മലയാള സിനിമയിലെ പ്രശസ്ത നിര്‍മാതാവാണ് സന്തോഷ് ടി. കുരുവിള. സംവിധായകന്‍ ആഷിഖ് അബുവിനൊപ്പമാണ് അദ്ദേഹം തന്റെ കരിയര്‍ തുടങ്ങുന്നത്. ടാ തടിയാ, ഗ്യാങ്സ്റ്റര്‍, മഹേഷിന്റെ പ്രതികാരം, മായനദി, നാരദന്‍ എന്നീ ചിത്രങ്ങളില്‍ ഇരുവരും ഒന്നിച്ച് പ്രവര്‍ത്തിച്ചിരുന്നു.
നീലവെളിച്ചം എന്ന സിനിമക്ക് ശേഷം തനിക്ക് ആഷിഖ് അബുവുമായുണ്ടായ വിയോജിപ്പുകളെ പറ്റി സന്തോഷ് കുരുവിള സംസാരിക്കുന്നു.
‘നീലവെളിച്ചം’ എന്ന ചിത്രത്തിന് ശേഷമുണ്ടായ വിയോജിപ്പുകളാണ് ആഷിഖ് അബുവില്‍ നിന്ന് മാറാന്‍ കാരണമെന്ന് സന്തോഷ് കുരുവിള പറയുന്നു. ‘മഹേഷിന്റെ പ്രതികാരം’ എന്ന ചിത്രത്തിലും തനിക്ക് സമാനരീതിയിലുള്ള അനുഭവമുണ്ടായെന്നും അദ്ദേഹം പറഞ്ഞു. ക്യാന്‍ ചാനല്‍ മീഡിയയുമായുള്ള അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സന്തോഷ് ടി. കുരുവിള.
‘സരിഗമ നിര്‍മാണ വിതരണ കമ്പനിയുമായി കമ്മിറ്റഡായിരുന്ന പ്രൊജക്റ്റാണ് നീലവെളിച്ചം. പിന്നീടതില്‍ മാറ്റമുണ്ടായി. പറഞ്ഞാല്‍ പറഞ്ഞവാക്ക് പാലിക്കണം എന്ന് നിര്‍ബന്ധമുള്ളയാളാണ് ഞാന്‍,’ അദ്ദേഹം പറഞ്ഞു.
നാരദന്‍ എന്ന ചിത്രത്തിന്റെ പരാജയത്തിന് പല കാരണങ്ങളുണ്ടെന്നും താനുള്‍പ്പെടെയുള്ള ആളുകളുടെ കാരണം കൊണ്ടുതന്നെയാണ് ചിത്രം പരാജയപ്പെട്ടതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
‘നാരദന്റെ പരാജയത്തിന് കാരണം മമ്മൂട്ടി ചിത്രം ഭീഷ്മപര്‍വ്വത്തിനൊപ്പം റീലിസ് ചെയ്തതാണ്. പിന്നെ ചാനലുകാര്‍ക്കെതിരെയുള്ള സിനിമയാണെന്ന വാര്‍ത്ത വന്നതിനാല്‍ സാറ്റ്ലൈറ്റുകാര്‍ സിനിമയെടുക്കാന്‍ തയ്യാറായില്ല,’ സന്തോഷ് കുരുവിള പറഞ്ഞു.
ബിസിനസില്‍ തനിക്ക് ശത്രുക്കളില്ലെന്നും കയറ്റവും ഇറക്കവുമതില്‍ സര്‍വസാധാരണമാണെന്നും ഇന്ന് ശത്രുക്കളായിരുന്നവര്‍ നാളെ മിത്രങ്ങളാവാം, ഇന്നു മിത്രങ്ങളാകുന്നവര്‍ നാളെ ശത്രുക്കളാകാമെന്നും അദ്ദേഹം പറഞ്ഞു.
Content Highlight: Santhosh T Kuruvila talks about the failure of Naradan movie