|

എന്റെ സിനിമകളില്‍ ആ രജിനികാന്ത് ചിത്രത്തിലെ ഫ്രെയിമുകളെപ്പറ്റി പലരും സംസാരിക്കാറുണ്ട്: സന്തോഷ് ശിവന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഇന്ത്യന്‍ സിനിമയിലെ മികച്ച ഛായാഗ്രഹകരിലൊരാളാണ് സന്തോഷ് ശിവന്‍. 1986ല്‍ ഒരു നിധിയുടെ കഥ എന്ന ചിത്രത്തിലൂടെയാണ് സന്തോഷ് ശിവന്‍ തന്റെ സിനിമാജീവിതം ആരംഭിച്ചത്. പിന്നീട് തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളില്‍ തന്റെ സാന്നിധ്യമറിയിക്കാന്‍ സന്തോഷ് ശിവന് സാധിച്ചു. മികച്ച ഛായാഗ്രഹകനുള്ള ദേശീയ അവാര്‍ഡ് നാല് തവണ സന്തോഷ് ശിവനെ തേടിയെത്തിയിരുന്നു.

താന്‍ ക്യാമറ ചെയ്ത സിനിമകളില്‍ ഇന്നും പലരും ചര്‍ച്ച ചെയ്യുന്ന ഫ്രെയിമിനെക്കുറിച്ച് സംസാരിക്കുകയാണ് സന്തോഷ് ശിവന്‍. മണിരത്‌നം സംവിധാനം ചെയ്ത ദളപതിയില്‍ രജിനികാന്തിന്റെ ബാക്ക്ഗ്രൗണ്ടില്‍ സൂര്യനെ കാണുന്ന ഫ്രെയിമിനെപ്പറ്റി ഇന്നും പലരും സംസാരിക്കുന്നത് കാണാറുണ്ടെന്ന് സന്തോഷ് ശിവന്‍ പറഞ്ഞു. പലരുടെയും ചര്‍ച്ചയില്‍ ആ ഫ്രെയിം വരാറുണ്ടെന്നും അതെല്ലാം സന്തോഷം തരാറുണ്ടെന്നും സന്തോഷ് ശിവന്‍ കൂട്ടിച്ചേര്‍ത്തു.

ബാറോസില്‍ ഒരു ഷോട്ടും വലിയ ചലഞ്ചായി തോന്നിയിട്ടില്ലെന്നും സന്തോഷ് ശിവന്‍ പറഞ്ഞു. ഒരു വലിയ ചലഞ്ചായി തോന്നിയാല്‍ മാത്രമേ അത്തരം ഷോട്ടുകള്‍ എടുക്കാന്‍ പ്രയാസമുണ്ടാകുള്ളൂവെന്നും തനിക്ക് ബാറോസില്‍ അങ്ങനെ തോന്നിയിട്ടില്ലെന്നും സന്തോഷ് ശിവന്‍ കൂട്ടിച്ചേര്‍ത്തു. ഇരുവരൊക്കെ ചെയ്യുന്ന സമയത്ത് ടെക്‌നോളജിയുടെ സഹായമില്ലാതെ ചെയ്ത പല കാര്യങ്ങളും ഇപ്പോള്‍ സഹായകരമായി തോന്നിയിട്ടുണ്ടെന്നും സന്തോഷ് ശിവന്‍ പറഞ്ഞു. ധന്യാ വര്‍മയുമായി സംസാരിക്കുകയായിരുന്നു സന്തോഷ് ശിവന്‍.

‘ഞാന്‍ ക്യാമറ ചെയ്ത പടങ്ങളില്‍ ഇന്നും പലരും സംസാരിക്കുന്നത് ദളപതിയെപ്പറ്റിയാണ്. അതില്‍ രജിനികാന്തിനെ സൂര്യന്റെ ബാക്ക്ഗ്രൗണ്ടില്‍ കാണിക്കുന്ന ഒരു ഷോട്ട് ഉണ്ട്. ഇന്നും എന്നെപ്പറ്റി സംസാരിക്കുമ്പോള്‍ പലരും ആ ഒരു ഫ്രെയിമിനെപ്പറ്റി ചര്‍ച്ച ചെയ്യാറുണ്ട്. അതിന് എന്തോ വലിയ പ്രത്യേകതയുണ്ടെന്ന് പലരും പറഞ്ഞ് കേള്‍ക്കാറുണ്ട്.

അതുപോലെ ബാറോസില്‍ പല ഷോട്ടും എനിക്ക് ചലഞ്ചായി തോന്നിയിട്ടില്ല. ‘ഇത് വലിയൊരു പണിയാണ്, എങ്ങനെയെടുക്കും’ എന്നൊക്കെ ചിന്തിച്ചാല്‍ മാത്രമേ അത് ഒരു ചലഞ്ചായി തോന്നുള്ളൂ. നമ്മളൊക്കെ പണ്ടുമുതലേ ഈ ഫീല്‍ഡില്‍ പല തരത്തിലുള്ള പടങ്ങള്‍ ചെയ്തിട്ടാണല്ലോ ഇതിലേക്ക് എത്തുന്നത്. ഇരുവര്‍ എന്ന സിനിമ ചെയ്യുന്ന സമയത്ത് ടെക്‌നോളജിയൊന്നും നമുക്ക് അത്രക്ക് ഉണ്ടായില്ല. അന്ന് അതുപോലുള്ള സിനിമ ചെയ്തതുകൊണ്ട് ഇന്ന് അധികം ചലഞ്ചായി തോന്നാറില്ല,’ സന്തോഷ് ശിവന്‍ പറയുന്നു.

Content Highlight: Santhosh Sivan about his most favorite frame