ബിസിനസ് ഉദ്ദേശിച്ചാണ് താന്‍ സിനിമയിറക്കുന്നത്, അല്ലാതെ കലാസ്‌നേഹം കൊണ്ടൊന്നുമല്ലെന്ന് ഫിലിംമേക്കര്‍ സന്തോഷ് പണ്ഡിറ്റ്. കലാസ്‌നേഹം പറഞ്ഞ് സിനിമയെടുക്കുന്നവര്‍ എന്തിനാണ് കോടികള്‍ പ്രതിഫലം പറ്റുന്നതും പുരസ്‌കാരം ലഭിക്കാതെ വരുമ്പോള്‍ കരയുന്നതുമെന്നും സന്തോഷ് പണ്ഡിറ്റ് ചോദിക്കുന്നു.
തന്റെ സിനിമയില്‍ ആശ്ലീലവും, കള്ളുകുടിയും കഞ്ചാവുമില്ല. പെണ്‍കുട്ടികളുടെ വസ്ത്രത്തിന് നീളക്കുറവുണ്ടെന്നുള്ള പ്രശ്‌നമേയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി. മലയാള മനോരമ ഓണ്‍ലൈനിനു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.
തനിക്കല്ല മലയാളികളുടെ സദാചാര ബോധത്തിനാണു കുഴപ്പമെന്നും സന്തോഷ് പണ്ഡിറ്റ് സൂചിപ്പിച്ചു. ചിത്രത്തിലെ ഗാങ്ങളെക്കുറിച്ച് പറയുമ്പോഴായിരുന്നു അദ്ദേഹം ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
ചിത്രത്തിലെ ദേവി ശ്രീദേവി എന്നു തുടങ്ങുന്ന ഗാനത്തെക്കുറിച്ച് പ്രേക്ഷകരില്‍ നിന്നും വളരെ നല്ല അഭിപ്രായമാണ് ലഭിക്കുന്നത്. എന്നാല്‍ പണം വരും എന്ന് തുടങ്ങുന്ന പാട്ടാണ് യൂട്യൂബില്‍ ഹിറ്റായത്. അതില്‍ അഭിയനിക്കുന്ന പെണ്‍കുട്ടിയുടെ വസ്ത്രത്തിന് ഇറക്കം കുറവാണ് എന്നതാണ് ഇതിനു കാരണമെന്നും സന്തോഷ് പണ്ഡിറ്റ് വിശദീകരിക്കുന്നു.
“പത്തുലക്ഷം പേര്‍ യൂട്യൂബില്‍ ആ പാട്ട് കണ്ടു. ലക്ഷക്കണക്കിനു രൂപ ഇതിലൂടെ വരുമാനം ലഭിച്ചു. എന്നാല്‍ നല്ല പാട്ട് കണ്ടത് പതിനയ്യായിരം പേര്‍ മാത്രമാണ്. അപ്പോള്‍ പറയൂ എനിക്കാണോ കുഴപ്പം? അതോ മലയാളികളുടെ സദാചാര ബോധത്തിനാണോ?” സന്തോഷ് പണ്ഡിറ്റ് ചോദിക്കുന്നു.
ടിന്റുമോന്‍ ഒരു കോടീശ്വരന്‍ എന്ന തന്റെ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇത്ര വലിയ തിരക്ക് പ്രതീക്ഷിച്ചില്ലെന്നും സന്തോഷ് പണ്ഡിറ്റ് വ്യക്തമാക്കി.