മലയാളികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബാറോസ്. 40 വര്‍ഷത്തെ സിനിമാജീവിതത്തില്‍ മോഹന്‍ലാല്‍ ആദ്യമായി സംവിധായക കുപ്പായമണിയുന്നു എന്നതാണ് ബാറോസിന്റെ ഏറ്റവും വലിയ പ്രത്യേകത. ചിത്രത്തിന്റെ ടൈറ്റില്‍ റോളില്‍ എത്തുന്നതും മോഹന്‍ലാല്‍ തന്നെയാണ്. മൈ ഡിയര്‍ കുട്ടിച്ചാത്തന് ശേഷം പൂര്‍ണമായും ത്രീ.ഡിയില്‍ ചിത്രീകരിക്കുന്ന സിനിമ കൂടിയാണ് ബാറോസ്.
ബറോസിനായി ക്യാമറ ചലിപ്പിച്ചത് സന്തോഷ് ശിവനാണ്. ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് സന്തോഷ് ശിവന്‍. ബറോസിന് ശേഷം ഇനിയൊരു സിനിമ മോഹന്‍ലാല്‍ സംവിധാനം ചെയ്യുമെന്ന് തോന്നുന്നില്ലെന്ന് അദ്ദേഹം പറയുന്നു. ഒ.ടി.ടി പ്ലേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സന്തോഷ് ശിവന്‍.
‘ബറോസ് വളരെ ട്രിക്കിയായിട്ടുള്ള ചിത്രമാണ്. അതൊരു മാസ് സിനിമയല്ല. ഒരുപാട് ആഫ്രിക്കന്‍, സ്പാനിഷ് നടന്മാരും മലയാളത്തിലെ കുറച്ചു താരങ്ങളും ഉണ്ട്. വിദേശികള്‍ ചിത്രത്തിന്റെ ഭാഗമായതിനാല്‍ പ്രേക്ഷകര്‍ സബ്ടൈറ്റിലുകള്‍ വായിക്കേണ്ടി വരും. അതുകൊണ്ടുതന്നെ ചിത്രം എങ്ങനെ പ്രേക്ഷകര്‍ സ്വീകരിക്കുമെന്നറിയില്ല.
കുട്ടികളെ ആകര്‍ഷിക്കുന്ന ഒരുപാട് ഫാന്റസി എലമെന്റുകള്‍ ബറോസിലുണ്ട്. എന്നാല്‍ അത് എല്ലായ്പ്പോഴും തിയേറ്ററുകളില്‍ വര്‍ക്ക് ചെയ്യുമോ എന്ന കാര്യം അറിയില്ല. ലാല്‍ സാറല്ല, ഒരു പെണ്‍കുട്ടിയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രം. അദ്ദേഹത്തിന്റെ കഥാപാത്രത്തില്‍ നിന്ന് വലിയ ഹീറോയിസം ഒന്നും ചിത്രത്തിലില്ല. എന്നാല്‍ അദ്ദേഹം ചെയ്യുന്ന കഥാപാത്രം ഗംഭീരമാണ്. സിനിമ നന്നായി വന്നതായി എനിക്ക് തോന്നുന്നു.
എന്തുകൊണ്ടാണ് ഈ ചിത്രം സംവിധാനം ചെയ്യാന്‍ തീരുമാനിച്ചതെന്ന് ഒരിക്കല്‍ ഞാന്‍ ലാല്‍ സാറിനോട് ചോദിച്ചിരുന്നു. അപ്പോള്‍ അദ്ദേഹം പറഞ്ഞത് ‘ഞാന്‍ ഇത് സംവിധാനം ചെയ്തില്ലെങ്കില്‍, ആരും ഒരിക്കലും ചെയ്യില്ല’എന്നാണ്. അത് സത്യമാണ്. അദ്ദേഹം വളരെ രസകരമായ ഒരു സംവിധായകനാണ്.
മറ്റ് ഫിലിം മേക്കേഴ്‌സില്‍ നിന്ന് അദ്ദേഹം വ്യത്യസ്തനാണ്. വേറെ സിനിമകളില്‍ നിന്നുള്ള ഷോട്ടുകളുടെ റഫറന്‍സുകള്‍ അദ്ദേഹം ഈ ചിത്രത്തില്‍ ഉപയോഗിച്ചിട്ടില്ല. ലാല്‍ സാര്‍ എന്ത് ചെയ്താലും അത് ഹൃദയത്തില്‍ നിന്ന് ചെയ്യുന്നു. അത് ശരിയോ തെറ്റോ ആകട്ടെ, അദ്ദേഹം അതിനെ കുറിച്ചോര്‍ത്ത് പിന്നീട് വിഷമിക്കില്ല. അദ്ദേഹത്തിന്റെ പ്രോസസ് വളരെ ഓര്‍ഗാനിക് ആണ്. വീണ്ടും സംവിധാനം ചെയ്യാന്‍ ലാല്‍ സാറിന് താത്പര്യമില്ലാത്തതിനാല്‍ അദ്ദേഹം വീണ്ടും സംവിധാനം ചെയ്യുമെന്ന് എനിക്ക് തോന്നുന്നില്ല,’ സന്തോഷ് ശിവന്‍ പറയുന്നു.
Content Highlight: Santhosh Sivan Says After Barroz Film Mohanlal won’t direct again