ലാലേട്ടൻ വീണെന്ന് കരുതി ഞാൻ ചെന്ന് പിടിച്ചു, അത്രയും റിയലിസ്റ്റിക്കായാണ് അദ്ദേഹം അഭിനയിച്ചത്; ദേവദൂതന്റെ ക്യാമറമാൻ
Entertainment
ലാലേട്ടൻ വീണെന്ന് കരുതി ഞാൻ ചെന്ന് പിടിച്ചു, അത്രയും റിയലിസ്റ്റിക്കായാണ് അദ്ദേഹം അഭിനയിച്ചത്; ദേവദൂതന്റെ ക്യാമറമാൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 4th August 2024, 8:45 am

നിരവധി സിനിമകളുടെ ക്യാമറ ചലിപ്പിച്ച വ്യക്തിയാണ് സന്തോഷ് തുണ്ടിയില്‍. 1998ല്‍ പുറത്തിറങ്ങിയ ഷാറൂഖ് ഖാന്‍ ചിത്രം കുച്ച് കുച്ച് ഹോത്താ ഹേ, 2006ലെ ഹൃത്വിക് റോഷന്‍ ചിത്രമായ കൃഷ് തുടങ്ങിയ ഒരുപാട് ഹിറ്റ് സിനിമകളുടെ ഭാഗമാകാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. മോഹന്‍ലാല്‍ ചിത്രമായ ദേവദൂതന്റെയും ക്യാമറ ചലിപ്പിച്ചത് സന്തോഷ് തുണ്ടിയിലാണ്.

മോഹൻലാലിന്റെ അഭിനയത്തെ കുറിച്ച് സംസാരിക്കുകയാണ് സന്തോഷ്‌. നോർമലായിട്ടുള്ള പാട്ടാണെങ്കിലും ഇമോഷണൽ സീനാണെങ്കിലും വളരെ സട്ടില്ലായി വലിയ റേഞ്ചിൽ അഭിനയിക്കുന്ന താരമാണ് മോഹൻലാലെന്നും ദേവദൂതനിൽ വിശാൽ കൃഷ്ണ മൂർത്തിയെന്ന സംഗീതജ്ഞനായി എല്ലാ ഭാവങ്ങളും ഉൾക്കൊണ്ടാണ് അദ്ദേഹം അഭിനയിച്ചതെന്നും സന്തോഷ്‌ പറയുന്നു. സില്ലി മോങ്ക്സ് മോളിവുഡിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ദേവദൂതനിൽ ലാൽ സാർ ഒരു തിണ്ണയിൽ ചാരി കിടക്കുന്ന ഒരു സീനുണ്ട്. അവിടെ നിന്ന് മയങ്ങി താഴെ വീഴുന്ന ഒരു സീനാണെന്ന് തോന്നുന്നു. ഞാൻ ക്യാമറയുടെ തൊട്ടടുത്തുണ്ട്. ശരിക്കും പുള്ളി വീഴുന്ന പോലെ അഭിനയിച്ചു.

എന്നാൽ ഞാൻ ചാടി കയറി പിടിക്കാൻ ചെന്നു. കാരണം അത്രയും റിയലിസ്റ്റിക്കായിട്ടാണ് അദ്ദേഹം അത് ചെയ്തത്. അദ്ദേഹത്തിന്റെ അഭിനയത്തിന്റെ ഒരു റേഞ്ച് വളരെ വലുതാണ്. ഈസിനെസ് എന്ന് നമ്മൾ പറയില്ലേ.

അതിപ്പോൾ നോർമൽ ആയിട്ടുള്ള പാട്ടാണെങ്കിലും ഇമോഷണൽ സീനാണെങ്കിലും വളരെ സട്ടിലായിട്ടാണ് അദ്ദേഹം ചെയ്യുക. ഇപ്പോൾ ഈയിടെ ഇറങ്ങിയ നേര് എന്ന സിനിമയിലും അതാണ് നമ്മൾ കണ്ടത്. അങ്ങനെയുള്ള വളരെ ലൈറ്റ് ആയിട്ടുള്ള കഥാപാത്രങ്ങളുണ്ട്.

ദേവദൂതനിൽ തന്നെ മ്യൂസിഷ്യനായി അദ്ദേഹം അഭിനയിച്ചു. പക്ഷെ വളരെ റിയലിസ്റ്റിക്കായി ഒരു മ്യൂസിഷ്യന്റെ മാനസിക ഭാവങ്ങളും ഉൾക്കൊണ്ടാണ് അദ്ദേഹം അവതരിപ്പിച്ചത്,’ സന്തോഷ്‌ തുണ്ടിയിൽ പറയുന്നു.

Content Highlight: Santhosh Thundiyil Talk About Mohanlal’s Acting