ചിലരോടൊപ്പം വര്‍ക്ക് ചെയ്യുമ്പോള്‍ അത് മോഹന്‍ലാല്‍ ചെയ്തിരുന്നെങ്കില്‍ എന്ന ചിന്ത തനിക്ക് ഉണ്ടാകാറുണ്ടെന്ന് പറയുകയാണ് സന്തോഷ് തുണ്ടിയില്‍. ഷാറൂഖ് ഖാന്‍ ചിത്രം കുച്ച് കുച്ച് ഹോത്താ ഹേ, ഹൃത്വിക് റോഷന്‍ ചിത്രമായ കൃഷ് തുടങ്ങിയ നിരവധി സിനിമകളുടെ ക്യാമറ ചലിപ്പിച്ച വ്യക്തിയാണ് അദ്ദേഹം. മോഹന്‍ലാലിനെ ക്യാമറയില്‍ കാണുമ്പോള്‍ എന്താണ് തോന്നിയിട്ടുള്ളത് എന്ന ചോദ്യത്തിന് മറുപടി ആയാണ് അദ്ദേഹം ഈ കാര്യം പറഞ്ഞത്. ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സന്തോഷ് തുണ്ടിയില്‍.
‘ഫുട്ബോള്‍ വളരെ നന്നായി ഫോളോ ചെയ്യുന്ന ആളാണ് ഞാന്‍. ഒരു കളി കാണുമ്പോള്‍ ഈ ബോള്‍ മെസിയാണ് എടുത്തിരുന്നതെങ്കില്‍ എന്ന് ചിന്തിക്കാറുണ്ട്. അങ്ങനെയെങ്കില്‍ എങ്ങനെയാകും ആ ബോള്‍ മെസി എടുക്കുക എന്നും ചിന്തിക്കും. ഇത് നമ്മള്‍ തന്നെ അറിയാതെ ഉണ്ടാകുന്ന ചിന്തയാണ്. അയാളുടെ ബോള്‍ ശരിയായില്ല, അയാള്‍ക്ക് പകരം മെസി ആയിരുന്നെങ്കില്‍ വേറെ രീതിയില്‍ ആയേനേയെന്ന് തീര്‍ച്ചയായും ഞാന്‍ ചിന്തിക്കും. അതുപോലെ മറ്റ് പല താരങ്ങളുമായി വര്‍ക്ക് ചെയ്യുമ്പോള്‍ ഇത് ലാല്‍ സാര്‍ ആയിരുന്നുവെങ്കില്‍ എന്ന് പലപ്പോഴും ഞാന്‍ വിചാരിക്കാറുണ്ട്.
ചില സീനുകള്‍ ഷൂട്ട് ചെയ്യുമ്പോള്‍ ഞാന്‍ പലപ്പോഴും അതില്‍ അണ്‍സാറ്റിസ്ഫൈഡ് ആകാറുണ്ട്. ആ സമയത്ത് അസിസ്റ്റന്‍സ് എന്നോട് അതിനെ പറ്റി ചോദിക്കാറുമുണ്ട്. ഞാന്‍ ആ സമയത്ത് ഇതില്‍ ഒട്ടും ഹാപ്പിയല്ലെന്ന് മറുപടിയായി പറയും. ഞാന്‍ അവരോട് ഈ കാര്യങ്ങള്‍ തുറന്ന് പറയാറുണ്ട്. ലാല്‍ സാറിന്റേത് അഭിനയമാണോ അതോ റിയലാണോ എന്ന് പലപ്പോഴും വേര്‍തിരിച്ച് അറിയാന്‍ കഴിയില്ല എന്നതാണ് സത്യം.
ഇനിയേത് ഡയലോഗാകും ലാല്‍ സാര്‍ പറയാന്‍ പോകുന്നതെന്ന് നമുക്ക് അറിയുന്ന കാര്യമാകും. ഷൂട്ടിന് തൊട്ടുമുമ്പ് അദ്ദേഹം നമ്മളോട് തമാശ പറഞ്ഞിരിക്കുകയാകും. എന്നാല്‍ ആക്ഷന്‍ പറഞ്ഞ് കഴിഞ്ഞാല്‍ വളരെ പെട്ടെന്ന് ലാല്‍ സാര്‍ ആ കഥാപാത്രമായി മാറുന്നത്. അതേസമയം തന്റെ പെര്‍ഫോമന്‍സ് കഴിഞ്ഞാല്‍ ലാല്‍ സാര്‍ തിരിച്ച് പഴയ ആളാകും. അഭിനയത്തില്‍ മെസിയാണ് മോഹന്‍ലാലെന്ന് വേണമെങ്കില്‍ പറയാം. മെസി കാര്യങ്ങളെ വളരെ സിമ്പിളായി നോക്കി കാണുന്ന ആളാണ്,’ സന്തോഷ് തുണ്ടിയില്‍ പറഞ്ഞു.
Content Highlight: Santhosh Thundiyil Talks About Mohanlal