മലയാളത്തിലെ മുന്‍നിര നിര്‍മാതാക്കളില്‍ ഒരാളാണ് സന്തോഷ് ടി. കുരുവിള. ആഷിക് അബു സംവിധാനം ചെയ്ത ഡാ തടിയാ എന്ന ചിത്രത്തിന്റെ സഹനിര്‍മാതാവായാണ് അദ്ദേഹം സിനിമാലോകത്തേക്ക് കടന്നുവന്നത്.
പിന്നീട് നിരവധി മികച്ച സിനിമകളുടെ നിര്‍മാണത്തിന്റെ ഭാഗമാകാന്‍ സന്തോഷ് ടി. കുരുവിളക്ക് സാധിച്ചിരുന്നു. ഇപ്പോള്‍ മമ്മൂട്ടി ചിത്രങ്ങളായ ഭീഷ്മ പര്‍വത്തെ കുറിച്ചും ഗ്യാങ്സ്റ്ററിനെ കുറിച്ചും പറയുകയാണ് നിര്‍മാതാവ്.
ഭീഷ്മ പര്‍വമെന്ന സിനിമ മമ്മൂട്ടിയുടെ ഒരു ഗംഭീര ചിത്രമായിരുന്നെന്നും ബിഗ് ബി കഴിഞ്ഞ് മമ്മൂട്ടിയും അമല്‍ നീരദും ഒന്നിക്കുന്ന സിനിമക്ക് ആളുകള്‍ കാത്തിരിക്കുകയായിരുന്നെന്നും അദ്ദേഹം പറയുന്നു. ജിഞ്ചര്‍ മീഡിയ എന്റര്‍ടൈമെന്റ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നിര്‍മാതാവ്.
അതുപോലെ ആഷിക് അബുവും മമ്മൂട്ടിയും ചേര്‍ന്ന് ചെയ്ത സിനിമയായിരുന്നു ഡാഡി കൂളെന്നും ഇരുവരും രണ്ടാമതും ഒന്നിക്കുന്ന ഗ്യാങ്‌സ്റ്ററിനായി സിനിമാപ്രേമികള്‍ കാത്തിരിക്കുകയായിരുന്നെന്നും സന്തോഷ് ടി. കുരുവിള പറഞ്ഞു.
‘ഭീഷ്മ പര്‍വമെന്ന സിനിമ മമ്മൂക്കയുടെ ഒരു ഗംഭീര ചിത്രമായിരുന്നു. ബിഗ് ബി കഴിഞ്ഞിട്ട് മമ്മൂക്കയും അമല്‍ നീരദും തമ്മില്‍ ചേരുന്ന സിനിമക്ക് സത്യത്തില്‍ ആളുകള്‍ കാത്തിരിക്കുകയായിരുന്നു. അതുപോലെ ആഷിക് അബുവും മമ്മൂക്കയും ചേര്‍ന്ന് ചെയ്ത സിനിമയായിരുന്നു ഡാഡി കൂള്‍. ആ സിനിമ കഴിഞ്ഞ് ആഷിക് അബുവും മമ്മൂക്കയും ഒരുമിച്ചത് ഗ്യാങ്‌സ്റ്ററില്‍ ആയിരുന്നു.
ആ സിനിമക്ക് വേണ്ടിയും ജനം കാത്ത് നില്‍ക്കുകയായിരുന്നു. ഗ്യാങ്‌സ്റ്ററിന്റെ ഒന്നാം ദിവസത്തെ കളക്ഷന്‍ മലയാളം ഇന്‍ഡസ്ട്രിയിലെ അതുവരെയുള്ള ഏറ്റവും വലിയ കളക്ഷനായിരുന്നു.
അതായത് അക്കാലത്തെ ആദ്യ ദിവസത്തെ കളക്ഷന്‍ റെക്കോഡ് ആണ് ഞാന്‍ ഉദേശിച്ചത്. കാരണം ജനം ഏറെ പ്രതീക്ഷിച്ച ഒരു സിനിമയായിരുന്നല്ലോ അത്,’ സന്തോഷ് ടി. കുരുവിള പറയുന്നു.
Content Highlight: Santhosh T Kuruvila Talks About Mammootty’s Movies