അനുകരിക്കുന്നത് വ്യക്തി അധിക്ഷേപമല്ല; സുരാജിനെതിരായ സന്തോഷ് പണ്ഡിറ്റിന്റെ ഹരജി തള്ളി ഹൈക്കോടതി
Kerala News
അനുകരിക്കുന്നത് വ്യക്തി അധിക്ഷേപമല്ല; സുരാജിനെതിരായ സന്തോഷ് പണ്ഡിറ്റിന്റെ ഹരജി തള്ളി ഹൈക്കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 6th October 2023, 8:47 pm

കൊച്ചി: നടന്‍ സുരാജ് വെഞ്ഞാറമൂടിനെതിരെ സന്തോഷ് പണ്ഡിറ്റ് നല്‍കിയ
ഹരജി ഹൈക്കോടതി തള്ളി. മിമിക്രിയിലൂടെ സൂരാജ് തന്നെ അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് സന്തോഷ് പണ്ഡിറ്റ് ഹരജി നല്‍കിയത്. അനുകരണം വ്യക്തിപരമായ അധിക്ഷേപമല്ലെന്ന് ചൂണ്ടിക്കാണിച്ചാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്.

ഹരജി നിലനില്‍ക്കുന്നതല്ലെന്ന വിലയിരുത്തിയ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവില്‍ നിയമ വിരുദ്ധതയില്ലെന്ന് ഹൈക്കോടതി പറഞ്ഞു. സുരാജ് വെഞ്ഞാറമൂട് സ്വന്തം പേര് പറഞ്ഞാണ് പരിപാടി അവതരിപ്പിച്ചത്. അനുകരണ കല വ്യക്തിത്വത്തെ അപമാനിക്കുന്നതല്ല. അതിനാല്‍ ഹരജിയില്‍ ചൂണ്ടിക്കാണിച്ച ആള്‍മാറാട്ടമാണെന്ന ആരോപണം നിലനില്‍ക്കുന്നതല്ലെന്നും കോടതി ഉത്തരവില്‍ പറയുന്നു.

മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്ത മിമിക്രി മഹാമേള എന്ന പരിപാടിയിലൂടെ വ്യക്തി അധിക്ഷേപം നടത്തിയെന്നായിരുന്നു സന്തോഷ് പണ്ഡിറ്റിന്റെ പരാതി. സ്വകാര്യ അന്യായത്തില്‍ കേസെടുക്കാനാവില്ലെന്ന ചേര്‍ത്തല ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവിനെതിരെയാണ് സന്തോഷ് പണ്ഡിറ്റ് ഹൈക്കോടതിയെ സമീപിച്ചിരുന്നത്.