ആ മമ്മൂട്ടി ചിത്രത്തിന്റെ സ്‌ക്രിപ്റ്റ് വളരെ മോശം; സിനിമ മൊത്തത്തില്‍ മോശമാണെന്ന വിശ്വാസമില്ല: സന്തോഷ് ടി. കുരുവിള
Entertainment
ആ മമ്മൂട്ടി ചിത്രത്തിന്റെ സ്‌ക്രിപ്റ്റ് വളരെ മോശം; സിനിമ മൊത്തത്തില്‍ മോശമാണെന്ന വിശ്വാസമില്ല: സന്തോഷ് ടി. കുരുവിള
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 14th April 2024, 12:37 pm

ഗ്യാങ്സ്റ്റര്‍, ടാ തടിയാ, മഹേഷിന്റെ പ്രതികാരം, മായാനദി, ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25 ഉള്‍പ്പെടെയുള്ള നിരവധി സിനിമകളുടെ നിര്‍മാതാവാണ് സന്തോഷ് ടി. കുരുവിള. മമ്മൂട്ടി ചിത്രം ‘ഗ്യാങ്സ്റ്ററി’ന്റെ പരാജയത്തിന് കാരണം അതിന്റെ തിരക്കഥയാണെന്ന് പറയുകയാണ് അദ്ദേഹം.

എങ്കിലും സിനിമ മൊത്തത്തില്‍ മോശമാണെന്ന് താന്‍ ഇപ്പോഴും വിശ്വസിക്കുന്നില്ലെന്നും സന്തോഷ് ടി. കുരുവിള കൂട്ടിചേര്‍ത്തു. ക്യു സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ‘ഗ്യാങ്സ്റ്ററി’നെ പറ്റി സംസാരിച്ചത്.

‘ഗ്യാങ്സ്റ്റര്‍ എന്റെ രണ്ടാമത്തെ സിനിമയായിരുന്നു. കാക്കനാട് ഫ്ളാറ്റില്‍ ഇരുന്നാണ് ഈ സിനിമയുടെ സ്‌ക്രിപ്റ്റ് എഴുതിയത്. അതെഴുതിയ ആളുകള്‍ ഏറ്റവും കൂടുതല്‍ കാലമിരുന്ന് എഴുതിയ സ്‌ക്രിപ്റ്റതാണ്. പക്ഷേ ആ സിനിമ പരാജയപ്പെടാന്‍ കാരണം അതിന് നല്ല ഒരു സ്‌ക്രിപ്റ്റില്ല എന്നതു തന്നെയാണ്.

അഹമ്മദ് സിദ്ദീഖ്, അഭിലാഷ് എന്നിവരായിരുന്നു അതിന്റെ റൈറ്റേഴ്സ്. അന്ന് ഓരോ തവണ ഗള്‍ഫില്‍ നിന്നു വരുമ്പോഴും കേള്‍ക്കുന്ന കഥയല്ല ഞാന്‍ അടുത്ത തവണ വരുമ്പോള്‍ കേട്ടിരുന്നത്.

ആ സിനിമയുടെ ഷൂട്ടിങ് ഇന്നും ഞാന്‍ ഓര്‍ക്കുന്നുണ്ട്. ഷൂട്ടിങ് സെറ്റില്‍ എപ്പോഴും ഓരോരുത്തരും ‘ഇന്ന് എന്നെയാണോ കൊല്ലാന്‍ പോകുന്നത്? ഇന്ന് ആര് ആരെയാണ് വെടിവെയ്ക്കാന്‍ പോകുന്നത്? ആരാണ് ഇന്നു മരിക്കുന്നത്?’ എന്നൊക്കെ ചോദിക്കുമായിരുന്നു.

സ്‌ക്രിപ്റ്റ് വളരെ മോശമാണ്. പക്ഷേ സിനിമ മൊത്തത്തില്‍ മോശമാണെന്ന് ഞാന്‍ ഇപ്പോഴും വിശ്വസിക്കുന്നില്ല. കാരണം അന്ന് ആ സിനിമ ഇറങ്ങിയ സമയത്ത് വന്നിട്ടുള്ള ഗ്യാങ്സ്റ്റര്‍ സിനിമകള്‍ വളരെ ഫാസ്റ്റ് മൂവിങ്ങാണ്.

എന്നാല്‍ ഈ സിനിമ വളരെ സ്ലോയായിരുന്നു. പിന്നെ ഈ സിനിമയില്‍ ആക്ഷന്‍ സീനുകളില്‍ ആനിമേഷനാണ് ചെയ്തത്,’ സന്തോഷ് ടി. കുരുവിള പറഞ്ഞു


Content Highlight: Santhosh T Kuruvila Talks About Mammootty’s Gangster Movie’s Script