കേരളത്തിന് പുറത്തേക്കും ആരാധകരുള്ള കലാകാരനാണ് സന്തോഷ് ശിവന്‍. ഛായാഗ്രഹനും സംവിധായകനുമായി നിരവധി സിനിമകളിലാണ് അദ്ദേഹം തിളങ്ങിയത്. ഉറുമി, അനന്തഭദ്രം എന്നിങ്ങനെ സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത ചിത്രങ്ങള്‍ മലയാളത്തിലെ മുന്‍നിര സിനിമകളുടെ പട്ടികയിലാണ് ഇടംപിടിച്ചിരിക്കുന്നത്.
പെരുന്തച്ചന്‍, ദളപതി, ഇരുവര്‍, ദില്‍സേ എന്നിങ്ങനെ ഛായാഗ്രഹണം നിര്‍വഹിച്ച സിനിമകള്‍ അദ്ദേഹത്തിന്റെ പേരില്‍ കൂടിയാണ് അറിയപ്പെടുന്നത്.
ഇതിനിടക്ക് ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത മകരമഞ്ഞ് എന്ന ചിത്രത്തില്‍ സന്തോഷ് ശിവന്‍ അഭിനയിക്കുകയും ചെയ്തിരുന്നു. രാജാ രവി വര്‍മയുടെ കഥ പറഞ്ഞ ചിത്രത്തില്‍ പുരുരവസ് എന്ന കഥാപാത്രത്തെയാണ് സന്തോഷ് ശിവന്‍ അവതരിപ്പിച്ചത്.
മകരമഞ്ഞില്‍ അഭിയിക്കാനെത്തിയതിനെ പറ്റി പറയുകയാണ് സന്തോഷ് ശിവന്‍. മകരമഞ്ഞിന് ശേഷം നിരവധി ചിത്രങ്ങളില്‍ അഭിനയിക്കാന്‍ ഓഫര്‍ വന്നെങ്കിലും പോയില്ലെന്നും സന്തോഷ് ശിവന്‍ കൂട്ടിച്ചേര്‍ത്തു. ബിഹൈന്‍ഡ് വുഡ്‌സ് ഐസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സന്തോഷ് ശിവന്‍.
‘ഞാന്‍ കുറച്ച് പെയ്ന്റ് ഒക്കെ ചെയ്യും. അതൊക്കെ ലെനിന്‍ രാജേന്ദ്രന് അറിയാമായിരുന്നു. പിന്നെ അദ്ദേഹത്തിന് ഇങ്ങനെയൊരു പടം ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നു. എനിക്ക് അഭിനയിച്ച് വലിയ പരിചയമൊന്നുമില്ല. ഞാന്‍ ഒരു കുട്ടികളുടെ സിനിമ ചെയ്തിട്ടുണ്ട്. അതില്‍ അവരെ അഭിനയിച്ച് കാണിച്ചുള്ള പരിചയമേ ഉള്ളൂ. അതിനെക്കുറിച്ച് കുറച്ചൊക്കെ അറിയാമായിരുന്നു. അങ്ങനെ ആ പടത്തില്‍ അഭിനയിച്ചു.
പിന്നെ എന്റെ അമ്മൂമ്മ പാരീസില്‍ പഠിപ്പിച്ചതാണ്. എന്റെ ചെറുപ്പത്തില്‍ രാജാ രവി വര്‍മയുടെ പടങ്ങളൊക്കെ കൊണ്ടു തന്ന് കഥകളൊക്കെ പറഞ്ഞ് വിഷ്വല്‍ എജുക്കേഷന്‍ തരുമായിരുന്നു. അപ്പോള്‍ രാജാ രവി വര്‍മ ഒരു ഏലിയനൊന്നുമല്ല. പെരുന്തച്ചനിലെ ഒരുപാട് ലൈറ്റിംഗ് പാറ്റേണ്‍സ് രാജാ രവി വര്‍മ പെയ്ന്റിംഗ്‌സില്‍ നിന്നെടുത്തതാണ്. അതുകൊണ്ടാണ് ആ സിനിമയില്‍ അഭിനയിച്ചത്.
അതിന് ശേഷം ഒരുപാട് പേര്‍ അഭിനയിക്കാന്‍ വിളിച്ചെങ്കിലും ഞാന്‍ പോയില്ല. ബറോസിലും അഭിനയിക്കണമെന്ന് ലാല്‍ സാര്‍ പറഞ്ഞിരുന്നു. ഞാന്‍ പറഞ്ഞു ഇല്ലെന്ന്. അണ്ണാ ഇതില്‍ ഹീറോയിനൊന്നുമില്ല, പിന്നെ ഞാന്‍ എങ്ങനെ അഭിനയിക്കുമെന്ന് പറഞ്ഞു,’ സന്തോഷ് ശിവന്‍ പറഞ്ഞു.
അതേസമയം 11 വര്‍ഷങ്ങള്‍ക്ക് ശേഷം സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ജാക്ക് ആന്‍ഡ് ജില്‍ മെയ് 20ന് തിയേറ്ററുകളിലേക്കെത്തുകയാണ്. മഞ്ജു വാര്യര്‍, കാളിദാസ് ജയറാം, സൗബിന്‍ ഷാഹിര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രം തമിഴിലും റിലീസ് ചെയ്യുന്നുണ്ട്.
Content Highlight: santhosh sivan says mohanlal had called him to act in Barroz and he said no