ലാലേട്ടന് ഏറ്റവും ഇഷ്ടപ്പെട്ട 10 സിനിമകളിലൊന്ന് അതാണെന്നറിഞ്ഞപ്പോള്‍ സന്തോഷം തോന്നി: സന്തോഷ് തുണ്ടിയില്‍
Entertainment
ലാലേട്ടന് ഏറ്റവും ഇഷ്ടപ്പെട്ട 10 സിനിമകളിലൊന്ന് അതാണെന്നറിഞ്ഞപ്പോള്‍ സന്തോഷം തോന്നി: സന്തോഷ് തുണ്ടിയില്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 4th August 2024, 5:48 pm

ഇറങ്ങിയ സമയത്ത് പരാജയം രുചിക്കേണ്ടി വന്ന് കാലങ്ങള്‍ക്ക് ശേഷം മികച്ച സിനിമയെന്ന് വാഴ്ത്തപ്പെട്ട ഒന്നാണ് ദേവദൂതന്‍. 4K സാങ്കേതികവിദ്യയില്‍ റീമാസ്റ്റര്‍ ചെയ്ത് റീ റിലീസ് ചെയ്തപ്പോള്‍ പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു. തലമുറകളുടെ വ്യത്യാസമില്ലാതെ ദേവദൂതനെ സിനിമാപ്രേമികള്‍ വിജയമാക്കി മാറ്റിയിരിക്കുകയാണ്.

ആദ്യം റിലീസായപ്പോള്‍ പരാജയമായി മാറിയെങ്കിലും മോഹന്‍ലാലിന് താന്‍ ചെയ്ത സിനിമകളില്‍ ഇഷ്ടപ്പെട്ട പത്തെണ്ണത്തില്‍ ഒന്ന് ദേദവദൂതനാണെന്ന് പറയുകയാണ് ക്യാമറാമാന്‍ സന്തോഷ് തുണ്ടിയില്‍. മോഹന്‍ലാലുമായി ചെയ്ത അവസാന സിനിമയില്‍ അദ്ദേഹവുമായി സംസാരിക്കാന്‍ അവസരം കിട്ടിയപ്പോഴാണ് ഇക്കാര്യം പറഞ്ഞതെന്ന് സന്തോഷ് പറഞ്ഞു.

ബാക്കിയുള്ള സിനിമകള്‍ ഏതെല്ലാമാണെന്ന് തനിക്ക് പറയാനാകില്ലെന്നും അതൊരു പ്രൈവറ്റ് ടോക്ക് ആയിരുന്നെന്നും സന്തോഷ് പറഞ്ഞു. ദേവദൂതന്റെ കൂടെ വാനപ്രസ്ഥത്തിന്റെ പേരും പറഞ്ഞത് തനിക്ക് സന്തോഷം തന്നെന്നും സന്തോഷ് കൂട്ടിച്ചേര്‍ത്തു. ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് സന്തോഷ് തുണ്ടിയില്‍ ഇക്കാര്യം പറഞ്ഞത്.

‘ദേവദൂതനില്‍ അദ്ദേഹം ആ പാട്ടിനിടയില്‍ നടക്കുന്ന രീതിയൊക്കെ എന്നെ വല്ലാതെ അത്ഭുതപ്പെടുത്തിയ കാര്യമാണ്. ഒരു സംഗീതജ്ഞന്റെ എല്ലാ മാനറിവും അദ്ദേഹത്തില്‍ കാണാന്‍ സാധിക്കും. ലാലേട്ടന്റെ കൂടെ വര്‍ക്ക് ചെയ്ത ലാസ്റ്റ് സിനിമയില്‍ പുള്ളിയുമായി സംസാരിക്കാന്‍ അവസരം കിട്ടിയിരുന്നു. ദേവദൂതനെപ്പറ്റി സംസാരിച്ച് വന്നപ്പോള്‍ അദ്ദേഹം ചെയ്ത സിനിമകളില്‍ ഇഷ്ടപ്പെട്ട സിനിമകളിലൊന്ന് ദേവദൂതനാണെന്ന് എന്നോട് പറഞ്ഞു.

അത് കേട്ടപ്പോള്‍ സന്തോഷമായി. ബാക്കി സിനിമകള്‍ ഏതൊക്കെയാണെന്ന് പറയാന്‍ പറ്റില്ല. കാരണം, അതൊരു പ്രൈവറ്റ് ടോക്കായിരുന്നു. അങ്ങനെ പറഞ്ഞ കാര്യം എങ്ങനെ പബ്ലിക്കാക്കും? ലാലേട്ടന്‍ ചെയ്ത സിനിമകളില്‍ എനിക്ക് ഏറ്റവും ഇഷ്ടം വാനപ്രസ്ഥമാണ്. പുള്ളിയുടെ ഫേവറിറ്റ് ലിസ്റ്റില്‍ വാനപ്രസ്ഥവും ഉണ്ടെന്ന് പറഞ്ഞപ്പോള്‍ എനിക്ക് സന്തോഷമായി,’ സന്തോഷ് തുണ്ടിയില്‍ പറഞ്ഞു.

Content Highlight: Santhosh Thundiyil about Devadoothan and Mohanlal