| Tuesday, 10th October 2023, 1:21 pm

സൂപ്പര്‍സ്റ്റാറുകളുടെ പടങ്ങളായ നീരാളിയും ഗാങ്സ്റ്ററും പൊട്ടി; എന്നാല്‍ ആന്‍ഡ്രോയിഡ് കുഞ്ഞപ്പനും, ന്നാ താന്‍ കേസ് കൊടും ജയിച്ചു: സന്തോഷ് ടി കുരുവിള

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

താനെടുത്ത സിനിമകളില്‍ സൂപ്പര്‍സ്റ്റാറുകളുടെ ചിത്രങ്ങള്‍ വിജയിക്കാതെ പോവുകയും എന്നാല്‍ റിസ്‌ക്കെടുത്ത് ചെയ്ത ചിത്രങ്ങള്‍ വലിയ വിജയം നേടിത്തന്നതിനെ കുറിച്ചും പറയുകയാണ് നിര്‍മാതാവായ സന്തോഷ് ടി കുരുവിള.

ആന്‍ഡ്രോയിഡ് കുഞ്ഞപ്പനും, ന്നാ താന്‍ കേസ് കൊടും വിജയിച്ചതിനെ പറ്റിയും മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെ ചിത്രങ്ങളായ നീരാളിയും ഗാങ്സ്റ്ററും വിജയിക്കാതെ പോയതിനെ പറ്റിയുമാണ് സന്തോഷ് ടി.കുരുവിള സംസാരിക്കുന്നത്.

മായാനദി, മഹേഷിന്റെ പ്രതികാരം, ഡാ തടിയ എന്നീ ചിത്രങ്ങളാണ് താന്‍ റിസ്‌കോടുകൂടി ഏറ്റെടുത്ത സിനിമകളില്‍ വിജയിച്ചതെന്നും സില്ലി മോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

‘മഹേഷിന്റെ പ്രതികാരം ഒരു ചെരുപ്പിന്റെ പ്രതികാരം പറയുന്ന കഥയാണ്. അതെടുക്കാനും കുറച്ചു റിസ്‌കുണ്ടായിരുന്നു. മാത്രമല്ല കൂടുതലും പുതുമുഖങ്ങള്‍ ഉണ്ടായിരുന്നു. പിന്നെ റിസ്‌കുണ്ടായിരുന്ന മറ്റൊരു സിനിമ ഒരു പട്ടി ഒരു കള്ളനെ കടിക്കുന്ന കഥയാണ് ‘ന്നാ താന്‍ കേസ് കൊട്’. നല്ല ടെന്‍ഷന്‍ വരുന്ന സിനിമയായിരുന്നു. പത്തരക്കോടി രൂപയോളം ചെലവായി.

ഞാനെടുത്ത സിനിമകളില്‍ ആന്‍ഡ്രോയിഡ് കുഞ്ഞപ്പനായിരുന്നു ഏറ്റവും റിസ്‌ക്. വിജയിക്കുമെന്ന് ചിന്തിക്കാന്‍ പോലും പറ്റില്ലായിരുന്നു. അഞ്ചരകോടി രൂപയായിരുന്നു ചിലവ്. ഒരു സാറ്റ്‌ലൈറ്റകാരനും അത്തരം സിനിമ എടുക്കാന്‍ ധൈര്യപ്പെടില്ലായിരുന്നു.

ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന് വേണ്ടി അതിന്റെ സംവിധായകന്‍ കാണാത്ത നടന്മാരും നടിമാരുമില്ല കുഞ്ചാക്കോ ബോബനെ പോലുള്ള താരങ്ങളെ എല്ലാം കണ്ടിരുന്നു.

ആ റിസ്‌കിനും താഴെയായിരുന്നു മഹേഷിന്റെ പ്രതികാരവും ഡാ തടിയനുമെല്ലാം. എന്നാല്‍ അധികം റിസ്‌കില്ലാതെ ഞാനെടുത്ത സിനിമയാണ് നീരാളിയും ഗാങ്സ്റ്ററും. അത് വിജയിച്ചുമില്ല. റിസ്‌കില്ല എന്ന് പറഞ്ഞാല്‍ രണ്ടും സൂപ്പര്‍സ്റ്റാറിന്റെ സിനിമകളാണ് അതുകൊണ്ട് വിജയിക്കുമെന്ന് തോന്നലുണ്ടായിരുന്നു.

അധികം പൈസയൊന്നും ആയില്ലെന്ന് ഞാന്‍ പറഞ്ഞാല്‍ ഇപ്പോഴും എന്റെ വീട്ടിലുള്ളവര്‍ സമ്മതിച്ചുതരില്ല. അവരുടെയൊന്നും കുഴപ്പം കൊണ്ടല്ല ഞാന്‍ വേണ്ടപോലെ നോക്കാതെയെടുത്തതാണ്’,സന്തോഷ് ടി കുരുവിള പറഞ്ഞു.

Content Highlight: Santhosh T Kuruvila about his Flopes and hits

Latest Stories

We use cookies to give you the best possible experience. Learn more