| Wednesday, 25th May 2022, 11:08 am

ബേസിക്കലി അദ്ദേഹം എജുക്കേറ്റഡാണ്; അതിന്റെ ഒരു പരിഷ്‌കാരമുണ്ട്; ക്വാളിറ്റീസ് അറിയാവുന്നത് കൊണ്ടാണ് പടത്തിലേക്കെടുത്തത്: ജാക്ക് ആന്‍ഡ് ജില്‍ വില്ലനെപറ്റി സന്തോഷ് ശിവന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത ജാക്ക് ആന്‍ഡ് ജില്‍ തിയേറ്ററുകളില്‍ റിലീസ് ചെയ്തിരിക്കുകയാണ്. സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

സന്തോഷ് ശിവന്റെ പഴയ സഹപാഠിയായിരുന്ന ആള്‍ തന്നെയാണ് ചിത്രത്തില്‍ വില്ലനായെത്തിയിരിക്കുന്നത്. അവരെ സിനിമയിലേക്ക് കാസ്റ്റ് ചെയ്തതിനെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍.

കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സന്തോഷ് ശിവന്‍.

”ബേസിക്കലി അദ്ദേഹം നല്ല എജുക്കേറ്റഡായ ഒരാളാണ്. ആര്‍.ബി.ഐ ഗവര്‍ണറായിരുന്ന രഘുറാം രാജന്റെ ക്ലാസ്‌മേറ്റ് ഒക്കെയാണ്, അങ്ങേരുടെ ആളാണ്.

അതിന്റെ ഒരു പരിഷ്‌കാരം അദ്ദേഹത്തിനുണ്ട്. അത് എല്ലാവര്‍ക്കും ഉണ്ടാകണമെന്നില്ല. പിന്നെ, ഇദ്ദേഹം മാജിക് ഒക്കെ കാണിക്കും, മാജിക് ഷോകള്‍ നടത്തും. ഇതെല്ലാം ഈ വില്ലന്‍ കഥാപാത്രത്തിന്റെയും ഭാഗമാണ്.

പിന്നെ, അദ്ദേഹത്തില്‍ എവിടെയോ വല്ലാത്ത ഒരു വില്ലനെ നമുക്ക് ഫീല്‍ ചെയ്യും. അത് കുറച്ചുകൂടെ എന്‍ഹാന്‍സ് ചെയ്തിരിക്കുകയാണ് സിനിമയില്‍.

അദ്ദേഹം യഥാര്‍ത്ഥത്തില്‍ ഭയങ്കര ഇക്കോ ഫ്രണ്ട്‌ലി ആയിട്ടുള്ള ആളാണ്. പക്ഷെ പടത്തില്‍ കണ്ട് കഴിഞ്ഞാല്‍ അടി കൊടുക്കാന്‍ തോന്നും.

അങ്ങേരുടെ ക്വാളിറ്റീസ് ഒക്കെ എനിക്ക് അറിയാവുന്നത് കൊണ്ട് അത് പടത്തിലേക്ക് എടുത്തു എന്നേയുള്ളു,” സന്തോഷ് ശിവന്‍ പറഞ്ഞു.

മെയ് 20ന് റിലീസ് ചെയ്ത ജാക്ക് ആന്‍ഡ് ജില്ലില്‍ നെടുമുടി വേണു, കാളിദാസ് ജയറാം, അജു വര്‍ഗീസ്, സൗബിന്‍ ഷാഹിര്‍, ബേസില്‍ ജോസഫ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളായെത്തുന്നത്.

Content Highlight: Santhosh Sivan about the Villain in Jack and Jill movie

We use cookies to give you the best possible experience. Learn more