| Friday, 2nd August 2024, 10:54 pm

അന്ന് ക്യാമറയില്‍ മഞ്ജുവിനെ കണ്ട് രോമാഞ്ചമുണ്ടായി; വെറുതെ ഡയലോഗ് പറയാനും കരയാനും എളുപ്പമാണ്: സന്തോഷ് തുണ്ടിയില്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

1998ല്‍ സിബി മലയിലിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രമാണ് പ്രണയവര്‍ണ്ണങ്ങള്‍. സുരേഷ് ഗോപി, മഞ്ജു വാര്യര്‍, ദിവ്യ ഉണ്ണി, ബിജു മേനോന്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തിയ ചിത്രമായിരുന്നു ഇത്. ഈ സിനിമക്കായി ക്യാമറ ചലിപ്പിച്ച വ്യക്തിയാണ് സന്തോഷ് തുണ്ടിയില്‍. ഷാറൂഖ് ഖാന്‍ ചിത്രമായ കുച്ച് കുച്ച് ഹോത്താ ഹേ, ഹൃത്വിക് റോഷന്‍ ചിത്രം കൃഷ് തുടങ്ങിയ ഒരുപാട് ഹിറ്റ് ഇന്ത്യന്‍ സിനിമകള്‍ക്കായി പ്രവര്‍ത്തിച്ചതും സന്തോഷ് തന്നെയാണ്.

മോഹന്‍ലാല്‍ ചിത്രമായ ദേവദൂതന്റെയും ക്യാമറമാന്‍ അദ്ദേഹമായിരുന്നു. ഇപ്പോള്‍ പ്രണയവര്‍ണ്ണങ്ങളുടെ സമയത്ത് മഞ്ജു വാര്യരെ ക്യാമറയില്‍ കാണുമ്പോള്‍ എന്താണ് തോന്നിയിട്ടുള്ളത് എന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് സന്തോഷ്. ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സന്തോഷ് തുണ്ടിയില്‍.

‘പ്രണയവര്‍ണ്ണങ്ങള്‍ ചെയ്യുമ്പോഴാണ് ഞാന്‍ മഞ്ജു വാര്യരെ ആദ്യമായി കാണുന്നത്. സിബി സാറ് വിളിച്ച് സംസാരിച്ചപ്പോള്‍ ആരാണ് നടിയെന്ന് ചോദിച്ചു. അന്ന് മഞ്ജുവിന്റെ പേര് പറഞ്ഞു. അന്നത്തെ കണ്‍വെന്‍ഷണല്‍ നടിമാരുടെ ലുക്ക് അല്ലല്ലോ അവര്‍ക്ക് ഉണ്ടായിരുന്നത്. വളരെ കോമണായ ഓര്‍ഡിനറി ലുക്കിങ് ഗേളായിരുന്നു മഞ്ജു. ഏതോ ഒരു ഹീറോയിന്‍ എന്ന രീതിയിലാണ് ഞാന്‍ അന്ന് അവരെ കണ്ടിരുന്നത്.

അങ്ങനെ ചിന്തിച്ചാണ് ഞങ്ങള്‍ ഷൂട്ട് തുടങ്ങുന്നത്. ഒരു ദിവസം സൂം ലെന്‍സൊക്കെ വെച്ചിട്ട് മഞ്ജുവിന്റെ ക്ലോസപ്പ് ഷൂട്ട് ചെയ്യാന്‍ തുടങ്ങി. ലൈബ്രറിയില്‍ ബുക്കോ മറ്റോ നോക്കി നടക്കുന്ന സീനായിരുന്നു അത്. ക്ലോസ് ഷോട്ടുകള്‍ എടുത്തപ്പോഴാണ് നമുക്ക് അവരുടെ റേഞ്ച് ഫീല്‍ ചെയ്തത്. അവര്‍ ഒരു സംഭവമാണെന്ന് അന്ന് എനിക്ക് മനസിലായി.

വെറുതെ ഡയലോഗ് പറയാനും കരയാനുമൊക്കെ എളുപ്പമാണ്. പക്ഷെ വളരെ സോഫ്റ്റായിട്ടുള്ള ഇമോഷന്‍ ചെയ്യാന്‍ പ്രയാസമാണ്. സൂം ലെന്‍സില്‍ കാണുമ്പോള്‍ ഇത് വ്യക്തമാണ്. കാരണം ആ സമയത്ത് നമ്മള്‍ വേറെ ആരെയും കാണില്ലല്ലോ. അത് കണ്ട് കഴിഞ്ഞപ്പോള്‍ ശരിക്കും രോമാഞ്ചം ഉണ്ടായി പോയി. അതുപോലെയുള്ള പെര്‍ഫോമന്‍സായിരുന്നു മഞ്ജു വാര്യരിന്റേത്. അങ്ങനെ ഞാന്‍ അവരില്‍ ഇമ്പ്രസ്ഡായി,’ സന്തോഷ് തുണ്ടിയില്‍ പറഞ്ഞു.


Content Highlight: Santhosh Thundiyil Talks About Pranayavarnangal Movie And Manju Warrier

Latest Stories

We use cookies to give you the best possible experience. Learn more