| Tuesday, 10th October 2023, 12:01 pm

'മരക്കാറിന് അത്രയും ഹൈപ്പ് കൊടുത്തില്ലായിരുന്നെങ്കില്‍ മുടക്കിയ പണം നഷ്ടമായേനെ, ആന്റണി പെരുമ്പാവൂര്‍ ബുദ്ധിമാനായ പ്രൊഡ്യൂസര്‍ '

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന് കൊടുത്ത ഹൈപ്പിനെ കുറിച്ചും അത്തരമൊരു ഹൈപ്പ് ഇല്ലായിരുന്നെങ്കില്‍ ആ സിനിമ നേരിടുമായിരുന്ന പ്രതിസന്ധിയെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് നിര്‍മാതാവ് സന്തോഷ് ടി. കുരുവിള. മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന്റെ സഹ നിര്‍മാതാവ് കൂടിയാണ് സന്തോഷ് ടി. കുരുവിള.

മരക്കാര്‍ അത്രയും ഹൈപ്പ് ആവശ്യപ്പെട്ട ചിത്രമായിരുന്നോ എന്നും അത്ര ഹൈപ്പ് ഇല്ലായിരുന്നെങ്കില്‍ ആളുകള്‍ കുറച്ചുകൂടി ആ ചിത്രം ഏറ്റെടുക്കുമായിരുന്നില്ലേ എന്നുമുള്ള ചോദ്യത്തിനായിരുന്നു സന്തോഷ് ടി. കുരുവിളയുടെ മറുപടി. സില്ലി മോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഞാന്‍ ആ സിനിമയുടെ ചെറിയ ഭാഗമാണ്. ആന്റണിയാണ് വലിയ പ്രൊഡ്യൂസര്‍. മലയാളത്തില്‍ 30 കോടി രൂപയ്ക്ക് സിനിമയെടുക്കുന്ന കാലത്താണ് 95 കോടിയുടെ ഒരു പടം അദ്ദേഹം എടുത്തത്.

അതിന് ഇത്രയും ഹൈപ്പ് കൊടുത്തില്ലെങ്കില്‍ ഈ പൈസ എവിടുന്ന് വരും. പുറത്ത് നിന്ന് പറയുന്നവര്‍ക്ക് എന്തും പറയാം. വീടിന് പുറത്ത് നിന്ന് പറയുന്നവ് അകത്ത് നടക്കുന്ന കാര്യം അറിയില്ലല്ലോ. ഇത്രയും ഹൈപ്പ് കൊടുത്തില്ലെങ്കില്‍ ആ പൈസ എങ്ങനെ തിരിച്ചുവരും.

അന്ന് മലയാളത്തില്‍ അതിന് മുന്‍പ് ഏറ്റവും പണം മുടക്കിയ പടം ലൂസിഫറായിരുന്നു. 35 കോടിയോളമായിരുന്നു അത്. അവിടെയാണ് 95 കോടിയിലേക്ക് ഈ സിനിമയുടെ കോസ്റ്റ് വന്നത്. ആ ഹൈപ്പ് ഇല്ലായിരുന്നെങ്കില്‍ ഈ മുടക്കിയ പടം വലിയ ലോസ് ആയേനെ.

മലയാളം ഫിലിം ഇന്‍ഡസ്ട്രിയില്‍ ഏറ്റവും ബുദ്ധിമാനായ പ്രൊഡ്യൂസറാണ് അദ്ദേഹം. പുള്ളി അങ്ങനെ വലിയ മണ്ടത്തരം ചെയ്യുമെന്ന് ഞാന്‍ കരുതുന്നില്ല. ഞാന്‍ അദ്ദേഹത്തോട് ചില സജഷന്‍സ് ചോദിക്കാറുണ്ട്. മലയാളത്തിലെ ഏറ്റവും വലിയ നടന്റെ സിനിമകള്‍ ഏറ്റവും കൂടുതല്‍ എടുത്തിരിക്കുന്നത് അദ്ദേഹമാണ്.

സ്വന്തമായി അധ്വാനിച്ച് ഒരു പ്രസ്ഥാനം ഉണ്ടാക്കിയ ആളാണ്. ആ സിനിമയില്‍ ഞാന്‍ ഒരു അഭിപ്രായവും പറഞ്ഞിട്ടില്ല. കാരണം എന്റെ അഭിപ്രായത്തിന് അവിടെ സ്ഥാനമില്ല. എന്നേക്കാളും മിടുക്കരായിട്ടുള്ളവര്‍ കാര്യം ചെയ്യുമ്പോള്‍ നമ്മള്‍ സൈലന്റ് ആയി ഇരിക്കുക എന്നതാണ്. ഉറപ്പായും ആ ഹൈപ്പ് ഇത്രയും കൊടുത്തില്ലായിരുന്നെങ്കില്‍ ഇതില്‍ കൂടുതല്‍ നഷ്ടം വന്നേനെ,’ സന്തോഷ് ടി. കുരുവിള പറഞ്ഞു.

മലയാളത്തില്‍ ഏറ്റവും കൂടുതല്‍ വിപണനമൂല്യം ഉള്ള താരം മോഹന്‍ലാല്‍ ആണോ മമ്മൂട്ടിയാണോ എന്ന ചോദ്യത്തിന് ലാലേട്ടന്റേയും മമ്മൂക്കയുടെയും 25 പടം ഒരുമിച്ച് പൊട്ടിയാലും മനുഷ്യമനസില്‍ നിന്ന് അവര്‍ പോവില്ലെന്നായിരുന്നു സന്തോഷ് ടി. കുരുവിളയുടെ മറുപടി.

ഇവര്‍ പണ്ട് അഭിനയിച്ച പടങ്ങളുണ്ട്. ലാലേട്ടന്റെ കാര്യം പറഞ്ഞാല്‍ കിരീടം ചിത്രം, ഹിസ് ഹൈനസ് അബ്ദുള്ള, തേന്മാവിന്‍ കൊമ്പത്ത്, കിലുക്കം അങ്ങനെ എത്ര ഗംഭീര സിനിമകളാണ് കിടക്കുന്നത്. അതൊക്കെ ഇപ്പോഴും ആളുകളുടെ മനസില്‍ വരില്ലേ. ഹിസ് ഹൈനസ് അബ്ദുള്ളയിലെ, ചിത്രത്തിലെ, കിലുക്കത്തിലെ സേതുമാധവന്റെ രംഗങ്ങള്‍ ഓര്‍ക്കാത്ത മലയാളികള്‍ ഉണ്ടോ.

മമ്മൂക്കയുടെ കാര്യമെടുത്താല്‍ യാത്ര, നിറക്കൂട്, കാണാമറയത്ത്, ന്യൂദല്‍ഹി എത്രയെത്ര സിനിമകളാണ്. ഇവര്‍ മനുഷ്യമനസില്‍ അതുപോലെ രജിസ്റ്റര്‍ ആയി കഴിഞ്ഞു. ഇവരില്‍ ആര്‍ക്കാണ് താരമൂല്യം എന്ന് ചോദിച്ചാല്‍ പറയാന്‍ പറ്റില്ല. ഞാന്‍ അടുത്തിടെ ഇവരുമായി സിനിമ ചെയ്തിട്ടില്ല, സന്തോഷ് ടി. കുരുവിള പറഞ്ഞു.

Content Highlight: Santhosh T Kuruvila about Marakkar Arabikkadalinte simham and Antony perumbavoor

We use cookies to give you the best possible experience. Learn more