മലയാളത്തിലെ മുന്‍നിര നിര്‍മാതാക്കളില്‍ ഒരാളാണ് സന്തോഷ് ടി. കുരുവിള. ആഷിക് അബു സംവിധാനം ചെയ്ത ഡാ തടിയാ എന്ന ചിത്രത്തിന്റെ സഹനിര്‍മാതാവായാണ് സന്തോഷ് ടി. കുരുവിള സിനിമാലോകത്തേക്ക് കടന്നുവന്നത്. പിന്നീട് ഒരുപിടി മികച്ച ചിത്രങ്ങള്‍ നിര്‍മിക്കുകയും ചില ചിത്രങ്ങളുടെ നിര്‍മാണ് പങ്കാളിയാവുകയും ചെയ്തിട്ടുണ്ട്.
സന്തോഷ് ടി. കുരുവിളയും ആഷിക് അബുവും ചേര്‍ന്ന് നിര്‍മിച്ച ചിത്രമായിരുന്നു നാരദന്‍. ആഷിക് അബു സംവിധാനം ചെയ്ത ചിത്രം കേരളത്തിലെ ചാനലുകളുടെ കഥയാണ് പറഞ്ഞത്. 2022ല്‍ പുറത്തിറങ്ങിയ ചിത്രം സാമ്പത്തികമായി പരാജയം നേരിട്ടു. ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് സന്തോഷ് ടി. കുരുവിള.
മമ്മൂട്ടി- അമല്‍ നീരദ് കോമ്പോ ഒന്നിച്ച ഭീഷ്മ പര്‍വത്തിനൊപ്പമായിരുന്നു നാരദന്‍ റിലീസ് ചെയ്തതെന്നും എന്നാല്‍ ആ ക്ലാഷിനോട് തനിക്ക് താത്പര്യമില്ലായിരുന്നെന്ന് സന്തോഷ് ടി. കുരുവിള പറഞ്ഞു. എന്നാല്‍ സംവിധായകന്റെ നിര്‍ബന്ധമായിരുന്നു അതെന്നും ആഷിക് അബുവിന് നാരദനില്‍ വലിയ കോണ്‍ഫിഡന്‍സുണ്ടായിരുന്നെന്നും സന്തോഷ് ടി. കുരുവിള കൂട്ടിച്ചേര്‍ത്തു.
എത്ര നല്ല നടന്മാരാണെന്ന് പറഞ്ഞാലും മമ്മൂട്ടിയും ടൊവിനോയും തമ്മിലുള്ള സ്റ്റര്‍ഡത്തിന്റെ അന്തരം തനിക്ക് അറിയാമായിരുന്നെന്നും അതുകൊണ്ടാണ് ക്ലാഷ് ഒഴിവാക്കാന്‍ ശ്രമിച്ചതെന്നും സന്തോഷ് ടി. കുരുവിള പറഞ്ഞു. ഒടുവില്‍ നാരദന്‍ തനിക്ക് സാമ്പത്തികമായി നഷ്ടമുണ്ടാക്കിയ സിനിമയായി മാറിയെന്നും സന്തോഷ് ടി. കുരുവിള കൂട്ടിച്ചേര്‍ത്തു. കാന്‍ ചാനല്‍ മീഡിയയോട് സംസാരിക്കുകയായിരുന്നു സന്തോഷ് ടി. കുരുവിള.
‘ഞാന്‍ നിര്‍മിച്ച സിനിമകളില്‍ ഏറ്റവും വലിയ പരാജയമായത് നാരദനാണ്. ആ സിനിമ മമ്മൂട്ടിയുടെ ഭീഷ്മ പര്‍വവുമായിട്ടായിരുന്നു ക്ലാഷ് വെച്ചത്. എനിക്ക് ആ ക്ലാഷിനോട് താത്പര്യമില്ലായിരുന്നു. കാരണം ബോക്‌സ് ഓഫീസ് പെര്‍ഫോമന്‍സില്‍ മമ്മൂട്ടിയും ടൊവിനോയും തമ്മിലുള്ള അന്തരം എനിക്കറിയാം. അതുകൊണ്ട് ക്ലാഷ് വേണോ എന്ന് ആഷികിനോട് ചോദിച്ചു.
അയാള്‍ക്ക് സിനിമയില്‍ കോണ്‍ഫിഡന്‍സായിരുന്നു. അപ്പുറത്തെ പടം ചെയ്യുന്നത് ആഷിക്കിന്റെ സുഹൃത്തായ അമല്‍ നീരദാണ്. ഒടുവില്‍ രണ്ട് പടങ്ങളും ഒരുമിച്ച് റിലീസായി. നാരദന്‍ വലിയ പരാജയമായി മാറി. ബാക്കി പടങ്ങളുണ്ടാക്കിയ നഷ്ടത്തെക്കാള്‍ വലുതായിരുന്നു നാരദന്‍ ഉണ്ടാക്കിയ നഷ്ടം,’ സന്തോഷ് ടി. കുരുവിള പറയുന്നു.
Content Highlight: Santhosh T Kuruvila says Naradan was the biggest loss film in his career