മോഹന്‍ലാല്‍ നായകനായ ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രം നേരിട്ട ഭീകരമായ ഡീഗ്രേഡിങ്ങിനെ കുറിച്ച് സംസാരിക്കുകയാണ് സിനിമയുടെ സഹ നിര്‍മാതാവ് സന്തോഷ് ടി. കുരുവിള. മരക്കാര്‍ സിനിമയെ ഡീ ഗ്രേഡ് ചെയ്യാന്‍ ചിലര്‍ ഒരു റൂം തന്നെ എടുത്തിരുന്നെന്നും താന്‍ ഉള്‍പ്പെടെയുള്ളവര്‍ നേരിട്ട് ചെന്നാണ് അവരെ പൊലീസിനെ കൊണ്ട് പിടിപ്പിച്ചതെന്നും സന്തോഷ് ടി. കുരുവിള പറഞ്ഞു. സില്ലി മോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ മരക്കാറിന് ഭയങ്കരമായ ഡീഗ്രേഡിങ് നേരിട്ട ഒരു സിനിമയാണ്. ഞങ്ങള്‍ തന്നെ പല പൊലീസ് സ്റ്റേഷനിലും പരാതി നല്‍കിയിരുന്നു. കാഞ്ഞിരപ്പള്ളിയില്‍ ഒരു വീട്ടില്‍ റൂം സെറ്റ് ചെയ്ത് സിനിമയ്‌ക്കെതിരെ ചിലര്‍ പ്രവര്‍ത്തിക്കുകയായിരുന്നു. അവരെ നമ്മള്‍ പൊലീസിനെ കൊണ്ട് റെയ്ഡ് ചെയ്യിപ്പിച്ചു. ഒരു ഓഫീസ് റൂം സെറ്റ് ചെയ്തിട്ടാണ് ഇത് ചെയ്യുന്നത്. അവിടെ പൊലീസുകാര്‍ക്കൊപ്പം ഞാന്‍ പോയിട്ടുണ്ട്.
എന്നാല്‍ ഗ്യാങ്‌സ്റ്റര്‍ നമ്മുടെ കയ്യില്‍ നിന്ന് വിട്ടുപോയ സിനിമയാണ്. ഞാന്‍ ആ സിനിമയുടെ പ്രിവ്യൂ ചെന്നൈയില്‍ നിന്ന് കണ്ടിട്ട് പുലര്‍ച്ചെ അഞ്ച് മണിക്ക് കൊച്ചിയില്‍ വന്ന് ലാന്‍ഡ് ചെയ്യുകയാണ്. ഞാന്‍ അവിടെ നിന്ന് നേരെ പോകുന്നത് പെരുമ്പാവൂരിലുള്ള ആന്റണി പെരുമ്പാവൂരിന്റെ വീട്ടിലേക്കാണ്. പുള്ളി അവിടെ രാവിലെ തന്നെ കാപ്പിയും കുടിച്ച് പത്രവും വായിച്ചിരിക്കുന്നു.
എങ്ങനെയുണ്ട് ചേട്ടാ സിനിമ എന്ന് എന്നോട് ചോദിച്ചു. കൈവിട്ടു പോയിട്ടുണ്ടെന്നായിരുന്നു എന്റെ മറുപടി. പോരാ എന്ന് പറഞ്ഞു. സിനിമ ഇറങ്ങുന്നതിന് മുന്‍പാണ് ഞാന്‍ ഇത് പറയുന്നത്. സിനിമ നമ്മുടെ കൈവിട്ടു പോയെന്നും പറഞ്ഞു. അത് ഡീഗ്രേഡ് ചെയ്തിട്ടാണോ പരാജയപ്പെട്ടത് എന്ന് പറയാന്‍ പറ്റില്ല. മലയാളത്തില്‍ നന്നായി കളക്ട് ചെയ്ത സിനിമയാണ് അത്. എന്റെ ഓര്‍മ ശരിയാണെങ്കില്‍ 82 ലക്ഷം രൂപകളക്ഷന്‍ വന്നിരുന്നു. പക്ഷേ മരക്കാറിന്റെ സ്ഥിതി അതായിരുന്നില്ല.
സിനിമയെ ഇത്തരത്തില്‍ തകര്‍ക്കുന്നത് ഒട്ടും ശരിയായിട്ടുള്ള കാര്യമില്ല. ഇതുകൊണ്ട് ജീവിക്കുന്ന ഒത്തിരി ആള്‍ക്കാരുണ്ട്. കാഴ്ചക്കാരായിട്ട് വെറുതെ ഇരിക്കുന്നവര്‍ക്ക് എന്തും പറയാം. സിനിമയുടെ റിവ്യൂ പോലും ആദ്യത്തെ മൂന്ന് ദിവസം ഇടരുതെന്നാണ് എന്റെ ഒരു അഭിപ്രായം.
ഇതുകൊണ്ട് ജീവിക്കുന്നവരുണ്ട്. ഇപ്പോള്‍ എന്തുകാര്യവും നമ്മള്‍ ഗൂഗിളില്‍ നോക്കിയാണ് തീരുമാനിക്കുന്നത്. കാലഘട്ടം അതാണ്. ഏറ്റവും നല്ല ഹോട്ടല്‍ ഏതാണെന്ന് ഗൂഗിള്‍ റിവ്യൂ നോക്കും. ബുക്ക് മൈ ഷോയില്‍ വരുന്ന റേറ്റിങ് എല്ലാം സിനിമയെ ബാധിക്കാറുണ്ട്. കാശ് മുടക്കിയവന്റെ ബുദ്ധിമുട്ട് നമ്മള്‍ വിചാരിക്കുന്നതിന്റെ അപ്പുറത്താണ്.
എത്രയോ പ്രതീക്ഷയില്‍ കൊണ്ടുവരുന്ന പണം നഷ്ടപ്പെടുകയാണ്. റിവ്യൂ കൊണ്ട് വിജയിക്കുന്ന ചിത്രങ്ങളും ഉണ്ട്. പക്ഷേ ഒരു മൂന്ന് ദിവസമെങ്കിലും കാത്താല്‍ പണം മുടക്കിയവന് എന്തെങ്കിലും കിട്ടുന്നെങ്കില്‍ കിട്ടിക്കോട്ടെ.
‘ആര്‍ക്കറിയം’ എന്ന സിനിമയുടെ കാര്യത്തില്‍ എനിക്കൊരു മനപ്രയാസവും ഇല്ല. അതില്‍ ബിജുമനോന്‍ ഗംഭീരമായി അഭിനയിച്ചു. പാര്‍വതിയും സൈജുവും ഷറഫുദ്ദീനുമെല്ലാം നന്നായി അഭിനയിച്ചു. പക്ഷേ വെറും അഞ്ചേകാല്‍ ലക്ഷമാണ് തിയേറ്ററില്‍ നിന്ന് ലഭിച്ചത്. അത് ഒരു ഡീഗ്രേഡിങ്ങും കാരണം വന്നതല്ല. അതേ വിധിച്ചിട്ടുള്ളൂ എന്നാണ് ഞാന്‍ കരുതുന്നത്,’ സന്തോഷ് ടി. കുരുവിള പറഞ്ഞു.
Content Highlight: Santhosh T Kuruvila about Degrading On Marakkar Arabikkadalinte Simham