മലയാള സിനിമയിലെ എക്കാലത്തെയും മികച്ച നടന്മാരിലൊരാളാണ് നെടുമുടി വേണു. ഈയിടെയുണ്ടായ അദ്ദേഹത്തിന്റെ വിയോഗം സിനിമാ ലോകത്തെ ഒന്നാകെ ഞെട്ടിച്ചിരുന്നു.
മഞ്ജു വാര്യര്‍ നായികയായ ജാക്ക് ആന്‍ഡ് ജില്‍ എന്ന സിനിമയായിരുന്നു മരണത്തിന് മുമ്പ് അദ്ദേഹം അവസാനമായി അഭിനയിച്ച സിനിമകളിലൊന്ന്. നെടുമുടി വേണുവുമൊത്തുള്ള തന്റെ ഓര്‍മകള്‍ പങ്കുവെക്കുകയാണ് ചിത്രത്തിന്റെ സംവിധായകന്‍ കൂടിയായ സന്തോഷ് ശിവന്‍.
ഫില്‍മിബീറ്റ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
”വേണുച്ചേട്ടനെ എനിക്ക് പെരുന്തച്ചന്‍ മുതല്‍ അറിയാം. പിന്നെ അനന്തഭദ്രത്തിലും അഭിനയിച്ചു.
വേണുച്ചേട്ടന്‍ സെറ്റില്‍ വരുമ്പോള്‍ എല്ലാവരോടും ഭയങ്കര സ്‌നേഹവും എല്ലാവരോടും ബഹുമാനമുള്ളയാളാണ്. അദ്ദേഹത്തോടും എല്ലാവര്‍ക്കും ഭയങ്കര ബഹുമാനമാണ്.
പെരുന്തച്ചനൊക്കെ ചെയ്യുന്ന സമയത്ത്, തിലകന്‍ ചേട്ടനും വേണുചേട്ടനും അവരുടെ നാടകങ്ങളിലെ അനുഭവങ്ങളൊക്കെ പറഞ്ഞ് നമ്മളെ ഒരുപാട് പഠിപ്പിച്ചിട്ടുണ്ട്. അവരില്‍ നിന്ന് ഒരുപാട് പഠിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇവര്‍ക്ക് ഒരു ഗുരുവിന്റെ സ്ഥാനം കൂടിയുണ്ട്.
നമ്മുടെ പടത്തിലേക്ക് വിളിക്കുമ്പോള്‍ അവര്‍ക്ക് അതിശയമൊന്നും തോന്നില്ല. സെറ്റില്‍ വരുമ്പോള്‍ പുതിയ ആളുകള്‍ക്കൊക്കെ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കിക്കൊടുക്കും.
നല്ല സ്വഭാവമുള്ള ഒരു മനുഷ്യനായിരുന്നു. എല്ലാവര്‍ക്കും വലിയ ഇഷ്ടമായിരുന്നു.
മരിച്ചു എന്ന കേട്ടപ്പോള്‍ ഞാന്‍ ഒന്ന് ഞെട്ടി. ഇപ്പോള്‍ പടത്തില്‍, സ്‌ക്രീനില്‍ കാണുമ്പോള്‍ ആ നിമിഷങ്ങളൊക്കെ ഭയങ്കരമായി ഫീല്‍ ചെയ്യും,” സന്തോഷ് ശിവന്‍ പറഞ്ഞു.
മെയ് 20നാണ് ജാക്ക് ആന്‍ഡ് ജില്‍ തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്നത്.
മഞ്ജുവിനെ നായികയാക്കി സന്തോഷ് ശിവന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ജാക്ക് ആന്‍ഡ് ജില്‍. ചിത്രത്തിന്റെ ട്രെയിലറും ഏറെ ശ്രദ്ധ നേടിയിരുന്നു.
സയന്‍സ് ഫിക്ഷന്‍ കോമഡി ട്രാക്കില്‍ ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ കാളിദാസ് ജയറാം, സൗബിന്‍ ഷാഹിര്‍, നെടുമുടി വേണു, അജു വര്‍ഗീസ്, ബേസില്‍ ജോസഫ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Content Highlight: Santhosh Sivan about Nedumudi Venu and the experience with him in Jack and Jill set