഷ് ട്രോഫിക്ക് ആതിഥ്യമരുളുന്നത്.

അടുത്ത ദിവസം നടക്കുന്ന രണ്ടാം സെമി ഫൈനലില്‍ ബംഗാള്‍ മണിപ്പൂരിനെ നേരിടും. മെയ് രണ്ടിനാണ് ഫൈനല്‍.

തോല്‍വിയറിയാതെയാണ് കേരളം ഫൈനലിന്റെ പടിവാതില്‍ക്കല്‍ എത്തി നില്‍ക്കുന്നത്. ഗ്രൂപ്പ് എയില്‍ നിന്നും മൂന്ന് ജയവും ഒരു സമനിലയുമായി 10 പോയിന്റോടെ ഗ്രൂപ്പ് ചാമ്പ്യന്‍മാരായാണ് കേരളം സെമിയിലെത്തിയിരിക്കുന്നത്.

രണ്ട് ജയവും ഒന്ന് വീതം സമനിലയും തോല്‍വിയും വഴങ്ങിയാണ് ഗ്രൂപ്പ് ബിയില്‍ നിന്നും അയല്‍ക്കാരുടെ സെമി പ്രവേശം. ഏഴ് പോയിന്റാണ് കര്‍ണാടകയ്ക്കുള്ളത്.

ഹോം ഗ്രൗണ്ടിന്റെ അഡ്വാന്റേജ് മുതലെടുക്കാനാവും എല്ലാ മത്സരത്തിലേതെന്നപോലെ സെമിയിലും കേരളം ശ്രമിക്കുന്നത്. ഫുട്‌ബോളിന്റെ ആവേശം അലതല്ലിയാര്‍ക്കുന്ന മലപ്പുറത്തെ കായിപ്രേമികളും അതിന് തന്നെയാണൊരുങ്ങുന്നത്.

നാല് മത്സരത്തില്‍ നിന്നും പത്തിലധികം ഗോളുകളാണ് കേരളം നേടിയത്. വഴങ്ങിയതാവട്ടെ കേവലം മൂന്ന് ഗോളും. ഈ കണക്കുകള്‍ മാത്രം മതി കേരളം എത്രത്തോളം ശക്തരാണെന്ന് വെളിവാക്കാന്‍.

മുന്നേറ്റത്തില്‍ മികവ് പുലര്‍ത്തുമ്പോഴും ഫിനിഷിംഗിലെ പോരായ്മകളാണ് കേരളത്തെ വലയ്ക്കുന്നത്. പ്രതിരോധത്തിലും പാളിച്ചകളുണ്ട്.

ക്യാപ്റ്റന്‍ ജിജോയും അര്‍ജുന്‍ ജയരാജുമടങ്ങിയ മധ്യനിര ഏത് ടീമിനെയും വെല്ലുന്നതാണ്. ഇതുവരെ അഞ്ച് ഗോളാണ് ജിജോയുടെ ബൂട്ടില്‍ നിന്നും പിറന്നത്. സ്റ്റാര്‍ സ്‌ട്രൈക്കര്‍ വിഘ്‌നേഷിന് ഇനിയും ഗോളടിക്കാന്‍ സാധിക്കാത്തതും കേരള ക്യാമ്പിനെ ചിന്തിപ്പിക്കുന്നുണ്ട്.

അതേസമയം, ഏത് വലിയ ടീമിനെയും അട്ടിമറിക്കാന്‍ കരുത്തുള്ള ടീമാണ് കര്‍ണാടക. ഗുജറാത്തിനെതിരായ വന്‍ വിജയത്തോടെ സെമിയിലേക്ക് കുതിച്ചെത്തിയ കര്‍ണാടകയുടെ പോരാട്ടവീര്യം ചില്ലറയല്ല. കൊണ്ടും കൊടുത്തും മുന്നേറുന്ന അറ്റാക്കിംഗ് ഗെയിം കര്‍ണാടക വീണ്ടും പുറത്തെടുത്താല്‍ കേരളം അല്‍പമൊന്ന് വിയര്‍ക്കേണ്ടി വരുമെന്നുറപ്പ്.

പരിശീലകന്‍ ബിബി തോമസടക്കം നാല് മലയാളികളാണ് കര്‍ണാടകയുടെ കരുത്ത്. ബിബി തോമസിന്റെ തന്ത്രങ്ങളും മുന്നേറ്റത്തിലേയും പ്രതിരോധത്തിലേയും ഒത്തൊരുമയും കരുത്തും തന്നെയാണ് കര്‍ണാടകയെ അപകടകാരികളാക്കുന്നത്.

ഇരു ടീമും തങ്ങളുടെ യഥാര്‍ത്ഥ ഗെയിം പ്ലാന്‍ പുറത്തെടുത്താല്‍ മലപ്പുറത്ത് തീപാറുമെന്നുറപ്പാണ്.

Content Highlight: Santhosh Trophy Semi Final, Kerala takes on Karnataka

We use cookies to give you the best possible experience. Learn more