മോഹന്‍ലാലിന്റെ പരാജയപ്പെട്ട ചില ചിത്രങ്ങളെ കുറിച്ചും റിലീസിന് മുന്‍പ് തന്നെ പരാജയം ഉറപ്പിച്ച ചിത്രങ്ങളെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് നിര്‍മാതാവ് സന്തോഷ് ടി. കുരുവിള.
സിനിമയുടെ അവസാന ഘട്ടത്തില്‍ മാത്രം നിര്‍മാതാവാകേണ്ടി വന്ന ചിത്രത്തെ കുറിച്ചും ആ ചിത്രത്തിന്റെ പ്രിവ്യൂ കണ്ടപ്പോള്‍ തന്നെ മോഹന്‍ലാലിന്റെ ഭാര്യ സുചിത്ര ആ ചിത്രം പരാജയപ്പെടുമെന്ന് പറഞ്ഞിരുന്നെന്നുമാണ് സന്തോഷ് ടി. കുരുവിള പറയുന്നത്. ദി ക്യൂ സറ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ ലാലേട്ടനെ വെച്ച് ഒരു ഗംഭീര സിനിമ ചെയ്യണമെന്ന് വളരെ ചെറുപ്പം മുതല്‍ ആഗ്രഹിച്ച ഒരാളാണ് ഞാന്‍. ഞാന്‍ ലാലേട്ടനോട് തന്നെ പറയാറുണ്ട്, ലാലേട്ടന്റെ കല്യാണത്തിന് വിളിക്കാതെ ചെന്ന അതിഥിയാണ് ഞാനെന്ന്. സുചി ചേച്ചിയോടും പറഞ്ഞിട്ടുണ്ട്. അന്ന് ഞാന്‍ ഏഴിലോ എട്ടിലോ ആണ്. എന്റെ വീടിന്റെ തൊട്ടപ്പുറത്തുള്ള ജോണി ചേട്ടന്റെ ജീപ്പില്‍ കയറി ഞാന്‍ ലാല്‍ സാറിന്റെ കല്യാണത്തിന് പോയിട്ടുണ്ട്. ക്ഷണിച്ചിട്ടൊന്നും പോയതല്ല. ലാലേട്ടനെ വെച്ച് നല്ല സിനിമകള്‍ എടുക്കണമെന്ന് തന്നെയാണ് ആഗ്രഹിച്ചത്. അക്കൂട്ടത്തില്‍ പരാജയപ്പെട്ട സിനിമകളുണ്ട്.
നീരാളി യഥാര്‍ത്ഥത്തില്‍ ഞാന്‍ എടുക്കാനിരുന്ന സിനിമയായിരുന്നില്ല. ക്യാമറാമാന്‍ കുമാര്‍ സാര്‍ എടുക്കാന്‍ വേണ്ടി ഇരുന്ന സിനിമയായിരുന്നു. അദ്ദേഹത്തിന് സാമ്പത്തികമായി അത് എടുക്കാന്‍ പറ്റാത്ത അവസ്ഥ വന്നപ്പോള്‍ അവസാന മിനുട്ടില്‍ ഞാന്‍ എടുക്കേണ്ടി വന്ന സിനിമയാണ്.
പക്ഷേ എനിക്ക് ആ സിനിമയില്‍ പ്രതീക്ഷയുണ്ടായിരുന്നു. പിന്നെ പുതിയ സംവിധായകനായിരുന്നു. ആര് സംവിധാനം ചെയ്യുമ്പോഴും നമുക്ക് കൂടുതല്‍ വിശ്വാസമുള്ള കുറച്ചുപേരെ നമ്മള്‍ ആ സിനിമയുടെ വിവിധ മേഖലകളില്‍ വെക്കാറുണ്ട്. ടെക്‌നീഷ്യന്‍സിനെ അത്തരത്തില്‍ നിര്‍ബന്ധമായി വെക്കാറുണ്ട്.
പക്ഷേ നീരാളിയുടെ ഷൂട്ടില്‍ അത് നടന്നില്ല. കാരണം ബോംബെയിലായിരുന്നു ഷൂട്ട്. മാത്രമല്ല നേരത്തെ ഇവര്‍ ഫുള്ളി സെറ്റായിരുന്നു. അതുകൊണ്ട് അതിലേക്ക് ആരേയും വെക്കാന്‍ സാധിച്ചില്ല. അതുകൊണ്ടൊക്കെ ആയിരിക്കാം. പിന്നെ നീരാളി സിനിമയുടെ പ്രിവ്യു കണ്ടപ്പോള്‍ തന്നെ സുചി ചേച്ചി പറഞ്ഞിരുന്നു ഈ സിനിമ പോര, മോശമാകുമെന്ന്. സെക്കന്റ് ഹാഫ് ഡൈജസ്റ്റ് ആവുന്നില്ലെന്ന് അവര്‍ പറഞ്ഞിരുന്നു.
ലാലേട്ടനോട് പിന്നെ ഞാനൊരു കഥ പറയാന്‍ പോയിട്ടില്ല. പക്ഷേ ഒരു കഥയുണ്ടായിരുന്നു അത് ഞാന്‍ സൂചിപ്പിച്ചിരുന്നു. നല്ല കഥയായിരുന്നു. അതാണ് പിന്നെ 96 എന്ന സിനിമയായി തമിഴില്‍ ഇറങ്ങിയത്.
പക്ഷേ ലാലേട്ടന്‍ കമ്മിറ്റ് ചെയ്ത ഒത്തിരി സിനിമകള്‍ ഇതിനിടെ വന്നതുകൊണ്ട് അത് ചെയ്യാനായില്ല. പിന്നീട് തമിഴില്‍ വന്നതുകൊണ്ട് ആ സിനിമയുടെ സാധ്യത നഷ്ടമാകുകയും ചെയ്തു. അദ്ദേഹത്തിന് പറ്റുന്ന ഒരു സിനിമ വരുമ്പോള്‍ എനിക്കുണ്ടായ ആ പേരുദോഷം ഞാന്‍ ഉറപ്പായും നികത്തും, സന്തോഷ് ടി. കുരുവിള പറഞ്ഞു.
ബിസിനസില്‍ എന്ത് തകര്‍ച്ചയുണ്ടായാലും അതോര്‍ത്ത് കരഞ്ഞിരിക്കുന്ന ആളല്ല താനെന്നും അങ്ങനെ കരഞ്ഞിരിക്കുന്നതുകൊണ്ട് നഷ്ടപ്പെട്ടതൊന്നും തിരിച്ചുകിട്ടാന്‍ പോകുന്നില്ലെന്നും അഭിമുഖത്തില്‍ സന്തോഷ് ടി. കുരുവിള പറഞ്ഞു.
നല്ലതാണെങ്കില്‍ സിനിമ വിജയിക്കും. ഞാന്‍ ടെന്‍ഷനടിച്ചുകൊണ്ട് കാര്യമില്ല. കുറച്ചു നാള്‍ മുന്‍പ് എനിക്ക് വലിയൊരു തുക തരാനുള്ള ഒരു കമ്പനി പൊട്ടിപ്പോയി. ഏതാണ്ട് 25 കോടി രൂപ എനിക്ക് നഷ്ടമാകും. ഞാന്‍ ഈ വാര്‍ത്ത പത്രത്തില്‍ വായിച്ച് ഇങ്ങനെ ചിരിച്ചിരിക്കുകയാണ്.
ഈ അവസ്ഥയിലും എങ്ങനെയാണ് താങ്കള്‍ക്ക് ചിരിക്കാന്‍ പറ്റുന്നത് എന്ന് എന്റെ ഒരു സുഹൃത്ത് ചോദിച്ചു. ഞാന്‍ ചിരിക്കാതെ, കരഞ്ഞ് ടെന്‍ഷനടിച്ച് ചത്തുപോയാല്‍ എന്റെ ഭാര്യയ്ക്കും പിള്ളേര്‍ക്കും നഷ്ടമാകുമെന്നല്ലാതെ മറ്റേന്താണ് പ്രയോജനമെന്ന് ഞാന്‍ ചോദിച്ചു. അതാണ് കാര്യം.
സിനിമയുടെ കാര്യം പറയുകയാണെങ്കില്‍, നമ്മള്‍ നല്ല സിനിമ എടുത്താല്‍, നല്ല പബ്ലിസിറ്റി കൊടുത്താല്‍ ജനങ്ങള്‍ അംഗീകരിക്കും. ഇനി ഞാന്‍ എടുക്കുന്ന സിനിമകളെല്ലാം പുതുമുഖങ്ങളെ വെച്ചുള്ളതാണ്, പുതിയ സംവിധായകരാണ്, എനിക്ക് യാതൊരു ടെന്‍ഷനുമില്ല,’ സന്തോഷ് ടി. കുരുവിള പറഞ്ഞു.
Content Highlight: santhosh T Kuruvila about Mhanlal Flop Movie and Suchithras comment