| Friday, 30th December 2016, 3:48 pm

നോട്ട് നിരോധനത്തില്‍ മോദിയെ പിന്തുണയ്ക്കുന്നവരുടെ പട്ടികയിലേക്ക് സന്തോഷ് പണ്ഡിറ്റും : കള്ളപ്പണക്കാരുടെ പണി പാളും

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: നോട്ട് നിരോധനത്തില്‍ നിലപാട് വ്യക്തമാക്കി സിനിമാ താരം സന്തോഷ് പണ്ഡിറ്റ്. പണം മാറ്റിയെടുക്കാന്‍ വേണ്ടി താനും ബാങ്കിന് മുന്നില്‍ ക്യൂ നില്‍ക്കേണ്ടി വന്നിട്ടുണ്ടെന്നും രാജ്യത്തിന്റെ നന്മയ്ക്ക് വേണ്ടിയാണല്ലോ എന്നാലോചിച്ചപ്പോള്‍ മുഷിഞ്ഞില്ലെന്നും പണ്ഡിറ്റ് പറയുന്നു.

പ്രധാനമന്ത്രിയുടെ നോട്ട് നിരോധനം രാജ്യപുരോഗതിക്ക് വേണ്ടിയാണല്ലോ എന്നോര്‍ക്കുമ്പോള്‍ നല്ല കാര്യമായാണ് തനിക്ക് തോന്നുന്നത്. ഇതുമൂലം രാജ്യത്തെ കളളപ്പണക്കാരുടെ മൊത്തം പണിപാളുമെന്നുറപ്പാണ്.

നോട്ട് നിരോധിച്ചത് നല്ല തീരുമാനമാണ്. എന്നാല്‍ വേണ്ട മുന്‍കരുതല്‍ സ്വീകരിച്ചില്ലെന്ന പരാതിയുണ്ട്. തന്റെ ആറാമത് ചിത്രമായ ഉരുക്ക് സതീശന്റെ ചിത്രീകരണത്തിനിടെ പണത്തിന് വേണ്ടി താനും ബാങ്കിന് മുന്നില്‍ ക്യൂ നിന്നിട്ടുണ്ട്. സഹകരണ പ്രസ്ഥാനങ്ങളില്‍ കളളപ്പണമുണ്ടെന്നത് വെറും ആരോപണം മാത്രമാണെന്നും പണ്ഡിറ്റ് പറയുന്നു.

നോട്ട് നിരോധനം വന്നതോടെ തീയ്യറ്ററില്‍ ആള് കയറുന്നത് കുറഞ്ഞു. ഇതോടെ നിര്‍മ്മാതാക്കളും വിതരണക്കാരും തീയ്യറ്റര്‍ ഉടമകളും പ്രതിസന്ധിയിലായി. താന്‍ എല്ലാ ജോലികളും ഒറ്റക്ക് ചെയ്യുന്നത്  കൊണ്ട് എല്ലാവരുടെയും വേദനകള്‍ തനിക്ക് മനസിലാകുമെന്നുമെന്നും പണ്ഡിറ്റ് പറഞ്ഞു.

ഇപ്പോള്‍ ഉണ്ടായിരിക്കുന്ന സിനിമാ സമരം തന്റെ സിനിമയെ ബാധിച്ചിട്ടില്ലെന്നും ഡിസംബര്‍ ഒന്‍പതിന് റിലീസ് ചെയ്ത ചിത്രം നീലിമ നല്ല കുട്ടിയാണ് ഇതിനോടകം മുടക്ക് മുതല്‍ തിരിച്ച് പിടിച്ചെന്നും സന്തോഷ് പണ്ഡിറ്റ് പറഞ്ഞു.

We use cookies to give you the best possible experience. Learn more