മോഹന്‍ലാല്‍ ആദ്യമായി സംവിധായക കുപ്പായമണിയുന്ന ചിത്രമാണ് ബറോസ്. ബറോസിന് വേണ്ടി ഛായാഗ്രഹണം നിര്‍വഹിക്കുന്നത് സന്തോഷ് ശിവനാണ്. ഇപ്പോള്‍ ബറോസിനെ കുറിച്ച് സംസാരിക്കുകയാണ് സന്തോഷ് ശിവന്‍. ബറോസ് വളരെ ട്രിക്കിയായിട്ടുള്ള സിനിമയാണെന്നും ഒരു മാസ് സിനിമയല്ലെന്നും സന്തോഷ് ശിവന്‍ പറയുന്നു.
ചിത്രത്തില്‍ ഒരുപാട് ആഫ്രിക്കന്‍, സ്പാനിഷ് താരങ്ങളും മലയാളി താരങ്ങളും ഉണ്ടെന്നും വിദേശികള്‍ ചിത്രത്തിന്റെ ഭാഗമായതിനാല്‍ പ്രേക്ഷകര്‍ സബ്‌ടൈറ്റിലുകള്‍ വായിക്കേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതുകൊണ്ട് തന്നെ പ്രേക്ഷകര്‍ എങ്ങനെ ചിത്രം സ്വീകരിക്കുമെന്ന് അറിയില്ലെന്നും സന്തോഷ് ശിവന്‍ പറയുന്നു. ഒ.ടി.ടി പ്ലേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ബറോസ് വളരെ ട്രിക്കിയായിട്ടുള്ള ചിത്രമാണ്. അതൊരു മാസ് സിനിമയല്ല. ഒരുപാട് ആഫ്രിക്കന്‍, സ്പാനിഷ് നടന്മാരും മലയാളത്തിലെ കുറച്ചു താരങ്ങളും ഉണ്ട്. വിദേശികള്‍ ചിത്രത്തിന്റെ ഭാഗമായതിനാല്‍ പ്രേക്ഷകര്‍ സബ്‌ടൈറ്റിലുകള്‍ വായിക്കേണ്ടി വരും. അതുകൊണ്ടുതന്നെ ചിത്രം എങ്ങനെ പ്രേക്ഷകര്‍ സ്വീകരിക്കുമെന്നറിയില്ല.
കുട്ടികളെ ആകര്‍ഷിക്കുന്ന ഒരുപാട് ഫാന്റസി എലമെന്റുകള്‍ ബറോസിലുണ്ട്. എന്നാല്‍ അത് എല്ലായ്‌പ്പോഴും തിയേറ്ററുകളില്‍ വര്‍ക്ക് ചെയ്യുമോ എന്ന കാര്യം അറിയില്ല. ലാല്‍ സാറല്ല, ഒരു പെണ്‍കുട്ടിയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രം. അദ്ദേഹത്തിന്റെ കഥാപാത്രത്തില്‍ നിന്ന് വലിയ ഹീറോയിസം ഒന്നും ചിത്രത്തിലില്ല. എന്നാല്‍ അദ്ദേഹം ചെയ്യുന്ന കഥാപാത്രം ഗംഭീരമാണ്. സിനിമ നന്നായി വന്നതായി എനിക്ക് തോന്നുന്നു.
എന്തുകൊണ്ടാണ് ഈ ചിത്രം സംവിധാനം ചെയ്യാന്‍ തീരുമാനിച്ചതെന്ന് ഒരിക്കല്‍ ഞാന്‍ ലാല്‍ സാറിനോട് ചോദിച്ചിരുന്നു. അപ്പോള്‍ അദ്ദേഹം പറഞ്ഞത് ‘ഞാന്‍ ഇത് സംവിധാനം ചെയ്തില്ലെങ്കില്‍, ആരും ഒരിക്കലും ചെയ്യില്ല’എന്നാണ്. അത് സത്യമാണ്. അദ്ദേഹം വളരെ രസകരമായ ഒരു സംവിധായകനാണ്,’ സന്തോഷ് ശിവന്‍ പറയുന്നു.
Content Highlight: Santhosh Sivan Talks About Baroz Movie