| Friday, 3rd November 2023, 12:34 pm

ആ ചിത്രങ്ങൾ ആര് വിചാരിച്ചാലും വിജയിക്കില്ലായിരുന്നു, ഇന്റർവെലിന് മുൻപ് തന്നെ വൻപരാജയമാണെന്ന് അവർ പറഞ്ഞു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമ നിരൂപണം വലിയ ചർച്ചയായി കൊണ്ടിരിക്കുകയാണ്. വിഷയത്തെ കുറിച്ച് വ്യത്യസ്ത അഭിപ്രായമാണ് സിനിമാ മേഖലയിലും നിലനിൽക്കുന്നത്.
സിനിമ മോശമാണെങ്കിൽ എത്ര നന്നായി അതിനെ കുറിച്ച് പറഞ്ഞാലും അത് വിജയിക്കില്ലെന്നാണ് നിർമാതാവ് സന്തോഷ്‌.ടി. കുരുവിള പറയുന്നത്.

ചില നിരൂപകർ നല്ല രീതിയിൽ സിനിമയെ കുറിച്ച് അഭിപ്രായം പറയാറുണ്ടെന്നും നിരൂപകൻ ഉണ്ണി വ്ലോഗ്സിന്റെ പേര് പരാമർശിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു.
സിനിമാ റിവ്യൂ ബോംബിങ് എന്ന വിഷയത്തിൽ സൈന സൗത്ത് പ്ലസിനോട് സംസാരിക്കുകയായിരുന്നു സന്തോഷ്‌.

‘ഞാൻ ചെയ്ത സിനിമകളിൽ എനിക്ക് ഏറ്റവും ഇഷ്ടമുള്ള ചിത്രമാണ് ആർക്കറിയാം. സാമ്പത്തികമായി വലിയ ലാഭം ഉണ്ടാകാത്ത സിനിമയായിരുന്നു അത്. ഉണ്ണി സിനിമയുടെ യാഥാർത്ഥ്യത്തെ നല്ലതായി പറഞ്ഞിട്ടുണ്ട്.

സിനിമകളെ കുറിച്ച് യാഥാർഥ്യം തന്നെ പറയണം. സത്യം പറഞ്ഞാൽ ചിലപ്പോൾ എല്ലാവർക്കും ഇഷ്ടമാവണമെന്നില്ലല്ലോ. എന്റെ സിനിമയായ ഗാങ്സ്റ്റർ ഞാൻ എത്ര വിചാരിച്ചാലും വിജയിക്കില്ലായിരുന്നു. അതിന് ഉണ്ണി വ്ലോഗ് ചെയ്തിട്ടും കാര്യമില്ല.

അതുപോലെ തന്നെ നീരാളി എന്ന ചിത്രം. ആരെ വിളിച്ച് റിവ്യൂ ചെയ്പ്പിച്ചാലും അത് രണ്ട് ദിവസത്തിൽ കൂടുതൽ തിയേറ്ററിൽ ഓടില്ല. അത് ഞാൻ ചിന്തിച്ചിട്ട് കാര്യമില്ല.

ഗാങ്സ്റ്റർ ഇറങ്ങിയ ദിവസം ആദ്യത്തെ ഷോ നടത്തിയത് സവിത സരിത തിയേറ്ററിലായിരുന്നു. ഞങ്ങൾ ആ സിനിമ കണ്ടുകൊണ്ടിരിക്കുമ്പോൾ ഇന്റർവെലിന് മുൻപ് തന്നെ മലയാളത്തിലെ ഒരു പ്രമുഖ ചാനലിൽ, ഗാങ്സ്റ്റർ സിനിമ വൻപരാജയമെന്ന് എഴുതി വന്നിരുന്നു.

പിന്നെ അന്വേഷിച്ചപ്പോഴാണ് മനസിലായത്, ആ ചാനലിന് മമ്മൂക്കയുമായി എന്തോ പ്രശ്നം ഉണ്ടായിരുന്നു. പക്ഷെ ഞാനോ മമ്മൂക്കയോ സംവിധായകൻ ആഷിഖ് അബുവോ വിചാരിച്ചാൽ ആ സിനിമയെ രക്ഷിക്കാൻ ആവില്ലായിരുന്നു. കാരണം സിനിമ അത്ര വർക്ക്‌ ആയില്ലായിരുന്നു. അതുകൊണ്ടത് പരാജയപ്പെട്ടു,’ സന്തോഷ്‌. ടി. കുരുവിള പറയുന്നു.

Content Highlight: Santhosh T Kuruvila Talk About Film Reviews

We use cookies to give you the best possible experience. Learn more