മോഹന്‍ലാലിന്റെ ആദ്യ സംവിധാന സംരംഭമാണ് ബറോസ്. മോഹന്‍ലാല്‍ എന്ന സംവിധായകനെ കുറിച്ച് ചിത്രത്തിന്റെ ക്യാമറാമാന്‍ കൂടിയായ സന്തോഷ് ശിവന്‍ പറയുന്ന ചില കാര്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്.
ബറോസിന് ശേഷം മോഹന്‍ലാല്‍ ഇനിയൊരു സിനിമ സംവിധാനം ചെയ്യാന്‍ സാധ്യതയില്ലെന്നാണ് സന്തോഷ് ശിവന്‍ പറയുന്നത്. ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലാല്‍ സാറിനെ എനിക്ക് ഒരുപാട് വര്‍ഷമായിട്ട് അറിയാം. പണ്ടൊക്കെയാണെങ്കില്‍ പടമെടുത്ത് ഞാനുമായി മത്സരിക്കുകയൊക്കെ ചെയ്യും. പാന്‍ഡമിക് സമയത്ത് അദ്ദേഹം വീട്ടില്‍ ഇരുന്ന് ഓരോ പടമെടുത്ത് എനിക്ക് അയച്ചുതരും. നല്ലതാണെങ്കിലും കൊള്ളില്ലെങ്കിലുമൊക്കെ ഞാന്‍ പറയും. സ്‌നേഹത്തിന്റെ പുറത്താണ് പറയുന്നത്.
അദ്ദേഹം ചില ഫോട്ടോകള്‍ ഫോണിലൊക്കെയായിരിക്കും എടുക്കുന്നത്. പിന്നെ അദ്ദേഹത്തിന്റെ ചെന്നൈയിലെ വീട് അതിനുള്ള സൗകര്യമുള്ള വീടാണ്. പ്രകൃതിയുടെ ഫോട്ടോസൊക്കെയാണ് എടുക്കുന്നത്. എല്ലാത്തിലും അദ്ദേഹത്തിന്റതോയ ഒറിജിലാനിറ്റി ഉണ്ട്. വിഷ്വല്‍ ഡയരക്ടറാണ് അദ്ദേഹമെന്ന് നമുക്ക് മനസിലാകും.
ബറോസ് ഷൂട്ട് തുടങ്ങിയപ്പോഴും ഏതെങ്കിലും കണ്ടിട്ട് എനിക്ക് അതുപോലെ വേണം ഇതുപോലെ വേണം എന്നൊന്നും ലാല്‍ സാര്‍ പറയില്ല. സെറ്റില്‍ എത്തി ഓര്‍ഗാനിക്കായി ഇങ്ങനെ ചെയ്യാമെന്ന് പറയും. ത്രിഡി ആയതുകൊണ്ട് തന്നെ നമുക്ക് ഇതിനെ കുറിച്ച് കൂടുതല്‍ അറിയില്ല. മനസുപറയുന്നതുപോലെ ക്യാമറയും പോകും. അത് ചെയ്യേണ്ടത് നമ്മുടെ ജോലിയാണ്.
പിന്നെ ത്രിഡിക്ക് ഒരുപാട് ലൈറ്റൊക്കെ വേണം. നമ്മള്‍ വിചാരിക്കുന്നതുപോലെ സാധാരണ ക്യാമറയില്‍ ഷൂട്ട് ചെയ്യുന്നത് പോലെയല്ല കാര്യങ്ങള്‍. ലാല്‍ സാര്‍ ഒരു വിഷ്വല്‍ ഡയരക്ടറാണ്. അദ്ദേഹത്തിനൊപ്പം വര്‍ക്ക് ചെയ്യുന്നത് ഇന്ററസ്റ്റിങ് ആണ്. പിന്നെ ചാലഞ്ചസ് എനിക്കും ഇഷ്ടമാണ്.
ഇരുവര്‍ സിനിമ ചെയ്തപോലെ ബറോസിലേയും എല്ലാ ഷോട്ടും ചലഞ്ചിങ് ആയിരുന്നു. വി.എഫ്.എക്‌സും മാജിക് റിയലിസവും ഉണ്ട്. പിന്നെ ലാല്‍ സാറിന് ഇതൊരു പക്കാ കൊമേഴ്‌സ്യല്‍ പടമായിട്ട് ചെയ്യണമെന്ന് ആഗ്രഹമൊന്നും ഇല്ല. എനിക്ക് തോന്നുന്നില്ല ബറോസ് കഴിഞ്ഞിട്ട് അദ്ദേഹം വേറൊരു പടം ഡയരക്ട് ചെയ്യുമെന്ന്. അങ്ങനെയാരു ഇന്ററസ്റ്റ് ഒന്നും അദ്ദേഹത്തിന് ഇല്ല. പക്ഷേ അദ്ദേഹത്തിന് ഇഷ്ടപ്പെട്ട എന്തെങ്കിലും വന്നാല്‍ തീര്‍ച്ചയായും ചെയ്യും. അതിനുള്ള 100 ശതമാനം കഴിവ് അദ്ദേഹത്തിനുണ്ട്. ബറോസില്‍ തീര്‍ച്ചയായും ലാലേട്ടന്റെ സിഗ്നേച്ചര്‍ ഉണ്ട്. പറഞ്ഞ് അതിന്റെ രസം കളയുന്നില്ല, സന്തോഷ് ശിവന്‍ പറഞ്ഞു.
Content Highlight: Santhosh Sivan about Mohanlal Directorial debut