|

മമ്മൂട്ടിയെ വെച്ച് ഇപ്പോള്‍ സിനിമ ചെയ്യാന്‍ പ്ലാനില്ല; പൃഥ്വിയെ വെച്ച് ഒരു ചരിത്ര സിനിമ എടുക്കണമെന്നുണ്ട്: സന്തോഷ് ശിവന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പൃഥ്വിരാജിനെ വെച്ച് ഒരു ചരിത്ര സിനിമ പ്ലാന്‍ ചെയ്യുന്നതായി സിനിമാറ്റോഗ്രഫറും സംവിധായകനുമായ സന്തോഷ് ശിവന്‍.

തന്റെ ഏറ്റവും പുതിയ ചിത്രമായ ജാക്ക് ആന്‍ഡ് ജില്ലിന്റെ പ്രൊമോഷന്റെ ഭാഗമായി മലയാളം ഫില്‍മിബീറ്റിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മമ്മൂട്ടിയെ വെച്ച് ഒരു ചരിത്ര സിനിമ ചെയ്യാനുള്ള സാധ്യതയുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

”മമ്മൂട്ടിയെ വെച്ച് ഇപ്പോള്‍ അങ്ങനെ ആലോചിച്ചിട്ടില്ല. പക്ഷെ ആക്ച്വലി ഒരു ചരിത്ര സിനിമ എടുക്കണം എന്ന് ഞാന്‍ പ്ലാന്‍ ചെയ്യുന്നുണ്ട്. അത് പൃഥ്വിരാജിനെ വെച്ചാണ്.

പക്ഷെ ഒന്നും തീരുമാനിച്ച് ഉറപ്പിച്ചിട്ടില്ല. അദ്ദേഹം ഇങ്ങോട്ട് വരട്ടെ, അദ്ദേഹം യാത്രയിലല്ലേ. ആടുജീവിതം എന്നൊക്കെ പറഞ്ഞ്. തിരിച്ച് വരുമ്പോള്‍ അതിനെപറ്റി ചര്‍ച്ച ചെയ്യാം.

മമ്മൂട്ടിയെ വെച്ച് സിനിമ ചെയ്യാന്‍ പ്ലാന്‍ ഉണ്ടായിരുന്നു. പക്ഷെ ഇപ്പോള്‍ ഇല്ല,” സന്തോഷ് ശിവന്‍ പറഞ്ഞു.

മുമ്പ് അനന്തഭദ്രം, ഉറുമി എന്നിങ്ങനെ രണ്ട് ഹിറ്റ് ചിത്രങ്ങള്‍ പൃഥ്വിരാജിനെ വെച്ച് സന്തോഷ് ശിവന്‍ സംവിധാനം ചെയ്തിട്ടുണ്ട്. ഇതില്‍ അനന്തഭദ്രം ഒരു ഫാന്റസി ഫിക്ഷനും ഉറുമി ചരിത്ര പശ്ചാത്തലത്തില്‍ ഒരുങ്ങിയ സിനിമയുമായിരുന്നു.

അതേസമയം മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി സന്തോഷ് ശിവന്‍ ഒരുക്കിയ ജാക്ക് ആന്‍ഡ് ജില്‍ മേയ് 20ന് റിലീസ് ചെയ്തിരിക്കുകയാണ്.

മഞ്ജുവിനെ നായികയാക്കി സന്തോഷ് ശിവന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ജാക്ക് ആന്‍ഡ് ജില്‍. ചിത്രത്തിന്റെ ട്രെയിലറും ഏറെ ശ്രദ്ധ നേടിയിരുന്നു.

സയന്‍സ് ഫിക്ഷന്‍ കോമഡി ട്രാക്കില്‍ ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ കാളിദാസ് ജയറാം, സൗബിന്‍ ഷാഹിര്‍, നെടുമുടി വേണു, അജു വര്‍ഗീസ്, ബേസില്‍ ജോസഫ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Content Highlight: Santhosh Sivan says he plans to do a historic movie with Prithviraj not Mammootty