Entertainment
ലാലേട്ടന്റെ ആ പടത്തിന്റെ പ്രിവ്യു കണ്ടപ്പോള്‍ തന്നെ സിനിമ പോരെന്ന് സുചി ചേച്ചി പറഞ്ഞിരുന്നു: സന്തോഷ് ടി. കുരുവിള
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Dec 12, 04:21 pm
Thursday, 12th December 2024, 9:51 pm

സാജു തോമസിന്റെ തിരക്കഥയില്‍ അജോയ് വര്‍മ സംവിധാനം ചെയ്ത് 2018ല്‍ പുറത്തിറങ്ങിയ ചിത്രമാണ് നീരാളി. മോഹന്‍ലാല്‍ നായകനായി എത്തിയ ഈ സിനിമയില്‍ സുരാജ് വെഞ്ഞാറമൂട്, നദിയ മൊയ്തു തുടങ്ങിയ മികച്ച താരനിരയായിരുന്നു ഒന്നിച്ചത്.

എന്നാല്‍ ചിത്രം പ്രതീക്ഷിച്ച അത്രയും വിജയമായിരുന്നില്ല നേടിയത്. നീരാളിയുടെ പ്രിവ്യു കണ്ടപ്പോള്‍ മോഹന്‍ലാലിന്റെ പങ്കാളിയായ സുചിത്ര ‘ഈ സിനിമ പോര’ എന്ന് പറഞ്ഞിരുന്നെന്ന് പറയുകയാണ് സന്തോഷ് ടി. കുരുവിള. അദ്ദേഹം നീരാളിയുടെ നിര്‍മാതാക്കളില്‍ ഒരാളാണ്.

മോശമാകുമെന്നും സെക്കന്റ് ഹാഫ് ഡൈജസ്റ്റ് ആവുന്നില്ലെന്നുമാണ് സുചിത്ര പറഞ്ഞതെന്നും അദ്ദേഹം പറയുന്നു. ദി ക്യൂ സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഒരു ഗംഭീര സിനിമ ലാലേട്ടനെ വെച്ച് ചെയ്യണമെന്ന് വളരെ ചെറുപ്പം മുതല്‍ക്കേ ആഗ്രഹിച്ചിട്ടുള്ള ആളാണ് ഞാന്‍. അദ്ദേഹത്തിനായി നല്ല സിനിമകള്‍ എടുക്കണമെന്ന് തന്നെയാണ് ഞാന്‍ ആഗ്രഹിച്ചത്. അക്കൂട്ടത്തില്‍ പരാജയപ്പെട്ട സിനിമകളുമുണ്ട്. അതില്‍ ഒന്നാണ് നീരാളി. ആ സിനിമ യഥാര്‍ത്ഥത്തില്‍ ഞാന്‍ എടുക്കാനിരുന്ന ഒരു സിനിമ ആയിരുന്നില്ല.

എനിക്ക് പകരം ക്യാമറാമാന്‍ കുമാര്‍ സാര്‍ എടുക്കേണ്ടിയിരുന്ന സിനിമയായിരുന്നു. അദ്ദേഹത്തിന് സാമ്പത്തികമായി അതിന് പറ്റാത്ത അവസ്ഥ വന്നപ്പോഴാണ് അവസാന മിനുട്ടില്‍ എനിക്ക് ആ സിനിമ എടുക്കേണ്ടി വന്നത്. എന്നാല്‍ എനിക്ക് ആ സിനിമയില്‍ പ്രതീക്ഷ ഉണ്ടായിരുന്നു എന്നതാണ് സത്യം.

ആ സിനിമ ചെയ്തത് പുതിയ സംവിധായകനായിരുന്നു. പക്ഷെ ആര് സംവിധാനം ചെയ്യുമ്പോഴും നമുക്ക് കൂടുതല്‍ വിശ്വാസമുള്ള ചിലരെ നമ്മള്‍ ആ സിനിമയുടെ വിവിധ മേഖലകളില്‍ കൊണ്ടുവരാറുണ്ട്. ടെക്നീഷ്യന്‍സിനെയൊക്കെ അത്തരത്തില്‍ നിര്‍ബന്ധമായി വെക്കാറുണ്ടായിരുന്നു. എന്നാല്‍ നീരാളിയുടെ കാര്യത്തില്‍ അത് നടന്നില്ല.

ബോംബെയിലായിരുന്നു ആ സിനിമയുടെ ഷൂട്ട് നടന്നത്. അവര്‍ നേരത്തെ തന്നെ ഫുള്ളി സെറ്റായിരുന്നു. അതുകൊണ്ട് അതിലേക്ക് ആരേയും കൊണ്ടുവരാന്‍ കഴിഞ്ഞില്ല. നീരാളിയുടെ പ്രിവ്യു കണ്ടപ്പോള്‍ സുചി ചേച്ചി ഒരു കാര്യം പറഞ്ഞിരുന്നു. ‘ഈ സിനിമ പോര. മോശമാകും. സെക്കന്റ് ഹാഫ് ഡൈജസ്റ്റ് ആവുന്നില്ല’ എന്നായിരുന്നു പറഞ്ഞത്,’ സന്തോഷ് ടി. കുരുവിള പറഞ്ഞു.

Content Highlight: Santhosh T Kuruvila Talks About Neerali Movie And Suchithra Mohanlal